Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?

ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേശവദാസപുരത്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ കൊലപ്പെടുത്തി മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21 ) പിടിയിലായെങ്കിലും ഇനിയും കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയതാൽ മാത്രമേ കൊലപാതക കാരണങ്ങളും വ്യക്തമാകുകയുള്ളൂ. ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് കൊലയാളിയായ യുവാവ് പിടിയിലായിരിക്കുന്നത്.

കൊലപാതകത്തിനു ശേഷം ഇയാൾ ട്രെയിനിൽ കടന്നുകളയാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറിയിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് അടക്കം വിശദമായി പരിശോധിക്കേണ്ടി വരും. ഇവർ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.

മനോരമയുടെ ഭർത്താവ് കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ ദിനരാജ് സംഭവസമയത്തു വർക്കലയിലുള്ള മകളുടെ വീട്ടിലായിരുന്നു. ഈ സമയത്തായിരുന്നു കൊലപാതകം നടന്നത്. അടുക്കളയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശരീരം വലിച്ചിഴച്ചു മതിലിന് അരികിൽ കൊണ്ടുപോവുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ആറടി താഴ്ചയിലാണ് അയൽപക്കത്തെ ആളൊഴിഞ്ഞ വീട്. ഈ വീടിന്റെ സൺഷേഡിൽ ഇറങ്ങി നിന്നു മൃതദേഹം നിലത്തിറക്കി. തുടർന്നാണു കിണറ്റിൽ തള്ളിയത്. ഈ സംഭവം ആദം ആലി ഒറ്റയ്ക്കാണ് ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്നതിൽ വിശദമായ അന്വേഷണം നടത്തേണ്ടി വരും.

പൊലീസ് അന്വേഷണത്തിൽ തൊട്ടടുത്തു നിർമ്മാണം നടക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്നു മനസ്സിലായി. പ്രതി മൊബൈൽ ഫോൺ എറിഞ്ഞുടച്ചതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. നഗരത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി തമ്പാനൂരിലെത്തിയതു സ്ഥിരീകരിച്ചത്.

കൊലനടത്തിയ ആദം അലി പബ്ജിക്ക് അടിമയായിരുന്നു എന്നാണ് പുറത്തുവരുന്നത്. ഓൺലൈൻ ബാറ്റിൽഗ്രൗണ്ടിന്റെ കളിക്കാരനായ യുവാവ് അരുംകൊല ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തിയത് ഓൺലൈൻ ബാറ്റിൽഗ്രൗണ്ടിലൂടെയാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാർ പൊലീസിനോട് പറഞ്ഞു. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. ജാലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാൾ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മൊഴി നൽകി.

അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്നും ഇവിടെ ഇനി നിൽക്കുന്നില്ലെന്നും കൂട്ടുകാരോട് പറഞ്ഞിരുന്നു. കാരണം അന്വേഷിച്ച കൂട്ടുകാരോട് ഒന്നും വെളിപ്പെടുത്തിയില്ല. പ്രായമായ സ്ത്രീയെ മർദിച്ചെന്നു മാത്രം പറഞ്ഞശേഷം തന്റെ സാധനങ്ങളുമായി പുറത്തേക്കുപോയി. പിന്നീട് കുറച്ചു നേരത്തിനുശേഷം ഒരു സിം കാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു.

മനോരമയുടെ വീട്ടിന്റെ തൊട്ടടുത്തുള്ള വീടിന്റെ നിർമ്മാണത്തിനായി എത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ആദം അലി മാത്രമാണ് ഒളിവിൽപോയത്. പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP