Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

മൺസൂർ വധക്കേസിലെ പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്; കൂലേരി രതീഷിന്റെ ശരീരത്തിൽ കണ്ട പരിക്കുകൾ മൺസൂറിനെ ആക്രമിച്ചപ്പോൾ ഉണ്ടായത്; തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണങ്ങൾ തള്ളി അന്വേഷണ സംഘം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ റിപ്പോർട്ടെന്ന് മുസ്ലിംലീഗ് ആരോപണം

മൺസൂർ വധക്കേസിലെ പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്; കൂലേരി രതീഷിന്റെ ശരീരത്തിൽ കണ്ട പരിക്കുകൾ മൺസൂറിനെ ആക്രമിച്ചപ്പോൾ ഉണ്ടായത്; തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണങ്ങൾ തള്ളി അന്വേഷണ സംഘം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ റിപ്പോർട്ടെന്ന് മുസ്ലിംലീഗ് ആരോപണം

അനീഷ് കുമാർ

തലശേരി: പെരിങ്ങത്തൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂലേരി രതീഷിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തിൽ കണ്ട പരിക്കുകൾ മൻസൂർ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘർഷത്തിൽ പറ്റിയതാണെന്നും വ്യക്തമായി.

മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ തൂങ്ങിമരണം കൊലപാതകമാണെന്ന ആരോപണം ശക്തമായിരുന്നു. രതീഷിന്റെ ശരീരത്തിൽ പരിക്കുകളും മുറിവുകളും കണ്ട സാഹചര്യത്തിലാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന സംശയം ഉയർന്നത്. എന്നാൽ, രതീഷിന്റെ ദുരൂഹ മരണമുണ്ടായി രണ്ടുമാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലേക്കെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മൻസൂർ കൊല്ലപ്പെട്ട ദിവസത്തെ സംഘർഷത്തിലുണ്ടായതാണ്.

കൂട്ടുപ്രതികളുടെ മൊഴിയും സാഹചര്യത്തെളിവുകളും രതീഷിന്റെ സുഹൃത്തുക്കളും നൽകിയ വിവരത്തിൽ വ്യക്തമായ സൂചനകളുണ്ട്. സൈബർ സെല്ലും ഫോറൻസിക് വിദഗ്ധരും ശേഖരിച്ച വിവരങ്ങളും കേസിൽ നിർണായകമായി. മൻസൂർ കൊല്ലപ്പെട്ട് മൂന്നാം നാളിലാണ് വളയത്തെ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രതീഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ ദുരൂഹത കൂട്ടി. കൊലയ്ക്കു ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവുമുണ്ടായി.

പോസ്റ്റുമോർട്ടത്തിലും പരിക്കുകളിൽ ഡോക്ടർമാർ സംശയം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്ക് ചുമതല നൽകി വടകര റൂറൽ എസ്‌പി കേസ് നേരിട്ട് അന്വേഷിച്ചത്. രതീഷിന്റെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 51 പേരിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണ മേധാവി അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ വടകര റൂറൽ എസ്‌പിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായുണ്ടായ ആസൂത്രിത റിപ്പോർട്ടാണ് ഇപ്പോഴത്തേത് എന്നാണ് ലീഗ് ആരോപണം.

കണ്ണൂരിലെ ദുരൂഹ മരണങ്ങൾ

കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഒരു ചരിത്രമുണ്ട്. കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും ജീവൻ നഷ്ടപ്പെടുന്നുവെന്നതാണ് അതിന്റെ ചരിത്രം. മുസ്ലിം ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂരിലെ മൻസുറിന്റെ കൊലപാതകകേസിൽ കുറ്റാരോപിതനായ കൂലോത്ത് രതീഷ് ജീവനൊടുക്കിയപ്പോഴും ആചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്തത് തലശേരിയിലെ ഫസൽ വധ കേസിനു ശേഷം സിപിഎ. മ്മിന്റെ രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടിരുന്നു.

സിപിഎമ്മിൽ നിന്നും എൻ.ഡി.എഫ് പ്രവർത്തകനായി മാറിയതാണ് ഫസലിനെ വധിക്കാൻ കാരണമായത്. ഒരു ചെറിയ പെരുന്നാൾ ദിവസം തേജസ് പത്രത്തിന്റെ ഏജന്റും വിതരണക്കാരനുമായ ഫസലിനെ പത്രവിതരണത്തിനിടെയാണ് സൈദാർ പള്ളിയിൽ വെച്ച് പുലർച്ചെ അഞ്ചു മണിയോടെ വെട്ടി കൊല്ലുന്നത്. പിന്നീട് ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി ഉപയോഗിച്ച് കേസ് ആർ.എസ്.എസിനു മേൽ പഴിചാരാൻ പൊലിസിനെ ഉപയോഗിച്ചു ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ ഫസലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സിപിഎം നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും സിംബി ഐ അന്വേഷണം നടത്തി ഗൂഢാലോചന കുറ്റത്തിന് പിടികൂടി ജയിലിൽ ഇടുകയും ചെയ്തു.

പാർട്ടിക്കായി ആയുധമെടുത്തവർ

പാർട്ടിക്കെതിരെ തിരിഞ്ഞാൽ സ്വന്തം പിതാവിനെ പോലും വെട്ടി മലർത്താൻ മടിയില്ലാത്തവരാണ് കണ്ണൂരിലെ ചാവേറുകളായ പാർട്ടി അണികൾ . അവരുടെ സിരകളിൽ ഓടുന്ന ഓരോ തുള്ളി ചോരയിലും പാർട്ടിക്കൂറ് മാത്രമേയുള്ളൂ. എന്നാൽ ചില കേസുകളിൽ അന്യായമായി പ്രതി ചേർക്കുമ്പോൾ ഇവർ പാർട്ടി നേതാക്കളുമായി ഇടയാറുണ്ട്. എല്ലാ കൊലപാതകങ്ങളിലും പ്രതിപട്ടിക നൽകുന്നത് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നാണ് പലതിലും സ്ഥിരം പേരുകളായിരിക്കും പ്രതികൾ. ആക്ഷനിൽ പങ്കെടുത്തിട്ടില്ലെങ്കിലും നേതാക്കൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നിയാലോ വീണ്ടും കൊലപാതകത്തിന് ഉപയോഗിക്കാമെന്ന് മുൻകൂട്ടി കണ്ടോ ഒരാൾ പ്രതി പട്ടികയിൽ വരാം.

ഫസൽവധക്കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും കുടുക്കിയതാണെന്നുമുള്ള ആരോപണം സി. പി.എമ്മിന്റെ ആക്ഷൻ സ്‌ക്വാഡിൽപ്പെട്ട പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും അന്നേ ഉയർത്തിയിരുന്നു. എന്നാൽ ഈ കൊലപാതകം പ്ളാൻ ചെയ്തത് ആരാണെന്നും ഓപ്പറേഷൻ നടത്തിയത് എങ്ങനെയാണെന്നുമുള്ള കൃത്യമായ വിവരം അവർക്കുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ രണ്ടു പേരും പിന്നീട് വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയായിരുന്നു.

അനിലിനെ എടന്നുരിലെ റെയിൽ വേട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കേവലമൊരു ആത്മഹത്യയല്ലെന്ന ആരോപണം അന്നുയർന്നിരുന്നുവെങ്കിലും പൊലിസ് അന്വേഷണം ആദിശയിൽ മുൻപോട്ട് പോയില്ല അതേ വർഷം തന്നെ മട്ടന്നൂരിൽ സിപിഎം ഓഫിസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടനും കൊല്ലപ്പെട്ടു. രണ്ടു കൊലപാതകങ്ങളും ദുരൂഹമെന്ന് അന്നേ ആരോപണമുയർന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണം പേരിനു പോലും നടന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP