Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്‌ളാറ്റ് നിർമ്മാണ കമ്പനികൾക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്; ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകൾക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

മരടിലെ ഫ്‌ളാറ്റ് നിർമ്മാണ കമ്പനികൾക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്; ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകൾക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമ്മിച്ച കമ്പനികൾക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിസഭ തീരുമാന പ്രകാരം ഫ്‌ളാറ്റ് നിർമ്മാണ കമ്പനിക്കെതിരെ പൊലീസ് ഇന്നലെ ക്രിമിനൽ കേസെടുക്കുകയായിരുന്നു. വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു.

കമ്പനി ഉടമകൾകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കൈമറാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിർമ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കി. മരട് ഫ്‌ളാറ്റുകളിലെ കുടിയൊഴിപ്പിക്കൽ ഞായറാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം സർക്കാർ വിച്ഛേദിച്ചു. ഫ്‌ളാറ്റുമടകളുടേയും താമസക്കാരുടേയും ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ജലവിതരണവും തടസപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. സെപ്റ്റംബർ 29-നകം ഉടമകളെ പൂർണമായും ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാനുള്ള പ്രവർത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം

പുലർച്ചെ നാല് മണിയോടെ അതീവ രഹസ്യമായാണ് കെഎസ്ഇബി മരട് ഫ്‌ളാറ്റുകളിലെ വൈദുതി ബന്ധം വിച്ഛേദിക്കാനുള്ള ഓപ്പറേഷൻ നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാർ, വൈദ്യുതി നിലച്ചപ്പോൾ മാത്രമാണ് വിവരം അറിഞ്ഞത്. ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഫ്‌ളാറ്റുടമകൾ ജനറേറ്ററുകൾ എത്തിച്ചു. ഡീസൽ ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ചാണ് ഫ്‌ളാറ്റുടമകൾ പ്രതിഷേധം തുടരുന്നത്. വലിയ കാനുകളിലും മറ്റും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാത്രി റാന്തൽ സമരം നടത്തുമെന്നും ഫ്‌ളാറ്റുടമകൾ അറിയിച്ചു. ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന്റെ മുന്നോടിയായാണ് നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ വൈദ്യുതിയും ജലവിതരണവും നിർത്തിവച്ചത്. കെ.എസ്.ഇ.ബി യ്ക്കു പുറമെ ജല അഥോറിറ്റിയും നടപടികൾ എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP