Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖമറുദീന്റെ പ്രഭാഷണങ്ങൾ ജിഹാദി ആശയത്തിലേക്ക് നയിച്ചു; ബോംബ് നിർമ്മിച്ചത് എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അബ്ബാസ് അലി; മലപ്പുറം കളട്‌റേറ്റിലെ സ്‌ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ബേസ് മൂവ്‌മെന്റ് തന്നെ; അൽ ഉമ്മയ്‌ക്കെതിരേയും ഇനി അന്വേഷണം

ഖമറുദീന്റെ പ്രഭാഷണങ്ങൾ ജിഹാദി ആശയത്തിലേക്ക് നയിച്ചു; ബോംബ് നിർമ്മിച്ചത് എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അബ്ബാസ് അലി; മലപ്പുറം കളട്‌റേറ്റിലെ സ്‌ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ബേസ് മൂവ്‌മെന്റ് തന്നെ; അൽ ഉമ്മയ്‌ക്കെതിരേയും ഇനി അന്വേഷണം

എം പി റാഫി

മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് വളപ്പിലെ കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്ഫോടനം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ മലപ്പുറം സ്ഫോടന കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്തതായും കസ്റ്റഡിയിലുള്ള അബ്ബാസ് അലിയാണ് ബേസ്മൂവ്മെന്റിന്റെ തലവനെന്നും മൊഴിലഭിച്ചു. ഖമറുദ്ദീൻ എന്ന മുസ്ലിംപണ്ഡിതനും അൽ ഉമ്മ നേതാവുമായ പ്രഭാഷണമാണ് തന്നെ ജിഹാദി ആശയങ്ങളിലേക്ക് നയിച്ചതെന്നും അബ്ബാസ് അലി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

നേരത്തെ കൊല്ലം കലക്ട്രേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം നടത്തിയതിന് പ്രതി ചേർക്കപ്പെട്ട നാല് പേരടക്കം അഞ്ചു പേരെയാണ് മലപ്പുറം സ്ഫോടന കേസിൽ കോടതിയിൽ ഹാജരാക്കിയത്. മധുര ഇസ്മായീൽപുരും സ്വദേശി അബ്ബാസ് അലി(27), മധുര കെപുത്തൂർ വിശ്വനാഥ നഗർ സാംസൻ കരീം രാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര തയിർ മാർക്കറ്റ് ഷംസുദ്ദീൻ (26), ആന്ധ്ര അത്തിക്കുളം കെപുത്തൂർ മുഹമ്മദ് അയ്യൂബ് എന്നിവരെയാണ് അന്വേഷണം സംഘം പത്ത് ദിവസത്തിന് കസ്റ്റഡിയിൽ വാങ്ങിയത്.

ആദ്യ നാലു പ്രതികളും കൊല്ലം കലക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ റിമാൻഡിലായിരുന്നു. അയ്യൂബിനെ തമിഴ്‌നാട് നെല്ലൂരിൽ നിന്നാണ് കൊണ്ടുവന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് ഉദ്ഘോഷിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അഞ്ചോളം സ്ഥലങ്ങളിൽ തുടരെ ബോംബ് സ്ഫോടനം നടത്തിയെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിന്റെ (യു.എ.പി.എ) വിവിധ വകുപ്പുകളായ 310, 15, 16, 18, 20 എന്നിവയും ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 120,121 എ, 427, സ്ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തിൽ 3(എ) എന്നിവയും ചേർത്താണ് പ്രതികൾക്കെതിരെയുള്ള കേസ്. മലപ്പുറം എസ്‌പി ദേബേഷ് കുമാർ ബെഹ്റ, എഎസ്‌പി സുജിത് ദാസ്, നാർക്കോട്ടിക്ക് ഡിവൈഎസ്‌പി പിടി ബാലൻ, ഡിവൈഎസ്‌പിമാരായ സികെ ബാബു, കെ.വി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.

വെള്ളി, ശനി ദിവസങ്ങളിലെ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഒന്നാം പ്രതി അബ്ബാസ് അലി അൽഖാഇദയുടെ ഇന്ത്യൻ രൂപമായ ബേസ് മൂവ്മെന്റിന്റെ പ്രധാനിയാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളാണ് ബോംബ് നിർമ്മിച്ച് രണ്ടാം പ്രതിയായ കരീം രാജയെ മലപ്പുറത്തേക്ക് വിട്ടത്. സ്ഫോടനം നടത്തുന്നതിന്റെ പത്ത് ദിവസം മുമ്പ് കരീംരാജ മലപ്പുറത്തെത്തി കലക്ട്രേറ്റ് കോടതിയും പരിസരവും വീഡിയോ പകർത്തി കൊണ്ടുപോയിരുന്നു. കൊമേഴ്സ് ബിരുദദാരിയായ കരീംരാജ തന്നെയാണ് നവംബർ ഒന്നിന് കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചതും. ടാറ്റാ കൺസൾട്ടൻസിയിൽ എഞ്ചിനീയറായിരുന്ന ദാവൂദ് സുലൈമാൻ കേസിലെ മൂന്നാം പ്രതിയാണ്. സ്ഫോടനത്തിനാവശ്യമായ സാങ്കേതിക സഹായം നൽകിയത് ദാവൂദ് സുലൈമാനാണ്. പ്രതികളെ വെവ്വേറെയും ഒരുമിച്ചും ചോദ്യം ചെയ്യൽ തുടരുകയാണ്.

അൽഖാഇദയുടെ ആശയം പിൻപറ്റുന്ന ഇന്ത്യയിലെ സംഘടനയാണ് ബേസ് മൂവ്മെന്റ് എന്ന് സെഘത്തിലുള്ളവർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ കോയമ്പത്തൂർ ആസ്ഥാനമായി മുമ്പ് പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന തീവ്രവാദ സംഘടനയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി കണ്ടെത്തി. കേസിന്റെ പ്രാരംഭ ഘട്ടംമതലേ സ്ഫോടനത്തിനു പിന്നിൽ അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പ്രതികളുടെ ഇപ്പോഴത്തെ മൊഴി. മലപ്പുറം സ്ഫോടന കേസിലെ പ്രതികളെല്ലാം തമിഴ്‌നാട് മധുര കേന്ദ്രീകരിച്ചുള്ളവരാണ്. മധുര സ്വദേശിയായ അൽ ഉമ്മ നേതാവും പണ്ഡിതനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഖമറുദ്ദീൻ എന്നയാളാണ് തങ്ങൾക്കു വേണ്ട നിർദ്ദേശങ്ങളും പിന്തുണയും നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഖമറുദ്ദീന്റെ പ്രഭാഷണമാണ് ജിഹാദി ആശയത്തിലേക്ക് നയിച്ചതെന്നാണ് ബേസ് മൂവ്മെന്റ് തലവൻ അബ്ബാസ് അലിയുടെ മൊഴി.

ഖമറുദ്ദീനുമായി നേരിട്ട് ബന്ധുമുള്ളയാളാണ് അബ്ബാസ് അലി. ഇവരെല്ലാം ഒരേ നാട്ടുകാരുമാണ്. പിന്നീട് ഖമറുദ്ദീന്റെ നിർദ്ദേശ പ്രകാരം സംഘാംഗങ്ങൾ പലതവണ ഗൂഢാലോചന നടത്തിയതായും പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യലും ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കലുമാണ് സ്ഫോടനത്തിന്റെ ഉദ്ധേശം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ഇതേ സംഘം തന്നെ ആസൂത്രണം നടത്തിയതായും ഇതുസംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. വളരെ നിർണായകമായ വിവരങ്ങളാണ് പ്രതികളെ ചോദ്യം ചെയ്യലിൽ ലഭിച്ചത്. ദേശീയ അന്വേഷണ ഏജൻസിക്കും വിവരം കൈമാറിയിട്ടുണ്ട്. അതേസമയം ഇതുവരെ കേസിൽ പ്രതി ചേർക്കാത്ത ആളാണ് അൽ ഉമ്മ നേതാവ് ഖമറുദ്ദീൻ. ഇയാളെ കേസിൽ പ്രതി ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യുകയാണ് പൊലീസിന്റെ അടുത്ത നടപടി.

മലപ്പുറം കലക്ട്രേറ്റ് വളപ്പിലെ കോടതികൾക്കു മുന്നിൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ വാടക കാറിനു ചുവടെ സ്ഥാപിച്ച പ്രഷർ കുക്കർ ബോംബ് പൊട്ടിയാണ് നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഫോടനം ഉണ്ടായത്. ഇതിനു പുറമെ കർണാടകയിലെ മൈസൂർ, ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ കോടതികൾക്കു മുന്നിലും കൊല്ലം കലക്ട്രേറ്റ് വളപ്പിലും ഈ സംഘം സ്ഫോടനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP