Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷെയർ ചാറ്റിൽ സുൽത്താനെന്ന് പറഞ്ഞ് പരിചയപ്പെട്ടു; അമ്മയുടെ അസുഖം പ്രാർത്ഥിച്ച് മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധം ഉറപ്പിച്ചു; കറങ്ങി വരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി മല്ലപ്പള്ളിയിൽ നിന്ന് തുടങ്ങിയ പ്രയാണം അവസാനിച്ചത് കുന്നംകുളത്തെ വാടക വീട്ടിൽ; തുടർന്ന് രാപകൽ പീഡനം; കീഴ്‌വായ്പൂർ പൊലീസ് തെരഞ്ഞു ചെന്നപ്പോൾ കണ്ടതുകൊടുംക്രിമിനലിനെ; സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കുന്ന ക്രിമിനൽ കേസ് പ്രതി പിടിയിൽ

ഷെയർ ചാറ്റിൽ സുൽത്താനെന്ന് പറഞ്ഞ് പരിചയപ്പെട്ടു; അമ്മയുടെ അസുഖം പ്രാർത്ഥിച്ച് മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധം ഉറപ്പിച്ചു; കറങ്ങി വരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി മല്ലപ്പള്ളിയിൽ നിന്ന് തുടങ്ങിയ പ്രയാണം അവസാനിച്ചത് കുന്നംകുളത്തെ വാടക വീട്ടിൽ; തുടർന്ന് രാപകൽ പീഡനം; കീഴ്‌വായ്പൂർ പൊലീസ് തെരഞ്ഞു ചെന്നപ്പോൾ കണ്ടതുകൊടുംക്രിമിനലിനെ; സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കുന്ന ക്രിമിനൽ കേസ് പ്രതി പിടിയിൽ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: ഷെയർ ചാറ്റിലൂടെ മൂന്നാഴ്ച മുൻപ് മാത്രം പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കുന്നംകുളത്തെ വാടകവീട്ടിൽ എത്തിച്ച് അഞ്ചു ദിവസം രാപകൽ ഭേദമന്യേ ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ കൊടുംക്രിമിനലിനെ കീഴ്‌വായ്പൂർ ഇൻസ്‌പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാട്ടിരി കല്ലടേത്ത് ലത്തീഫിനെ(40)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് മടങ്ങും വഴി തനിക്ക് കോവിഡ് ഉണ്ടെന്ന് പറഞ്ഞ് ഇയാൾ പൊലീസുകാരുടെ ശരീരത്തിൽ തുപ്പുകയും മാന്തുകയും ചെയ്തു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട് കീഴ്‌വായ്പൂര് സ്‌റ്റേഷനിലെത്തിച്ചു.

കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 2.30 നാണ് പാലയ്ക്കാത്തകിടി സ്വദേശിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിയെ ബൈക്കിൽ ഒന്നു കറങ്ങി വരാമെന്ന് പറഞ്ഞ് ഇയാൾ തട്ടിക്കൊണ്ടു പോയത്. മൂന്നാഴ്ച മുൻപാണ് ഷെയർ ചാറ്റ് വഴി 19 വയസുള്ള പെൺകുട്ടിയെ ഇയാൾ പരിചയപ്പെട്ടത്. ഇക്ക എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. സുൽത്താൻ എന്ന പേരിലാണ് ഇയാൾ ഷെയർ ചാറ്റിൽ പ്രത്യക്ഷപ്പെട്ടത്. വിലകൂടിയ ഷർട്ടും ഗ്ലാസും ധരിച്ച് ഫുൾ മേക്കപ്പിൽ ഇയാളെ കണ്ടാൽ സിനിമാ താരങ്ങളും തോറ്റു പോകും. തന്റെ വീടാണെന്ന് പറഞ്ഞ് വലിയ ബംഗ്ലാവിന്റെ ചിത്രങ്ങളും പെൺകുട്ടിയെ കാണിച്ചു കൊടുത്തു. തൃശൂരിൽ വമ്പൻ ബിസിനസ് ആണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

ചാറ്റ് ചെയ്യുന്നതിനിടയിൽ തന്റെ മാതാവിന് വയറ്റിൽ അസുഖമുണ്ടെന്ന് പെൺകുട്ടി ഇയാളോട് പറഞ്ഞിരുന്നു. തനിക്ക് ചില ഉസ്താദുമാരുമായി ബന്ധമുണ്ടെന്നും അമ്മയുടെ ഒരു പടം വാട്‌സാപ്പിൽ അയച്ചു തന്നാൽ താൻ അമ്മയുടെ രോഗം പ്രാർത്ഥിച്ച് മാറ്റാമെന്ന് കഴിഞ്ഞ് അഞ്ചിന് ഇയാൾ വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് പെൺകുട്ടി പടം അയച്ചു കൊടുത്തു. താൻ പ്രാർത്ഥിച്ചിട്ടുണ്ട് കുഴപ്പമില്ലെന്നും അയാൾ അറിയിച്ചു. അന്നത്തെ ദിവസം മാതാവിന് വയറുവേദന കുറഞ്ഞതോടെ പെൺകുട്ടിക്ക് ഇയാളിൽ വിശ്വാസം ജനിക്കുകയും ചെയ്തു.

പിന്നീട് ഇയാൾ വിളിച്ച് പിറ്റേന്ന് മല്ലപ്പള്ളിയിൽ വരാമെന്നും നീ വന്നാൽ നിന്റെ വീട്ടിലെ പ്രശ്‌നങ്ങൾ ഒക്കെ താൻ സംസാരിച്ച് പരിഹരിച്ച് തരാമെന്ന് അയാൾ അറിയിച്ചു. ഇവർ തമ്മിൽ ഫോട്ടോയിലൂടെ മാത്രമാണ് കണ്ടിട്ടുള്ളത്. 26 വയസാണ് തനിക്കെന്നും പറഞ്ഞിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് 2.30 ന് പെൺകുട്ടി അനിയത്തിയെയും കൂട്ടി പാലയ്ക്കാത്തകിടിയിൽ എത്തി. ഹെൽമറ്റ് ധരിച്ച് എത്തിയ ലത്തീഫ് മല്ലപ്പള്ളി വരെ പോയി വരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പൾസർ ബൈക്കിന് പിന്നിൽ കയറ്റി. ആ ബൈക്ക് വൈകിട്ട് അഞ്ചിന് എറണാകുളത്താണ് ചെന്ന് നിന്നത്. പോകുന്ന വഴി പെൺകുട്ടിയുടെ ഫോണിന്റെ സിം ഇയാൾ ഒടിച്ചു കളയുകയും ചെയ്തു. ജീവൻ വേണമെങ്കിൽ കെട്ടിപ്പിടിച്ചിരുന്നോ ഇപ്പോൾ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് എറണാകുളത്ത് നിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു പാഞ്ഞു പോയി. അത് അവസാനം ചെന്ന് നിന്നത് കുന്നംകുളത്ത് ഒരു കാടിന് നടുവിൽ ആളൊഴിഞ്ഞ വീട്ടിലായിരുന്നു.

അവിടെ വച്ച് ഹെൽമറ്റ് ഊരുമ്പോഴാണ് പെൺകുട്ടി ആദ്യമായി ഇയാളെ കാണുന്നത്. യഥാർഥ രൂപം കണ്ട പെൺകുട്ടി ഞെട്ടി വിറച്ചു നിലവിളിച്ചു. അന്ന് രാത്രി പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഒറ്റവാതിൽ മാത്രമാണ് വീടിനുള്ളത്. രാവിലെ ഒരു ബലാൽസംഗം നടത്തിയ ശേഷം ലത്തീഫ് പുറത്തേക്ക് പോകും. ഭക്ഷണവുമായി മടങ്ങും. വീണ്ടും ബലാൽസംഗം. ഇങ്ങനെ നാലു ദിവസം കടന്നു പോയി. ഇതിനിടെ തന്റെ കൈവശമുള്ള ഫോണിൽ നിന്ന് വീട്ടുകാർക്ക് പെൺകുട്ടിയെ കൊണ്ട് ശബ്ദസന്ദേശം അയപ്പിച്ചു. താൻ കണ്ണൂരുകാരൻ അനഘിനൊപ്പം പോയിരിക്കുകയാണ് ഉടൻ മടങ്ങി വരുമെന്നായിരുന്നു സന്ദേശം. വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് സൈബർ സെൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയപ്പോൾ നിരന്തരം പെൺകുട്ടി ബന്ധപ്പെട്ടിരുന്ന നമ്പരുകൾ കണ്ടെത്തി. ഇതിൽ വിളിച്ചപ്പോൾ അവർക്കാർക്കും അറിയില്ലെന്ന് വ്യക്തമായി. സമീപ ദിവസങ്ങളിലായി വിളിച്ചിരുന്ന ഒരു നമ്പർ പൊലീസ് കണ്ടെത്തി അതിൽ വിളിച്ചപ്പോൾ തന്റെ പേര് നിയാസ് എന്നാണെന്നും വീട് ഈരാറ്റുപേട്ടയിലാണെന്നും പറഞ്ഞു. പെൺകുട്ടി എവിടെ ഉണ്ടെന്ന് അറിയില്ലെന്നും പറഞ്ഞു. വേറെ വല്ലോരുടെയും കൂടെ പോയതാകും എന്ന് പറഞ്ഞു.

പൊലീസ് വിരട്ടിയതോടെ അവൾ കണ്ണൂരിലുണ്ടെന്നും താൻ വിളിക്കാൻ പറയാമെന്നും അറിയിച്ചു. ഇതനുസരിച്ച് എട്ടിന് രാവിലെ പെൺകുട്ടി കീഴ്‌വായ്പൂർ ഇൻസ്‌പെക്ടറെ വിളിച്ച് നാളെ രാവിലെ താൻ ഹാജരാകാമെന്ന് അറിയിച്ചു. എന്നാൽ ആരും വന്നില്ല. 10 ന് രാവിലെ വീണ്ടും ഇൻസ്‌പെക്ടറെ വിളിച്ച പെൺകുട്ടി താൻ ട്രാപ്പിലാണെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് നമ്പർ ട്രേസ് ചെയ്തു. നിയാസ് എന്ന് പറഞ്ഞവനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് മനസിലാക്കിയ പൊലീസ് ആ നമ്പർ കുന്നംകുളത്താണ് ഉള്ളതെന്ന് മനസിലാക്കി. തുടർന്ന് ഇന്നലെ രണ്ട് പൊലീസുകാർ സൈബർസെൽ സഹായത്തോടെ കുന്നംകുളത്തിന് പുറപ്പെട്ടു. ഒളിസ്ഥലം കണ്ടെത്തി പൊലീസുകാർ ചെല്ലുമ്പോൾ ഇയാൾ ആ വീട്ടിലുണ്ടായിരുന്നു. വന്നത് പൊലീസുകാരാണെന്ന് അറിഞ്ഞതോടെ പെൺകുട്ടി അലമുറയിട്ട് അവരുടെ കാൽക്കൽ വീണു. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ തൂങ്ങി മരിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. അത്ര കഠിനമായ പീഡനമാണ് ഏൽക്കേണ്ടി വന്നിരുന്നത്. നീ ലത്തീഫ് അല്ലേടാ എന്ന് പൊലീസ് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചു.

വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയിരുന്നു. ഇവിടെ സ്ഥിരമായി പെൺകുട്ടികൾ എത്താറുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. പ്രതിയുമായി തിരികെ വരുമ്പോഴാണ് ചാലക്കുടിയിൽ വച്ച് തനിക്ക് കോവിഡാണ് എന്ന് പറഞ്ഞ് ഇയാൾ ബഹളം കൂട്ടിയത്. ശ്വാസതടസവും പനിയുമുണ്ടെന്ന് പറഞ്ഞ് ലത്തീഫ് പൊലീസുകാരുടെ ശരീരത്ത് തുപ്പുകയും ചെയ്തു. ഇതോടെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. ഡോക്ടർ എക്‌സ്‌റേ, ഇസിജി എന്നിവ എടുത്ത് പരിശോധിച്ചു. കുഴപ്പമൊന്നുമില്ലെന്ന് വന്നതോടെ യാത്ര തുടർന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലത്തീഫ് എന്ന് ഇൻസ്‌പെക്ടർ സഞ്ജയ് പറഞ്ഞു. ഷെയർ ചാറ്റിലൂടെ നിരവധി പെൺകുട്ടികളെ ഇയാൾ വലയിലാക്കിയിട്ടുണ്ട്. 18-20 വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ ഫോണിലേക്ക് ഇപ്പോഴും പെൺകുട്ടികളുടെ സന്ദേശം വന്നു കൊണ്ടിരിക്കുകയാണ്. 14 പെൺകുട്ടികളുമായി ഒരേ സമയം ഇയാൾ ചാറ്റ് ചെയ്യുന്നുണ്ട്. ഇവരോടെല്ലാം പാലയ്ക്കാത്തകിടിയിലെ കുട്ടിയോട് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വലയിലാക്കുന്ന പെൺകുട്ടികളെ കുന്നംകുളത്തെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്യുന്നതാണ് ഇയാളുടെ രീതി.

മുൻപ് ഇങ്ങനെ പീഡനത്തിന് ഇരയായവർ പുറത്ത് പറയാതിരുന്നതും ഇയാൾക്ക് തുണയായി. ഇന്നലെ രാവിലെ പെൺകുട്ടിയുടെ അമ്മാവനെ വിളിച്ച ശേഷം ലത്തീഫിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ നൽകിയിട്ട് അതിലേക്ക് 2000 രൂപ ഇട്ടു കൊടുക്കാൻ പറഞ്ഞിരുന്നു. ഇക്ക എന്നെ പെരുമ്പാവൂരിൽ കൊണ്ടു വിടുമെന്നും അവിടെ നിന്ന് വീട്ടിലേക്ക് വരാനുള്ള വണ്ടിക്കൂലിയാണ് ഇതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. 1000 രൂപ എടുത്ത ശേഷം 1000 രൂപ കുട്ടിക്ക് നൽകി പെരുമ്പാവൂരിൽ കൊണ്ടു വിടാനായിരുന്നു ലത്തീഫിന്റെ നീക്കം. വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചപ്പോൾ പണം ഇടരുതെന്ന് പറഞ്ഞു. പണം ഇട്ടിരുന്നെങ്കിൽ പ്രതി രക്ഷപ്പെടുമായിരുന്നുവെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP