Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിനക്ക് ഭർത്താവ് ഉണ്ടെന്നോ? എന്താ നീ കരുതിയത് അവനെ എനിക്ക് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വിലയേയുള്ളു എന്ന് യുവതിയോട് ഭീഷണി; 3.50 ലക്ഷം തന്നില്ലെങ്കിൽ ഭാര്യയെ സിറിയയിൽ കൊണ്ടുപോയി ഐഎസിനു വിൽക്കുമെന്ന് ഭർത്താവിനോടും; ഗസ്സലി ചെറിയ മീനല്ല; തളിപ്പറമ്പുകാരൻ സിറിയിലേക്ക് മുങ്ങിയോ?

നിനക്ക് ഭർത്താവ് ഉണ്ടെന്നോ? എന്താ നീ കരുതിയത് അവനെ എനിക്ക് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വിലയേയുള്ളു എന്ന് യുവതിയോട് ഭീഷണി; 3.50 ലക്ഷം തന്നില്ലെങ്കിൽ ഭാര്യയെ സിറിയയിൽ കൊണ്ടുപോയി ഐഎസിനു വിൽക്കുമെന്ന് ഭർത്താവിനോടും; ഗസ്സലി ചെറിയ മീനല്ല; തളിപ്പറമ്പുകാരൻ സിറിയിലേക്ക് മുങ്ങിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി തളിപ്പറമ്പുകാരൻ മജീദ് (എം.കെ.ഗസ്സലി) സിറിയയിലേക്ക് കടക്കാൻ സാധ്യത ഏറെ. മനുഷ്യക്കടത്തിന് ഇരയായ 4 യുവതികൾ ഇതിനകം പൊലീസിനു പരാതി നൽകിയെങ്കിലും തട്ടിപ്പിന്റെ മുഖ്യകണ്ണിയായ മജീദിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇയാൾ കുവൈറ്റിൽ ഉണ്ടെന്നും സൂചനയുണ്ട്. കുവൈറ്റിലെ ഇന്ത്യൻ എംബസി വഴി മജീദിനെ കണ്ടെത്താനും നീക്കമുണ്ട്. അതിനിടെ ഇയാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടു.

വലിയ ക്രൂരതകളാണ് മലയാളി യുവതികളോട് മജീദ് കാട്ടിയത്. ''പറയുന്ന പണിയും ചെയ്ത് അടങ്ങി ഒതുങ്ങി അവിടെ നിന്നോണം, നിനക്ക് ഭർത്താവ് ഉണ്ടെന്നോ? എന്താ നീ കരുതിയത് അവനെ എനിക്ക് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വിലയേയുള്ളു, നീ പൊലീസിലോ പട്ടാളത്തിലോ എവിടെ വേണമെങ്കിലും പരാതി കൊടുക്ക്, എനിക്കറിയാം നിന്നെ എന്തു ചെയ്യണമെന്ന്...'' അടിമപ്പണി സഹിക്കവയ്യാതെ നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവതിക്കു മജീദ് നൽകിയ മറുപടിയാണ് ഇത്. ആരേയും ഭയമില്ലെന്ന സന്ദേശം നൽകിയായിരുന്നു പീഡനവും ക്രൂരതയും.

ഭാര്യയെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടു വിളിക്കുന്ന ഭർത്താവിനോടു 3.50 ലക്ഷം രൂപയാണു മജീദ് ചോദിക്കുന്നത്. അല്ലെങ്കിൽ അവരെ സിറിയയിൽ കൊണ്ടുപോയി ഐഎസിനു വിൽക്കുമെന്നാണു ഭീഷണി. പശ്ചിമ കൊച്ചി സ്വദേശിയുടെ പരാതി കൊച്ചി സിറ്റി പൊലീസിനു ലഭിക്കുമ്പോൾ മജീദ് കോഴിക്കോട്ട് ഉണ്ടായിരുന്നു. പരാതി വാർത്തയായതോടെ വിദേശത്തേക്കു കടന്നു. ഇന്ത്യയിൽ ഉടനീളം ഇയാൾക്ക് സംവിധാനമുണ്ട്. മജീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനാണ് പൊലീസ് തീരുമാനം.

കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളും മജീദിന് എതിരാണ്. യുവതികളെ റിക്രൂട്ട് ചെയ്തു മജീദിനു കൈമാറുന്ന ജോലിയാണു അജുമോൻ ചെയ്തിരുന്നത്. നാട്ടിലെത്തിയാൽ കുവൈത്തിലെ പീഡന വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ നിർബന്ധിച്ചു കുറെ മിഠായിയും വസ്ത്രങ്ങളും തന്നയച്ചതായി കുവൈത്തിൽ നിന്നു രക്ഷപ്പെട്ട് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ചെറായി സ്വദേശിയായ യുവതി പറഞ്ഞു.

ഏപ്രിൽ 14നാണ് ഇവിടെനിന്നു പോയത്. 3 മാസത്തോളം ജോലി ചെയ്‌തെങ്കിലും ശമ്പളമൊന്നും നൽകിയില്ല. ചോദിച്ചപ്പോൾ ശമ്പളത്തുക ടിക്കറ്റിനും മറ്റുമായി ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. 30000 ഇന്ത്യൻ രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ഫോൺ പിടിച്ചു വാങ്ങി ഫോണിലെ മെമ്മറി എല്ലാം മായിച്ചു കളഞ്ഞു. ''50 കിലോഗ്രാം ഭാരമുള്ള ചാക്കുകൾ പലതവണ എടുപ്പിക്കും. വയ്യ എന്നു പറഞ്ഞാൽ മർദിക്കും. വൃത്തികെട്ട ഭാഷയിൽ ശകാരിക്കും.

ഭക്ഷണം സമയത്തിനു കിട്ടിയാലും ശകാരം കേട്ടാൽ ഭക്ഷണം കഴിക്കാൻപോലും തോന്നില്ല. താൻ നിന്നിരുന്ന വീട്ടിൽ മറ്റൊരു മലയാളി യുവതികൂടി ഉണ്ടായിരുന്നു. എന്നാൽ തമ്മിൽ സംസാരിക്കാൻ വീട്ടുടമയായ വിദേശി സമ്മതിക്കില്ല. രക്ഷപ്പെടാനായി വീട്ടിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഏതാനും വിദേശികൾ ചേർന്നു പിടികൂടി മർദിച്ചു. നാട്ടിൽ വീടില്ല. നല്ലൊരു തുക കടമുണ്ട്. അതുകൊണ്ടാണു കുവൈത്തിൽ ജോലി ലഭിക്കുമെന്നു പറഞ്ഞപ്പോൾ പോകാമെന്നു കരുതിയത്.''-യുവതി പറയുന്നത് ഇങ്ങനെയാണ്.

അജുമോനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായ കൂടുതൽ യുവതികളും അവരുടെ കുടുംബങ്ങളും പരാതി പറയാൻ തയാറായി മുന്നോട്ടുവരുന്നുണ്ട്. കൊച്ചിയിലെ ഏജന്റാണു അജുമോൻ. എറണാകുളം രവിപുരത്തെ ഇയാളുടെ സ്ഥാപനം വഴിയാണു യുവതികളെ റിക്രൂട്ട് ചെയ്തത്. മജീദിന്റെ അടിമക്കച്ചവടത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നാണ് അജുമോന്റെ മൊഴി. എന്നാൽ കേസിലെ പരാതിക്കാരുടെ മൊഴിയനുസരിച്ചു മജീദിന്റെ മുഴുവൻ ഇടപാടുകളെ കുറിച്ചും അറിയാവുന്ന പങ്കാളിയാണ് അജുമോനെന്നു തട്ടിപ്പിന് ഇരയായ തൃക്കാക്കര സ്വദേശിനി പറഞ്ഞു. നാട്ടിലേക്കു തിരികെ വരണമെങ്കിൽ 3.5 ലക്ഷം രൂപ വേണമെന്നു നിർബന്ധം പിടിച്ചത് അജുമോനാണ്.

കുവൈത്തിൽ കുടുങ്ങിയ തൃക്കാക്കര സ്വദേശിനിയുടെ മകനാണ് അജുമോന് 50,000 രൂപ നൽകിയത്. ഓൺലൈൻ വഴി പണം കൈമാറിയതിന്റെ രേഖകളും അന്വേഷണ സംഘത്തിനു നൽകി. മനുഷ്യക്കടത്തിൽ തനിക്കു പങ്കില്ലെന്നും താൻ ജീവനക്കാരൻ മാത്രമാണെന്നുമായിരുന്നു അജുമോന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP