Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് ഇറങ്ങിയത് ശംഖുമുഖത്ത് ഗണപതി വിഗ്രഹ നിമഞ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ്; രാത്രി ഒന്നരയ്ക്ക് രണ്ട് യുവാക്കൾ പുകവലിച്ച് നിൽക്കുന്നത് കണ്ട് വണ്ടി സഹിതം സ്റ്റേഷനിലെത്തിച്ച് വലിയതുറ പൊലീസ്; പിഴ ചുമത്തി വണ്ടി കസ്റ്റഡിയിൽ വെച്ചത് അടുത്ത ദിവസം രേഖകളുമായി എത്താൻ പറഞ്ഞും; നന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് സ്റ്റേഷൻ പരിധിയിൽ വെച്ചും; ക്ഷേത്ര പൂജാരി നന്ദുവിന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് അച്ഛൻ വിനു

വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് ഇറങ്ങിയത് ശംഖുമുഖത്ത് ഗണപതി വിഗ്രഹ നിമഞ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ്; രാത്രി ഒന്നരയ്ക്ക് രണ്ട് യുവാക്കൾ പുകവലിച്ച് നിൽക്കുന്നത് കണ്ട് വണ്ടി സഹിതം സ്റ്റേഷനിലെത്തിച്ച് വലിയതുറ പൊലീസ്; പിഴ ചുമത്തി വണ്ടി കസ്റ്റഡിയിൽ വെച്ചത് അടുത്ത ദിവസം രേഖകളുമായി എത്താൻ പറഞ്ഞും; നന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് സ്റ്റേഷൻ പരിധിയിൽ വെച്ചും; ക്ഷേത്ര പൂജാരി നന്ദുവിന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് അച്ഛൻ വിനു

എം മനോജ് കുമാർ

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കാണാതായി. നെയ്യാറ്റിൻകര പരശുവയ്ക്കൽ വില്ലേജിലെ മലംച്ചുറ്റ് ഹരിജൻ കോളനിയിലെ വിനുവിന്റെ മകൻ നന്ദു(18)വിനെയാണ് കാണാതായത്. അഞ്ചാം തീയതി പുലർച്ചെ രണ്ടുമണിയോടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നന്ദുവിനെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും പൊതുസ്ഥലത്ത് പുക വലിച്ചതിനും പൊലീസ് പിഴ ചുമത്തിയിരുന്നു. ബൈക്കിനു രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ബൈക്ക് പിടിച്ചു വച്ചിരുന്നു.

നന്ദു നൽകിയ ഫോൺ നമ്പറിൽ നന്ദുവിന്റെ ബന്ധുവിനെ വിളിച്ച് രാവിലെ ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ രണ്ടു പേരും പുറത്തിറങ്ങി. അതിനുശേഷം നന്ദുവിനെ കാണാതായി. പേരൂർക്കട ദുർഗാദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു നന്ദു. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ശാന്തിപ്പണി പഠിച്ചാണ് പേരൂർക്കട ദുർഗാ ക്ഷേത്രത്തിൽ കീഴ്ശാന്തിയായത്. വെട്ടുകാട് ബന്ധുവീടുണ്ട് നന്ദുവിന്. ഗണപതി വിഗ്രഹം നിമഞ്ജനത്തിനായി ശംഖുമുഖത്ത് പോകുന്നു എന്നാണ് നന്ദു പറഞ്ഞിരുന്നത്. അതിനാണ് ബൈക്കുമെടുത്ത് നന്ദു പുറപ്പെട്ടു പോയത്. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയം നന്ദുവിന് ഒപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇയാൾ നന്ദുവിന് ഒപ്പം ഉള്ള ആൾ എന്നല്ലാതെ ആര് എന്നതിനെക്കുറിച്ച് സൂചനകളില്ല. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് ശേഷം നന്ദു പിന്നെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.

'നന്ദു പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അതേ നിമിഷം തന്നെ നന്ദുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. നന്ദുവിനെക്കുറിച്ച് ഒരു വിവരവുമില്ല. അഞ്ചാം തീയതി പുലർച്ചെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് മകനെ കാണാതായി. അതിനുശേഷം മകനെക്കുറിച്ച് ഒരു വിവരവുമില്ല'-നന്ദുവിന്റെ അച്ഛൻ വിനു മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു ദിവസമായി മകനെ കാണാതായിട്ട്. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ്. സൈബർ സെൽ രേഖകൾ പ്രകാരം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് വലിയതുറ പൊലീസ് സ്റ്റേഷനിൽ വച്ചാണ്. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസ് അവനെ വിട്ടയച്ചു എന്നാണ് പറയുന്നത്.പക്ഷെ എന്റെ മകൻ തിരികെ എത്തിയിട്ടില്ല. രാവിലെ ഞങ്ങൾ വന്നു ബൈക്ക് രേഖകൾ കാണിച്ച് തിരികെ വാങ്ങി. പക്ഷെ വൈകീട്ട് ആയിട്ടും മകൻ മാത്രം തിരികെ വന്നില്ല. എന്റെ മൂത്ത മകൻ ആണ് നന്ദു. അവനു താഴെ രണ്ടു കുട്ടികൾ ഉണ്ട്. ഇവർ ചെറുപ്രായമാണ്. എന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു നന്ദു. അവനെന്തുപറ്റി എന്ന് അറിയില്ല.

എന്തായാലും രണ്ടു ദിവസമായി എന്റെ മകനെ കാണാനില്ല. വലിയതുറയിലും അറിയാവുന്ന ഇടത്തെല്ലാം തിരഞ്ഞു. ആളുകളെ വിട്ടു അന്വേഷിപ്പിച്ചു. ഒരു തുമ്പും ഇല്ല. പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് മകനെ കാണാതായത്. പൊലീസിന് ഉത്തരവാദിത്തമുണ്ട് ഈ കാര്യത്തിൽ. പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ അവൻ വീട്ടിൽ എത്തുമായിരുന്നു.

കാണാതാകുമ്പോൾ മകന്റെ ഒപ്പം ഉണ്ടായിരുന്നത് ഒരാൾ എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമല്ല. ലിഫ്റ്റ് ചോദിച്ചു കയറിയതാണ് എന്ന് പറയുന്നു. അയാൾ ആരാണ്? നന്ദുവുമായി ഇയാൾക്ക് ഉണ്ടായിരുന്ന ബന്ധം എന്ത്? ഇവർ ഇരുവരും ഒരുമിച്ച് പോയതാണോ? ഒരു കാര്യവും ഞങ്ങൾക്ക് അറിയില്ല. എന്റെ ഏക പ്രതീക്ഷയായ ആൺ തരിയെ നഷ്ടമായിരിക്കുന്നു. ഇനി അവനെ എവിടെ പോയി തിരയും എന്ന് പോലും അറിയില്ല. എന്തായാലും വലിയതുറ പൊലീസിലും കമ്മിഷണർ ഓഫീസിലുമൊക്കെ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വിനു പറയുന്നു.

വലിയതുറ പൊലീസ് മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ:

അഞ്ചിന് അതിരാവിലെ ഒന്നര മണിയോടെയാണ് നന്ദുവിനെയും ഒരാളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അവർ പുകവലിച്ച് നിൽക്കുകയായിരുന്നു. അടുത്ത് ബൈക്കുമുണ്ട്. ലൈസൻസ് ചോദിച്ചു. ലൈസൻസ് ഇല്ലാതെയാണ് വണ്ടി ഓടിച്ചത്. സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ എഴുതി. അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു. പക്ഷെ ബന്ധുവിന്റെ നമ്പർ ആണ് നൽകിയത്. അതിനാൽ ബന്ധുവിനെ വിളിച്ച് ബൈക്കിന്റെ രേഖകൾ ഹാജരാക്കി രാവിലെ ബൈക്ക് എടുത്തുകൊണ്ടു പോകാൻ പറഞ്ഞു. അത് കഴിഞ്ഞു രണ്ടുപേരെയും ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഒഴിവാക്കി വിട്ടു. അവർ എവിടെ പോയി എന്ന് പൊലീസിന് അറിയില്ല. പക്ഷെ സിസിടിവി ദൃശ്യങ്ങളിൽ ഇവർ ഇരുവരും പൊലീസ് സ്റ്റേഷന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഉണ്ട്. പരാതി ലഭിച്ച പ്രകാരം മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നന്ദു എവിടെയുണ്ടെന്നുള്ള ഒരു വിവരവും ലഭിച്ചില്ല-വലിയതുറ പൊലീസ് പറയുന്നു.

നന്ദുവിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അതുകൊണ്ട് തന്നെ കേസിനെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷെ നന്ദുവിന് വേണ്ടിയുള്ള കാത്തിരിപ്പും വേവലാതിയുമായി നന്ദുവിന്റെ വീട്ടുകാരും ബന്ധുക്കളും ഇപ്പോൾ പൊലീസ് സ്റ്റേഷനും അധികാര സ്ഥാനങ്ങളും കയറിയിറങ്ങുകയാണ്. നന്ദു എങ്ങോട്ട് എന്തിനു പോയി എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബന്ധുക്കൾ കാത്തിരിപ്പ് തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP