Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മണർകാട് ക്രൗൺ ക്ലബ്ബിലേക്ക് ചീട്ടുകളിക്കാരെ എത്തിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാർ; ചീട്ടുകളിക്കാരെ ആസൂത്രിതമായി ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘവും; കളിക്കുന്നതിനായി പണം ഒടുക്കി വാങ്ങിയ ടോക്കൺ തീർന്നാൽ പലിശയ്ക്കും പണം ലഭിക്കും; വാഹനവും പണവും ഈടു വച്ചാൽ മുദ്രാപത്രത്തിൽ ഒപ്പിട്ടു നൽകണം; 50 ലക്ഷം വിലയുള്ള ആഡംബര കാർ ഒറ്റരാത്രി ചീട്ടുകളിച്ചു തുലച്ചവരും കോട്ടയത്ത്; മാഫിയാ ശൈലിയിൽ പ്രവർത്തിക്കുന്ന മാലം സുരേഷിന്റെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷയും തള്ളി

മണർകാട് ക്രൗൺ ക്ലബ്ബിലേക്ക് ചീട്ടുകളിക്കാരെ എത്തിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാർ; ചീട്ടുകളിക്കാരെ ആസൂത്രിതമായി ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘവും; കളിക്കുന്നതിനായി പണം ഒടുക്കി വാങ്ങിയ ടോക്കൺ തീർന്നാൽ പലിശയ്ക്കും പണം ലഭിക്കും; വാഹനവും പണവും ഈടു വച്ചാൽ മുദ്രാപത്രത്തിൽ ഒപ്പിട്ടു നൽകണം; 50 ലക്ഷം വിലയുള്ള ആഡംബര കാർ ഒറ്റരാത്രി ചീട്ടുകളിച്ചു തുലച്ചവരും കോട്ടയത്ത്; മാഫിയാ ശൈലിയിൽ പ്രവർത്തിക്കുന്ന മാലം സുരേഷിന്റെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷയും തള്ളി

ആർ പീയൂഷ്

കോട്ടയം: ചീട്ടുകളിക്കേസിൽ പൊലീസ് പ്രതി ചേർത്ത മണർകാട് ക്രൗൺ ക്ലബ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി വാവത്തിൽ കെ.വി.സുരേഷ് (മാലം സുരേഷ്) എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ജാമ്യം ലഭിക്കുന്ന കേസ് ആയതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നു കോടതി നിരീക്ഷിച്ചു. അതേ സമയം, നോട്ടിസ് അയച്ചു വിളിച്ചുവരുത്തിയ ശേഷമേ ഇരുവർക്കുമെതിരെയുള്ള അന്വേഷണ നടപടികൾ എടുക്കാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയാലും അറസ്റ്റ് ചെയ്യാൻ നിയമം ഉണ്ടായിരിക്കേ നിയമം അനുവദിക്കില്ലെന്ന കാരണം പറഞ്ഞാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. എന്നാൽ കോടതി ജാമ്യപേക്ഷ തള്ളിയിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ തയാറായിട്ടില്ല.ഇതിനിടെ മണർകാട് എസ്.എച്ച്.ഒ. ആയിരുന്ന സസ്‌പെൻഷനിലായ രതീഷ്‌കുമാറിനെ കൂടാതെ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മണർകാട് സ്റ്റേഷനിലെ 5 പൊലീസുകാർക്കെതിരെ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ക്ലബ്ബിലേക്കു ചീട്ടുകളിക്കാരെ എത്തിക്കുന്നതിനു കമ്മിഷൻ വ്യവസ്ഥയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇവർക്കു പുറമേ ചീട്ടുകളിക്കാരുടെ പക്കൽ നിന്ന് ആസൂത്രിതമായി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും ചിലർ പരാതി പറഞ്ഞു. കളിക്കുന്നതിനായി പണം ഒടുക്കിയാണു ടോക്കൺ വാങ്ങുന്നത്. ഈ പണം തീർന്നാൽ പലിശയ്ക്കു പണം ലഭിക്കും. എന്നാൽ എന്തെങ്കിലും ഈടു നൽകണം. ഈടു വച്ച് എടുത്ത പണവും കളിക്കിടെ നഷ്ടപ്പെട്ടാൽ ഈടായി നൽകാൻ ഏജന്റുമാർ നിർബന്ധം പിടിക്കും. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് കളിക്കിടെ പണം നഷ്ടപ്പെട്ടവർ പൊലീസിനെ അറിയിച്ചു.

വാഹനം ഈടുവച്ചതായി മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പിട്ടു വാങ്ങുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ഇവർ നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം.ജയിച്ചാൽ വാഹനവും ഒപ്പം കരാർ പ്രകാരമുള്ള പണവും ലഭിക്കും. തോറ്റാൽ വാഹനം നഷ്ടമാകും.50 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങൾവരെ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായവരുണ്ട്. ഇത്തരത്തിൽ സ്വന്തമാക്കുന്ന വാഹനങ്ങൾ കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന പണവും ഇതേ ഇടപാടുകൾക്കായി സുരേഷ് ഉപയോഗിച്ചിരുന്നതായാണു വിവരം. ചീട്ടുകളിക്കായി പണയപ്പെടുത്തിയ വാഹനം നഷ്ടമായതായിയവരിൽ ചിലർ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.ഇതോടൊപ്പം മാലം സുരേഷ് ബലമായി പിടിച്ചെടുത്ത വസ്തു ഉടമകളും വസ്തുതിരിച്ചു പിടിക്കുന്നതിന് പുതിയ പരാതികളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ 11 നാണ് മണർകാട് മാലം ക്രൗൺ ക്ലബിൽ നടത്തിയ റെയിഡിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്.

ചീട്ടുകളി നടക്കുന്ന സമയത്ത് ഇടനിലക്കാരന്റെ സാന്നിധ്യം ഉണ്ടാകും. പല പ്രമുഖരുടെയും ബെനാമിയായി പ്രവർത്തിക്കുന്നയാളാണ് ഈ ഇടനിലക്കാരനെന്നും സൂചനയുണ്ട്. റെയ്ഡിനൊടുവിൽ ചീട്ടുകളിച്ചവർ പിടിയിലായെങ്കിലും ഇടനിലക്കാരൻ കടന്നു കളഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർ ഇതിന് അവസരം നൽകിയെന്നാണ് ആരോപണം. പൊലീസ് പരിശോധനയ്ക്കിടെ ക്ലബിൽ ഉണ്ടായിരുന്ന ഇടനിലക്കാരനായുള്ള തിരച്ചിൽ തുടരുകയാണെന്നു അന്വേഷണ ഉദ്യേഗസ്ഥർ പറഞ്ഞു. ഇയാൾ അരുവിക്കുഴി സ്വദേശിയാണെന്ന സൂചന മാത്രമാണു പൊലീസിനുള്ളത്. ഇടനിലക്കാരനൊപ്പം ചീട്ടുകളിയും പണം ഇടപാടും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രജിസ്റ്ററും കാണാതായി. ഈ രജിസ്റ്റർ കണ്ടെത്താൻ കൂടിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

മാലം സുരേഷിനെതിരെ കൂടുതൽ പരാതികൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ചീട്ടുകളിക്കാൻ ക്ലബ്ബിൽ നിന്നു തന്നെ പണം വായ്പ വാങ്ങിയതിന് ഈടായി വാഹനങ്ങൾ നഷ്ടപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത് എട്ടുപേരാണ്. എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറഞ്ഞു. ക്ലബ് ഉടമകളെ ഭയന്നാണു പരാതി പറയാത്തതെന്നാണു പൊലീസ് സംശയിക്കുന്നത്. റെയ്ഡിൽ പങ്കെടുത്ത 2 സബ് ഇൻസ്പെക്ടർമാർ, 2 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരുടെ മൊഴി ഇന്നലെ ശേഖരിച്ചു. റെയ്ഡ് വേളയിൽ മേശകളിൽ നിന്നു പണം ലഭിച്ചതായി ഇവർ മൊഴി നൽകി. ഇന്നു പ്രതികൾ, സമീപവാസികളായ സാക്ഷികൾ എന്നിവരുടെ മൊഴിയെടുക്കും.

മാലം സുരേഷിനെതിരെയുള്ള കേസുകളുടെ വിവരം കഴിഞ്ഞ ദിവസം പൊലീസ് ഗവ. പ്ലീഡർക്കു കൈമാറി.ചീട്ടുകളിക്ക് ഒത്താശ നൽകിയെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ ഇൻസ്പെക്ടർ (മുൻ എസ്എച്ച്ഒ മണർകാട്) ആർ. രതീഷ് കുമാറിനെതിരെയുള്ള വകുപ്പു തല അന്വേഷണം ചേർത്തല ഡിവൈഎസ്‌പി കെ. സുഭാഷിനു നൽകി. ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുഭാഷ്.

അതേ സമയം മണർകാട് ചീട്ടുകളിക്കാൻ എത്തിയ 43 പേരുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ജെ.സന്തോഷ്‌കുമാറാണ് കേസിലെ പ്രതികളുടെ മൊഴിയെടുക്കുന്നത്. ചീട്ടുകളിക്കേസ് അട്ടിമറിക്കാണ നേരത്തെ സസ്‌പെൻഷനിലായി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാർ കേസ് അട്ടിമറിക്കാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ജെ.സന്തോഷ്‌കുമാറിനു കൈമാറിയത്. ഈ കേസിലാണ് പ്രതികളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കുന്നത്. റെയിഡിൽ പങ്കെടുത്ത സിഐമാരുടെയും എഎസ്ഐമാരുടെയും മൊഴിയെടുപ്പ് അടുത്ത ദിവസങ്ങളിൽ ശേഖരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP