Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറയൂരിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കിയത് മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിനിടെ; വെട്ടിയും കുത്തിയും 70കാരനെ കൊന്ന ശേഷം ചാക്കിലാക്കി ഉപേക്ഷിച്ചത് 26കാരനും 65കാരനും ചേർന്ന്; മൃതദേഹത്തിലുള്ളത് 28ഓളം വെട്ടേറ്റ പാടുകൾ: ജ്യോത്സ്യനായ മാരിയപ്പനെ കൊലപ്പെടുത്തിയത് ഉറ്റ ചങ്ങാതിയും വാടകക്കാരനും ചേർന്ന്

മറയൂരിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കിയത് മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിനിടെ; വെട്ടിയും കുത്തിയും 70കാരനെ കൊന്ന ശേഷം ചാക്കിലാക്കി ഉപേക്ഷിച്ചത് 26കാരനും 65കാരനും ചേർന്ന്; മൃതദേഹത്തിലുള്ളത് 28ഓളം വെട്ടേറ്റ പാടുകൾ: ജ്യോത്സ്യനായ മാരിയപ്പനെ കൊലപ്പെടുത്തിയത് ഉറ്റ ചങ്ങാതിയും വാടകക്കാരനും ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ: മറയൂരിൽ 70കാരനെ കൊന്ന് ചാക്കിലാക്കിയത് ഉറ്റ സുഹൃത്തും വാടകക്കാരനും ചേർന്ന്. മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കമാണ് മാരിയപ്പന്റെ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ എരുമേലി ശാന്തിപുരം സ്വദേശി ആലയിൽ വീട്ടിൽ മിഥുൻ(26), മറയൂർ ബാബുനഗർ സ്വദേശി അൻപഴകൻ(65) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുക ആയിരുന്നു. ഇന്നലെ രാവിലെ 6ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ തന്നെ ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു.

മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവാണ് മാരിയപ്പൻ. ജ്യോത്സ്യനായ മാരിയപ്പൻ തമിഴ്‌നാട്ടിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരിൽ എത്തിയ മാരിയപ്പൻ വീട്ടിലേക്ക് പോകാതെ, പതിവു പോലെ സമീപത്തുള്ള സുഹൃത്ത് അൻപഴകന്റെ വീട്ടിലാണ് എത്തിയത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഇവർക്കൊപ്പം ഉണ്ടായിരുന്നു. രാത്രി ഒൻപതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാൻ കിടന്നു.

മദ്യ ലഹരി വിട്ട മിഥുൻ രാത്രി ഒരു മണിക്ക് വീണ്ടും ഉണർന്നു. ഇയാൾ വീണ്ടും മദ്യപിക്കാൻ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ മാരിയപ്പൻ തയ്യാറായില്ല. ഇതിന്റെ പേരിൽ മാരിയപ്പനുമായി മിഥുൻ വഴക്കിട്ടു. തുടർന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പൻ കൊലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. മിഥുൻ, മാരിയപ്പനെ കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അൻപഴകനും കൂടി വീടിന് 200 മീറ്റർ അകലെ കെഎസ്ഇബി ഓഫിസിനു പിൻഭാഗത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്.

ഇന്നലെ രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവും സ്ഥലത്തെത്തി. തൊടുപുഴ ഡിവൈഎസ്‌പി: കെപി.ജോസ്, മറയൂർ സിഐ വി.ആർ. ജഗദീഷ്, മൂന്നാർ സിഐ. റെജി എം.കുന്നിപ്പറമ്പൻ, മറയൂർ എസ്‌ഐ ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പത്മാവതി ആണു മാരിയപ്പന്റെ ഭാര്യ. പരേതനായ ശിവനാണ് മകൻ. മരുമക്കൾ: തമ്പിദുരൈ, ജയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP