Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

പോളിങ്ങ് ബൂത്തിൽ തുടങ്ങിയ തർക്കത്തിൽ ലീഗ് -സിപിഎം നേതാക്കൾക്ക് മർദ്ദനം; പിന്നാലെ 'നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും' എന്ന് സിപിഎം പ്രവർത്തകന്റെ വാട്സാപ് സ്റ്റാറ്റസ്; വൈകുന്നേരം സംഘടിച്ചെത്തി മുഹ്സിനെ തടഞ്ഞു നിർത്തിവെട്ടി; തടുക്കാൻ ശ്രമിച്ച മൻസൂറിനെ നേരെ ബോംബേറും; കൊലപാതകത്തോടെ കണ്ണൂർ കത്തുന്നു

പോളിങ്ങ് ബൂത്തിൽ തുടങ്ങിയ തർക്കത്തിൽ ലീഗ് -സിപിഎം നേതാക്കൾക്ക് മർദ്ദനം; പിന്നാലെ 'നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും' എന്ന് സിപിഎം പ്രവർത്തകന്റെ വാട്സാപ് സ്റ്റാറ്റസ്; വൈകുന്നേരം സംഘടിച്ചെത്തി മുഹ്സിനെ തടഞ്ഞു നിർത്തിവെട്ടി; തടുക്കാൻ ശ്രമിച്ച മൻസൂറിനെ നേരെ ബോംബേറും; കൊലപാതകത്തോടെ കണ്ണൂർ കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാനൂർ: നിസ്സാരമായ രാഷ്ട്രീയ തർക്കമാണ് ബോംബേറിലും ഒരു ജീവൻ നഷ്ടമാകുന്ന സംഭവത്തിലേക്കും കൂത്തുപറമ്പിനെ എത്തിച്ചിരിക്കുന്നത്. വോട്ടറെ വാഹനത്തിൽ കൊണ്ടുവന്നതിനെ ചൊല്ലി ഉടലെടുത്ത തർക്കം കൈവിട്ടുപോയപ്പോൾ യൂത്ത് ലീഗ് പ്രവർത്തകൻ മൺസൂറിന്റെ ജീവനെടുത്തു. രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാത്ത മൻസൂറിന്റെ കൊലപാതകം പ്രദേശത്തെ ആകെ ഞെട്ടിച്ചിരിക്കയാണ്. പാനൂരിലെ മറ്റു പ്രദേശങ്ങൾ പോലെ സ്ഥിരം ആക്രമണം ഉണ്ടാകുന്ന പ്രദേശമായിരുന്നില്ല കൊലപാതകം നടന്നയിടം. ഇവിടെ രാഷ്ട്രീയ ഭിന്നതകൾ ഉള്ളവരും ഒരുമിച്ചു കഴിയുന്ന  പ്രദേശമായിരുന്നു.  എന്നാൽ, തെരഞ്ഞെടുപ്പു ദിനത്തെ ചെറിയ വാക്കു തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വോട്ടറെ വാഹനത്തിൽ കൊണ്ടുവന്നതിനെ ചൊല്ലി തുടങ്ങിയ സംഘർഷമാണ് യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30 മുതൽ തുടങ്ങിയ പ്രകോപനങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ശേഷമായിരുന്നു കൊലപാതകത്തിനു കാരണമായ അക്രമം നടന്നത്. വോട്ടറെ യുഡിഎഫ് പ്രവർത്തകർ വാഹനത്തിൽ എത്തിച്ചത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. സ്ഥലത്തെത്തിയ ലീഗ് പ്രാദേശിക നേതാവിനെ മർദിച്ചു. ഇദ്ദേഹം മുഹ്‌സിൻ ഏജന്റായ ബൂത്തിലെത്തി വിവരം ധരിപ്പിച്ചു. തുടർന്നു ബൂത്ത് പരിസരത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകർക്കു മർദനമേറ്റു.

ഇതിനു പിന്നാലെ ആയിരുന്നു ഡിവൈഎഫ്‌ഐ പാനൂർ മേഖലാ ട്രഷറർ കെ.സുഹൈലിന്റെ പ്രകോപനപരമായ വാട്‌സാപ് സ്റ്റാറ്റസ്. 'സഖാവിനെ ആക്രമിച്ച മുസ്‌ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്' എന്നതായിരുന്നു വാചകം. ഈ വാചകം കൊലപാതകത്തിന്റെ മുന്നൊരുക്കമായി വിലയിരുത്തുന്നുണ്ട്.

സിപിഎം പ്രവർത്തകർക്കെതിരെ മർദനം നടന്ന ബൂത്തിലെ ഏജന്റ് ആയിരുന്നു എന്നല്ലാതെ മുഹ്‌സിൻ സംഘർഷത്തിൽ പങ്കെടുത്തതായി ആരോപണം ഇല്ല. വോട്ടെടുപ്പിനു ശേഷം വീട്ടിലേക്കുള്ള വഴിയിൽ 11 പേരുള്ള അക്രമിസംഘം മുഹ്‌സിനെ പിന്തുടർന്നിരുന്നു. സ്വന്തം വീട്ടിലേക്കു കയറാതെ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണു മുഹ്‌സിൻ കയറിയത്.

പുറത്തു പതുങ്ങിനിന്ന സംഘം, പുറത്തിറങ്ങിയ ഉടൻ മുഹ്‌സിനെ തടഞ്ഞുനിർത്തുകയും വെട്ടുകയുമായിരുന്നു. മൻസൂർ സഹോദരനെ രക്ഷപ്പെടുത്താൻ തുനിഞ്ഞപ്പോഴാണു ബോംബേറ് ഉണ്ടായത്. പ്ലസ്ടു പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന മൻസൂർ ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ ആയിരുന്നു എങ്കിലും ജേഷ്ഠനെപ്പോലെ സജീവ പ്രവർത്തനം നടത്തിയിരുന്നില്ല മൻസൂർ.

മൻസൂറിനെ വെട്ടിക്കൊന്ന കേസിൽ സിപിഎം പ്രവർത്തകൻ ഷിനോസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുഹസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മൻസൂറിന് നേരേ ആക്രമണം അഴിച്ചുവിട്ടത്. പേര് ചോദിച്ചറിഞ്ഞ ശേഷമാണ് അക്രമികൾ വെട്ടിയതെന്നായിരുന്നു സാക്ഷി മൊഴി.

തന്റെ കൺമുന്നിൽ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ പറഞ്ഞു. ഒരു വലിയ സംഘം മകനെ വീട്ടിൽനിന്ന് വലിച്ചിറക്കിയെന്നും അത് തടയാൻ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു. പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മകൻ സജീവ രാഷ്ട്രീയ പ്രവർത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്.

മൺസൂറിന്റെ കാൽ പൂർണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുല്ലൂക്കര ഭാഗത്ത് അങ്ങനെ പറയത്തക്ക സംഘർഷങ്ങളൊന്നും ഉണ്ടാകാറില്ല. സാധാരണ തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നതുപോലെ ചെറിയ വാക്കുതർക്കങ്ങളൊക്കെയേ ഇവിടെ ഉണ്ടാകാറുള്ളൂ. മൻസൂറിനും മുഹ്സിനുമൊന്നും ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്.

അതേസമയം കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമം അരങ്ങേറി. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ എന്നിവ തീവെച്ച് നശിപ്പിച്ചു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികൾ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു. സിപിഎം അനുഭാവികളുടെ മൂന്ന് കടകൾ അടിച്ചു തകർത്തു.

മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങൾക്കാണ് അക്രമികൾ തീയിട്ടത്. ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു

വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്. കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ട് ബോംബേറിൽ തകർന്നു പോയിരുന്നു. ഈ മുറിവ് തുന്നിച്ചേർക്കാൻ സാധിക്കാത്തതു മൂലം രക്തം വാർന്നു പോയതും മരണത്തിന് കാരണമായതാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്‌ഫോടനത്തിൽ ചിതറിപ്പോയതുകൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ സാധിച്ചിരുന്നില്ല.

കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്റ പിന്നിലെന്താണെന്ന് ആർക്കും അറിയില്ല. നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്. പത്തിരുപത്തഞ്ച് പേർ സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആൾക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്തഫ പറഞ്ഞു.

മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. പത്തിലധികം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP