Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവോയിസ്റ്റുകളല്ല, ആദ്യം വെടിവെച്ചത് പൊലീസ്; മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചിട്ടില്ല; പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവൻ റിസോർട്ട് മാനേജർ; ജലീലിന്റെ മൃതദേഹം കാണപ്പെട്ടത് പിറകിൽ നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിൽ; 'ഓപ്പറേഷൻ അനാകോണ്ടയെ' സംശയത്തിലാക്കി സാക്ഷി മൊഴികളും സാഹചര്യവും; വിശന്നു വലഞ്ഞു ഭക്ഷണം തേടി എത്തിയവനെ വെടിവെച്ച് കൊന്നു കേരളാ പൊലീസ്; കൊലപാതകത്തിൽ മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുമെന്ന് ഡിജിപി

മാവോയിസ്റ്റുകളല്ല, ആദ്യം വെടിവെച്ചത് പൊലീസ്; മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചിട്ടില്ല; പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവൻ റിസോർട്ട് മാനേജർ; ജലീലിന്റെ മൃതദേഹം കാണപ്പെട്ടത് പിറകിൽ നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിൽ; 'ഓപ്പറേഷൻ അനാകോണ്ടയെ' സംശയത്തിലാക്കി സാക്ഷി മൊഴികളും സാഹചര്യവും; വിശന്നു വലഞ്ഞു ഭക്ഷണം തേടി എത്തിയവനെ വെടിവെച്ച് കൊന്നു കേരളാ പൊലീസ്; കൊലപാതകത്തിൽ മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുമെന്ന് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വൈത്തിരിയിൽ തണ്ടർബോൾട്ടും പൊലീസും ചേർന്നു നടത്തിയ 'ഓപ്പറേഷൻ അനാകോണ്ടയെ' സംശയത്തിലാക്കി സാക്ഷി മൊഴികളും സാഹചര്യവും. മാവോയിസ്റ്റ് നേതാവ് സിപി ജലിലീനെ(26) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴാണ് പൊലീസ് ഓപ്പറേഷനിൽ സംശയം ഉയരുന്നത്. വൈത്തിരി ഉപവൻ റിസോർട്ടിൽ എത്തിയ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർത്തിട്ടില്ലെന്നാണ് ജീവനക്കാർ നൽകിയ മൊഴി. മാവോയിസ്റ്റുകളല്ല ആദ്യം വെടിവെച്ചതെന്നാണ് റിസോർട്ട് മാനേജർ നൽകിയ മൊഴി. മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചിട്ടില്ല. പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവൻ റിസോർട്ട് മാനേജർ മാധ്യമങ്ങളോടു പറഞ്ഞു. ഇതോടെയാണ് പൊലീസ് നടപടി സംശയത്തിലായത്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന് വെടിയേറ്റത് പിന്നിൽനിന്നാണെന്നും വ്യക്തമായിട്ടുണ്ട്. റിസോർട്ടിനുപുറത്ത് നിർമ്മിച്ച വാട്ടർഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകിൽനിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകൾ ശരീരം തുളച്ചു കയറി. പൊലീസും തണ്ടർബോൾട്ടും എങ്ങനെ സ്ഥലത്തെതത്തിയെന്ന് അറിയില്ലെന്ന മൊഴി കൂടി പുറത്തുവരുമ്പോഴാണ് ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ലക്കിടിയിലെ സ്വകാര്യ റിസോർട്ടായ 'ഉപവനി'ൽ മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് മുഖംമറച്ച രണ്ടു മാവോവാദികൾ റിസോർട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരവരെ ഏറ്റുമുട്ടൽ നീണ്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഒരാൾ കൊല്ലപ്പെട്ടതായും ബുധനാഴ്ച രാത്രിതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് ജലീലാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. മറ്റൊരു നേതാവായ വേൽമുരുകനാണ് പരിക്കേറ്റതായി സംശയമുള്ളത്. ഇയാൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിൽ രക്തം പുരണ്ടിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സായുധപൊലീസ് സംഘത്തെ കണ്ടപ്പോൾ മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയുടെ വിശദീകരണം. വെടിവെപ്പിൽ വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികൾ പൊലീസിനുനേരെ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ട ജലീലിന്റെ കൈയിൽനിന്ന് നാടൻ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നു.

സിപിഐ. മാവോയിസ്റ്റ് കബനി, നാടുകാണി ദളങ്ങളിലെ പ്രവർത്തകനും പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഡോക്യുമെന്റേഷൻ എക്‌സ്പർട്ടുമാണ് കൊല്ലപ്പെട്ട ജലീൽ. ജലീലിന് 26 വയസ്സെന്ന് ബന്ധുക്കൾ പറയുമ്പോൾ പൊലീസ് രേഖകളിൽ പ്രായം 41 ആണ്. തണ്ടർബോൾട്ടിന്റെ മാവോവാദിവേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യ മലയാളിയാണ് ഇയാൾ. നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽനടന്ന സമയത്ത് സംഭവസ്ഥലത്ത് ജലീൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീൽ.

അതേസമയം കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിപ്പിക്കും വരെ പൊലീസ് നടപടി തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വടക്കൻ ജില്ലകളിൽ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസമായതുകൊണ്ടാണ് പൊലീസ് നടപടി തുടങ്ങിയതെന്നും ഡി.ജി.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിലും മാവോയിസ്റ്റ് പ്രവർത്തനങ്ങളിലും ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് അന്വേഷണമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. മാവോയിസ്റ്റുകൾ വെടിയുതിർത്തപ്പോഴാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് ഡി.ജി.പി അവകാശപ്പെട്ടു.

സി.പി ജലീലിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണ വിവരം പോലും ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും ജലീലിന്റെ മൃതദേഹം വിട്ടുനൽകണമെന്നും സഹോദരൻ ജിഷാദ് പറഞ്ഞിരുന്നു. നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് മാവോവാദികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ്. 'വയനാട്ടിലെ വൈത്തിരി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ലക്കിടി ഉപവൻ റിസോർട്ടിൽ ആയുധധാരികളായ ഒരു സംഘം മാവോവാദികൾ ബുധനാഴ്ച രാത്രി 8.30 ഓടെ എത്തി പണവും ഭക്ഷണവും പിടിച്ചു വാങ്ങാൻ ശ്രമിച്ചു. സായുധ പൊലീസ് സംഘത്തെ കണ്ടപ്പോൾ അക്രമികൾ വെടിവെച്ചു. സംഘർഷത്തിനിടയിൽ സി.പി. ജലീൽ എന്ന മാവോവാദി മരിച്ചു'-ഇതാണ് പൊലീസ് വിശദീകരണം. എന്നാൽ, ഈ വിശദീകരണത്തിലാണ് പൊരുത്തുക്കേടുകൾ ഉള്ളത്. മാവോയിസ്റ്റുകൾ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്ന കാര്യം.

കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സിപി ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും എന്നാണ് വിവരം. മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോസ്റ്റ്‌മോർട്ടം നടത്തുക. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാൻ ജലീലിന്റെ ബന്ധുകൾ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താൻ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ഡിസംബറിലാണ് ഓപ്പറേഷൻ അനാകോണ്ട എന്ന പേരിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ നടപടികൾ ആരംഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടങ്കിലും നടപടികൾ ഇനിയും തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളിൽ കേരള പൊലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്. മുമ്പും വെടിവെപ്പുണ്ടായിട്ടുണ്ടെങ്കിലും ആളപയാമുണ്ടായിട്ടിരുന്നില്ല.
മാവോവാദികൾക്കുനേരെ പൊലീസ് വെടിവെച്ചത് ആത്മരക്ഷയ്ക്കുവേണ്ടിയാണെന്നും ഐ.ജി. ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു. പൊലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികൾ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.-അദ്ദേഹം വ്യക്തമാക്കി.

വയനാടിന്റെ നിരവധി മേഖലകളിൽ പലവട്ടം മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടും യു എ പി എ ചുമത്തി കേസെടുത്തിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. മാനന്തവായി കുഞ്ഞോം, തലപ്പുഴ, വൈത്തിരി ലക്കിടി പൂക്കോട്, മേപ്പാടി, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇടക്കിടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തലപ്പുഴയിൽ പരസ്യമായി പ്രകടനവും നടത്തിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു മാവോയിസ്റ്റ് ജില്ലയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP