Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

ഓപ്പൺ വോട്ടിൽ തർക്കം; ഭീതി പടർത്തി ലീഗുകാർക്ക് നേരെ അപ്രതീക്ഷിത ആക്രമണം; രാത്രി ഒളിച്ചിരുന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബോംബേറും വെട്ടും; സഹോദരങ്ങളെ അക്രമിച്ചത് സിപിഎം; ഇരുപത്തിരണ്ടുകാരൻ മൻസൂർ കൊല്ലപ്പെട്ടത് ആശുപത്രിയിൽ വച്ച്; മുഹ്സിൻ ഗുരുതരാവസ്ഥയിൽ; വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകം

ഓപ്പൺ വോട്ടിൽ തർക്കം; ഭീതി പടർത്തി ലീഗുകാർക്ക് നേരെ അപ്രതീക്ഷിത ആക്രമണം; രാത്രി ഒളിച്ചിരുന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബോംബേറും വെട്ടും; സഹോദരങ്ങളെ അക്രമിച്ചത് സിപിഎം; ഇരുപത്തിരണ്ടുകാരൻ മൻസൂർ കൊല്ലപ്പെട്ടത് ആശുപത്രിയിൽ വച്ച്; മുഹ്സിൻ ഗുരുതരാവസ്ഥയിൽ; വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇനി സമാധാനത്തിന്റെ പഴയ കഥകൾക്ക് വിട. വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിൽ കലി തീർക്കൽ തുടങ്ങി. കുറച്ചു നാളായി അടങ്ങിയിരുന്ന കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്.

സഹോദരൻ മുഹ്സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുഹ്‌സിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. മൻസൂറിന്റെ വീട്ടിന് മുന്നിലാണ് കൊലപാതകം നടന്ന ആക്രമണം ഉണ്ടായത്.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി. 149-150 എന്നീ രണ്ടു ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.

തുടർന്ന് രാത്രിയോടെയാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എന്നാൽ സിപിഎം ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയുണ്ടായ സംഘർഷം പൊലീസിനും തലവേദനയാണ്. തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ അക്രമം നടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് ആശങ്ക കൂടുന്നത്. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു.

ഭരണതുടർച്ചയുമായി ലക്ഷ്യമിട്ട് നീങ്ങുന്നതിനാൽ കണ്ണൂരിൽ സിപിഎം പരമാവധി സംയമനം പാലിച്ചിരുന്നു. ഇതായിരുന്നു കണ്ണൂരിലെ സമാധാന അന്തരീക്ഷത്തിന് കാരണം. വോട്ടെടുപ്പിലെ തർക്കങ്ങൾ കണ്ണൂരിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇതൊന്നും സംഘർഷത്തിന് വഴിമാറാതിരിക്കാൻ മുൻകരുതൽ പൊലീസ് എടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP