Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

ഫോട്ടോ കാണിച്ചപ്പോൾ പതർച്ചയോടെ ബന്ധു പറഞ്ഞത് ഇങ്ങനെ ഒരാളെ കണ്ടില്ലെന്ന്; പ്രതി മനസ്സിലാക്കിയത് മറ്റൊരു വിധത്തിൽ; പൊലീസ് വീടുവളഞ്ഞുവെന്ന അബദ്ധ ധാരണയിൽ ഇറങ്ങി ഓടി കൈയിൽ വിലങ്ങുവാങ്ങി; ആ പീഡകൻ ആളുചില്ലറക്കാരനല്ല; മാർട്ടിൻ ജോസഫിന്റെ ആഡംബര ജീവിതത്തിന് പിന്നിൽ മണിചെയിൻ

ഫോട്ടോ കാണിച്ചപ്പോൾ പതർച്ചയോടെ ബന്ധു പറഞ്ഞത് ഇങ്ങനെ ഒരാളെ കണ്ടില്ലെന്ന്; പ്രതി മനസ്സിലാക്കിയത് മറ്റൊരു വിധത്തിൽ; പൊലീസ് വീടുവളഞ്ഞുവെന്ന അബദ്ധ ധാരണയിൽ ഇറങ്ങി ഓടി കൈയിൽ വിലങ്ങുവാങ്ങി; ആ പീഡകൻ ആളുചില്ലറക്കാരനല്ല; മാർട്ടിൻ ജോസഫിന്റെ ആഡംബര ജീവിതത്തിന് പിന്നിൽ മണിചെയിൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാർട്ടിൻ ജോസഫിനെ പൊലീസ് വലയിലാക്കിയതിന് പിന്നിൽ പ്രതിക്കുണ്ടായ മണ്ടൻ സംശയം. ഇല്ലെങ്കിൽ ഇപ്പോഴും ഒളിവിൽ തന്നെ തുടരമായിരുന്നു. പൊലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താൻ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോൾ മാർട്ടിൻ കരുതിയത് മഫ്തി പൊലീസ് വീടുവളഞ്ഞെന്നാണ്. മാർട്ടിനെ കണ്ടിട്ടില്ലെന്നു വീട്ടുടമസ്ഥൻ മറുപടി നൽകിയപ്പോൾ പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോകാനൊരുങ്ങി. ഇതറിയാതെ, പൊലീസ് വീടുവളഞ്ഞെന്നു കരുതി മാർട്ടിൻ പിൻവാതിലിലൂടെ ഇറങ്ങിയോടി. പൊലീസ് പിന്നാലെയും!

ഓരോ പൊലീസുകാരന്റെയും നേതൃത്വത്തിൽ പത്തോളം നാട്ടുകാരടങ്ങുന്ന സംഘമാണ് മുണ്ടൂരിനടുത്തുള്ള കിരാലൂരിൽ മാർട്ടിനെ തിരയാനിറങ്ങിയത്. പൊലീസും 5 നാട്ടുകാരുമടങ്ങിയ സംഘം പല വീടുകൾ കയറിയിറങ്ങി ചെമ്മാഞ്ചിറയിലെ ഒരു വീടിനു മുന്നിലെത്തി. മാർട്ടിന്റെ ഫോട്ടോ കാണിച്ചപ്പോൾ പതർച്ചയൊന്നുമില്ലാതെ വീട്ടുകാരൻ പറഞ്ഞു, 'ഇങ്ങനെയൊരാളെ കണ്ടിട്ടില്ല.' ആ വീട്ടിലായിരുന്നു 2 ദിവസമായി മാർട്ടിൻ ഒളിവിൽ കഴിഞ്ഞത്. മാർട്ടിന്റെ അകന്ന ബന്ധുവായിരുന്നു വീട്ടുടമസ്ഥൻ.

എന്നാൽ വീടിനുള്ളിൽ നിന്നു തലപൊക്കി നോക്കിയപ്പോൾ മാർട്ടിൻ കരുതി 'മഫ്തി' സംഘം വീടുവളഞ്ഞെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ പിൻവാതിലിലൂടെ ഇറങ്ങിയോടി. ഒരു കാര്യവുമില്ലാതെ ഒരാൾ ഓടുന്നതു കണ്ട റാഫിയും സംഘവും പിന്നാലെ കുതിച്ചു. സമീപത്തെ പാടം വഴിയോടി മാർട്ടിൻ കാടുമൂടിയ ചതുപ്പിൽ പതുങ്ങി. അങ്ങനെ പ്രതി പിടിയിലായി. മാർട്ടിൻ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്‌സാപ്പിലൂടെ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞതാണ് ഈ പ്രദേശത്തെ ഒളിവു ജീവിതത്തിന്റെ സൂചന പൊലീസിന് നൽകിയത്.

ഈ നമ്പർ പിന്തുടർന്നപ്പോൾ തൃശൂർ ദിശയിൽ സഞ്ചരിക്കുന്നതായി മനസ്സിലായി. മാർട്ടിന്റെ ബിഎംഡബ്ല്യു കാറിൽ മാർട്ടിനെ സുഹൃത്ത് മുണ്ടൂർ വഴി കിരാലൂരിലെത്തിച്ചു. മാർട്ടിനെ ഇറക്കിയശേഷം കാർ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ചു. ഈ കാറും മാർട്ടിനെ സഹായിക്കാൻ കൂട്ടാളികൾ സഞ്ചരിച്ച മറ്റൊരു കാറും 2 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കൾ പിടിയിലായ വിവരം മാർട്ടിൻ ആദ്യം അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായപ്പോൾ അന്വേഷിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് മാർട്ടിന്റെ ലൊക്കേഷൻ ഏറെക്കുറെ പൊലീസ് തിരിച്ചറിഞ്ഞത്.

മാർട്ടിൻ ജോസഫ് ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടിലാണന്നാണ് സൂചന. പിന്നീട് മണി ചെയിൻ തട്ടിപ്പുംനടത്തി. വിദേശത്തായിരുന്ന മാർട്ടിൻ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയത്. പൊലീസിനെ കബളിപ്പിച്ചായിരുന്നു എല്ലാ ഇടപാടുകളും. അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാർട്ടിൻ എറണാകുളത്തേക്കു താമസംമാറ്റി. മാർട്ടിന്റെ സുഹൃത്ത് തൃശ്ശൂരിൽ തുടങ്ങിയ മണി ചെയിൻ കമ്പനിയിലും ഇയാൾ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. മണി ചെയിൻ കമ്പനിയുടെ ഉടമയായ സുഹൃത്ത് ഇപ്പോൾ വിദേശത്താണ്. മാർട്ടിനിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനമാണ് ഇടയ്ക്കിടെ നാട്ടിൽ വരുന്ന ഈ സുഹൃത്ത് ഉപയോഗിച്ചിരുന്നത്.

അതിനിടെ മാർട്ടിൻ ജോസഫ് കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണോ എന്ന അന്വേഷണവുമായി പൊലീസ് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മാർട്ടിനെതിരെ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികളുള്ളവർ സിറ്റി പൊലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള നോട്ടിസും പൊലീസ് പുറത്തിറക്കി. ഇയാൾ ഉൾപ്പെട്ട സംഘം കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. നിലവിൽ മറ്റൊരു യുവതി കൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്.

പ്രതിയെ ഇന്നലെ പുലർച്ചെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചത്. തുടർന്നു പ്രതിയെ പീഡനം നടന്ന മറൈൻ ഡ്രൈവിലെ പുറവങ്കര ഫ്‌ളാറ്റിലെത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തി. ഇവിടെ വച്ചു മാർട്ടിൻ മാധ്യമങ്ങൾക്കു മുന്നിൽ കുറ്റം നിഷേധിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും മാർട്ടിൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തൃശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28) എന്നിവർക്കെതിരെ പ്രതിയെ സഹായിച്ച കുറ്റം ചുമത്തിയതായി കമ്മിഷണർ പറഞ്ഞു. ഇതിൽ ശ്രീരാഗ് മുൻപ് കഞ്ചാവു കേസിൽ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP