Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സുഹൃത്തുക്കൾ വേട്ടയാടാനിറങ്ങിയത് നാടൻ തോക്കുമായി; റഷീദീന് ജീവൻ നഷ്ടമായത് കാട്ടുമൃഗം എന്ന് കരുതി അയൽവാസി ഉതിർത്ത വെടിയേറ്റ്; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ ലിബിൻ മാത്യുവിനെ അറസ്റ്റ് ചെയ്ത് പൊലീസും

കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സുഹൃത്തുക്കൾ വേട്ടയാടാനിറങ്ങിയത് നാടൻ തോക്കുമായി; റഷീദീന് ജീവൻ നഷ്ടമായത് കാട്ടുമൃഗം എന്ന് കരുതി അയൽവാസി ഉതിർത്ത വെടിയേറ്റ്; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ ലിബിൻ മാത്യുവിനെ അറസ്റ്റ് ചെയ്ത് പൊലീസും

ടി.പി.ഹബീബ്

കോഴിക്കോട്: നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ഇന്ദിരാ നഗർ ഡി.റഷീദ് മണ്ടേപ്പുറം(33) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് അയൽവാസിയുമായ വളയംതൊട്ടി ലിബിൻ മാത്യൂ(33)വിനെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സിഐ.എൻ.സുനിൽകുമാറിന്റെ നേത്യത്വത്തിൽ പൊലീസ് സംഘം യുവാവ് വെടിയേറ്റ് മരിച്ച ഇന്ദിരാ നഗറിലെ പുള്ളിപ്പാറയിൽ വൈകുന്നേരം പരിശോധന നടത്തി. വെടിയേറ്റ് മരിച്ച സ്ഥലത്ത് നിന്നും അൽപ്പം മാറി നാടൻ തോക്കും ലെന്റിന്റെ 20 ഓളം ബോളും 100 ഗ്രാം വെടിമരുന്നും പൊലീസ് കണ്ടെടുത്തു.

ഞങ്ങൾ രണ്ട് പേരും മുമ്പിലും പിന്നിലുമായി കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് സംഭവം. റഷീദ് തൊട്ട് പിന്നിലുണ്ടെന്നാണ് കരുതിയത്. കുറച്ച് അകലെ കാട്ടു മ്യഗങ്ങളുടെ ശബ്ദവും വെളിച്ചവുമാമെന്ന് കരുതിയ ഭാഗത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നും അടുത്തെത്തിയതോടെയാണ് വെടി കൊണ്ടത് റഷീദിന്റെ ദേഹത്താണെന്ന് മനസ്സിലായതെന്നുമാണ് ലിബിൻ പൊലീസിനോട് പറഞ്ഞത്.

വീട്ടിൽ നിന്നും ഒരു കിലോ മീറ്റർ ദുരത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമായ പുള്ളിപ്പാറയിലേക്കാണ് സംഘം രാത്രി എട്ടര മണിയോടെ തോക്കുമായി നായാട്ടിനിറങ്ങിയത്. പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ കാട്ടു മ്യഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ വിശദീകരിക്കുന്നു. വെടിയേറ്റതിനെ തുടർന്ന് ലിബിൻ മാത്യു ഓടിയെത്തി പരിസരവാസികളെ വിവരമറിയിച്ചു. അബന്ധത്തിൽ റഷീദിന് തോക്ക് കൊണ്ട് വെടിയേറ്റിട്ടുണ്ടെന്നാണ് പരിസരവാസികളോട് പറഞ്ഞത്. തുടർന്ന് വാഹനത്തിലാക്കി കുറ്റ്യാടി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണുണ്ടായത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരണപ്പെട്ടത്. റഷീദിന് കഴുത്തിനും തലക്കുമാണ് പരിക്കേറ്റത്.

കുറ്റ്യാടി ആശുപത്രിയിൽ നിന്നും മ്യതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. വെടിയേറ്റു മരിച്ച റഷീദ് എസ്.വൈ.എസ്.ഇന്ദിരാ നഗർ യുണിറ്റ് സെക്രട്ടറിയാണ്. വാളൂക്ക് മണ്ടേപ്പുറം അമ്മദിന്റെയും ഹാജറയുടെയും മകനാണ് റഷീദ്. ഭാര്യ:സറീന.മക്കൾ: ഹന്ന ഫാത്തിമ, മുഹമ്മദ്.

മലയോര മേഖലകളിൽ ലൈസൻസില്ലാത്ത തോക്കുകൾ വ്യാപകമാകുന്നു

ഇന്ദിരാ നഗറിൽ നായാട്ടിന് പോയ രണ്ടംഗ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചതോടെയാണ് ലൈസൻസില്ലാത്ത തോക്കുകളുടെ കാര്യം മറ നീക്കി പുറത്ത് വരുന്നത്. വടകര റൂറലിൽ കീഴിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് ഇപ്പോൾ ലൈസൻസുള്ള തോക്കുള്ളത്. നേരത്തെ കുറേയേറെ പേർക്ക് തോക്കിനുള്ള ലൈസൻസുണ്ടായിരുന്നു. എന്നാൽ പൊലീസിന്റെ ശക്തമായ നടപടി ക്രമത്തിന്റെ ഭാഗമായി പലരും ലൈസൻസ് പുതുക്കാറില്ല. എന്നാൽ ലൈൻസില്ലാത്ത തോക്കുകൾ നിർബാധം മലയോര മേഖലയിൽ ലഭിക്കുന്നുവെന്നതാണ് ഏറെ വിചിത്രമായ വസ്തുത.

നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിലെ മലയോര മേഖലകൾ കാട്ടു മ്യഗങ്ങളുടെ ശല്യം വ്യാപകമാണ്. കാട്ടു മ്യഗങ്ങളെ വെടിവെക്കാനെന്ന പേരിലാണ് പലരും തോക്കുകൾ കൈവശം വെക്കുന്നത്. കാട്ടു മ്യഗങ്ങളെ വെടിവെക്കാനും പേടിപ്പിക്കാനും തോക്ക് അത്യാവശ്യമാണെന്ന് പറയുമ്പോൾ നാട്ടുകാരുടെ പിന്തുണയും ഇവർക്ക് ലഭിക്കും.

വൈകുന്നേരം മുതലാണ് കാട്ടു മ്യഗങ്ങൾക്കായി നായാട്ടിനിറങ്ങുന്നത്. കാട്ടുപന്നി, മുള്ളൻ പന്നി, കാട്ടാന തുടങ്ങിയവയുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ നിരവധി തവണ അധിക്യതരുടെ മുമ്പാകെ പരാതിയുമായി എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു ചേർത്ത യോഗത്തിൽ തോക്കിനുള്ള ലൈസൻസും കാട്ടു മ്യഗങ്ങളെ വെടിവെക്കാനുള്ള അനുമതിയും നൽകണമെന്ന് കർഷകർ ആവിശ്യപ്പെട്ട നിരവധി സംഭവങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് വനം വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും കർഷകരെ അറിയിച്ചത്.

കൃഷി നശിപ്പിക്കുന്നതിന്റെ മറവിൽ കാട്ടു മ്യഗങ്ങളെ മലയോര മേഖലകളിൽ വൻ തോതിൽ വേട്ടയാടുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. കാട്ട് ആട്, കാട്ട് പോത്ത്, മാൻ എന്നിവയെയും രഹസ്യമായി നായാട്ട് നടത്തുന്ന സംഘം മലയോരത്തെ വിവിധ ഭാഗങ്ങളിലുണ്ട്. ഉൾപ്രദേശങ്ങളിൽ നിന്നും രാത്രി സമയങ്ങളിൽ വെടിവെക്കുന്ന ശബ്ദങ്ങൾ പതിവായി കേൾക്കാറുണ്ടെന്ന് മലയോരവാസികൾ പറയുന്നു. പൊലീസിനും വനം വകുപ്പിനും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലാണ് വിവിധ സംഘങ്ങൾ നായാട്ടിന് പോകുന്നത്. ഇതിനായി ഉപയോഗിക്കുന്നത് നാടൻ തോക്കാണ്. നാടൻ തോക്ക് നിർമ്മിക്കുന്നവർ മലയോര മേഖലയിലുണ്ടെന്ന വിവരം പൊലീസിനറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP