Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ലോട്ടറി എടുത്ത് വരുത്തിവെച്ചത് എട്ടുലക്ഷം രൂപയുടെ കടം; ബാധ്യതയിൽ നിന്നും രക്ഷപെടാൻ കളിച്ചത് ആത്മഹത്യാ നാടകവും; ആലുവ മണപ്പുറത്ത് പുഴയിൽ ചാടി 'ജീവനൊടുക്കിയ' യുവാവിനെ പൊലീസ് ജീവനോടെ പിടികൂടിയത് കോട്ടയത്തുനിന്നും

ലോട്ടറി എടുത്ത് വരുത്തിവെച്ചത് എട്ടുലക്ഷം രൂപയുടെ കടം; ബാധ്യതയിൽ നിന്നും രക്ഷപെടാൻ കളിച്ചത് ആത്മഹത്യാ നാടകവും; ആലുവ മണപ്പുറത്ത് പുഴയിൽ ചാടി 'ജീവനൊടുക്കിയ' യുവാവിനെ പൊലീസ് ജീവനോടെ പിടികൂടിയത് കോട്ടയത്തുനിന്നും

മറുനാടൻ ഡെസ്‌ക്‌

ആലുവ: ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടാൻ മരണ നാടകം കളിച്ച യുവാവിനെ ഒടുവിൽ പൊലീസ് പിടികൂടി. മുപ്പത്തടം കീലേടത്ത് വീട്ടിൽ സുധീറിനെ(38)യാണ് പൊലീസ് പിടികൂടിയത്. ആലുവ മണപ്പുറത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ കോട്ടയത്തുനിന്നാണ് ആലുവ പൊലീസ് പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത കാരണമാണ് ഇത്തരമൊരു നാടകം കളിച്ച് നാടുവിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കാണാനില്ലെന്ന പരാതിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന് പുറമേ, പൊലീസിനെയും അഗ്നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സുധീറിനെ കാണാതായത്. മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ ഫോണുമടക്കം കണ്ടെത്തിയതോടെ ആരോ പുഴയിൽ ചാടിയെന്ന് കരുതി നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. വൈകാതെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിലിൽ പങ്കാളികളായി. വസ്ത്രങ്ങളും ഫോണും മുപ്പത്തടം സ്വദേശി സുധീറിന്റെയാണെന്ന് തിരിച്ചറിഞ്ഞു. വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ സുധീർ പെരിയാറിൽ ചാടി ജീവനൊടുക്കി എന്നുതന്നെയായിരുന്നു നിഗമനം. എന്നാൽ മണിക്കൂറുകളോളം പെരിയാറിൽ തിരച്ചിൽ നടത്തിയിട്ടും സുധീറിനെ കണ്ടെത്താനായില്ല.

ശനിയാഴ്ചയും നാട്ടുകാരുടെ പ്രത്യേകസംഘം തിരച്ചിലിനിറങ്ങി നിരാശരായി മടങ്ങി. ഒപ്പം അഗ്നിരക്ഷാസേനയും തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെയാണ് യുവാവ് പുഴയിൽ ചാടിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. കാണാതായ സുധീർ വീട്ടിലേക്ക് ഫോൺവിളിച്ച് താൻ കോട്ടയത്തുണ്ടെന്ന് പറഞ്ഞതായി ഇയാളുടെ സഹോദരനും ഭാര്യയും പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ ആലുവ സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോട്ടയത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

സ്ഥിരമായി വലിയ തുകയ്ക്ക് ലോട്ടറി എടുക്കുന്നയാളായിരുന്നു സുധീർ. ഇതിലൂടെ എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കടക്കാരിൽനിന്ന് രക്ഷപ്പെടാനായാണ് പെരിയാറിൽ ചാടി മരിച്ചെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുതിയ വസ്ത്രങ്ങളെല്ലാം വാങ്ങി മണപ്പുറം ഭാഗത്ത് എത്തിയ യുവാവ് നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങൾ അവിടെ അഴിച്ചുവെയ്ക്കുകയായിരുന്നു. തുടർന്ന് പുതിയ വസ്ത്രങ്ങളണിഞ്ഞ് കോട്ടയം ഭാഗത്തേക്ക് കടക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമായി തനിക്ക് വേണ്ടി നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ നടത്തുന്നതും കോട്ടയത്ത് താമസിക്കാൻ മറ്റുമാർഗങ്ങളില്ലാതായതോടും കൂടി വീട്ടിലേക്ക് വിളിച്ച് സത്യം വെളിപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP