Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ബാറിലെ അരണ്ട വെളിച്ചത്തിൽ ഉണ്ണിക്കൊപ്പം പാട്ടുപാടിയും മേളമിട്ടും കൂട്ടുകൂടി; കാശിറക്കിയുള്ള പുതിയ കൂട്ടുകാരുടെ മദ്യപാന സദസുകൾക്കായി കാത്ത് ഉണ്ണിയും; ആഴ്ചകൾക്കൊടുവിൽ തലയിൽ പൂത്തിരികത്തുന്ന രാത്രിയിൽ ഉണ്ണിയുടെ കൂട്ടുകാരിൽ ഒരാൾ അറിയാതെ പറഞ്ഞുപോയി: ഇവൻ ഒരാളെ 'തട്ടി'യിട്ടുണ്ട് ബ്രോസ്; വേഷം മാറി വന്ന പുതിയ കൂട്ടുകാർ ഉണ്ണിയെ പൊക്കി അകത്തിട്ടപ്പോൾ തെളിഞ്ഞത് 19 വർഷം പഴക്കമുള്ള കേസ്; മുന്നിൽ നിന്ന് നയിച്ചത് കൂടത്തായി തെളിയിച്ച കെ.ജി.സൈമണും

ബാറിലെ അരണ്ട വെളിച്ചത്തിൽ ഉണ്ണിക്കൊപ്പം പാട്ടുപാടിയും മേളമിട്ടും കൂട്ടുകൂടി; കാശിറക്കിയുള്ള പുതിയ കൂട്ടുകാരുടെ മദ്യപാന സദസുകൾക്കായി കാത്ത് ഉണ്ണിയും; ആഴ്ചകൾക്കൊടുവിൽ തലയിൽ പൂത്തിരികത്തുന്ന രാത്രിയിൽ ഉണ്ണിയുടെ കൂട്ടുകാരിൽ ഒരാൾ അറിയാതെ പറഞ്ഞുപോയി: ഇവൻ ഒരാളെ 'തട്ടി'യിട്ടുണ്ട് ബ്രോസ്; വേഷം മാറി വന്ന പുതിയ കൂട്ടുകാർ ഉണ്ണിയെ പൊക്കി അകത്തിട്ടപ്പോൾ തെളിഞ്ഞത് 19 വർഷം പഴക്കമുള്ള കേസ്; മുന്നിൽ നിന്ന് നയിച്ചത് കൂടത്തായി തെളിയിച്ച കെ.ജി.സൈമണും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: 19 വർഷം പിന്നാലെ ഓടി നടന്നിട്ടും തെളിയിക്കാനാവാതെ തോറ്റുപിന്മാറാൻ കേരള പൊലീസ് ഒരുങ്ങുന്ന സമയം. കേസ് എഴുതി തള്ളാൻ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ. ആ സമയത്താണ് കൂടത്തായി കേസ് തെളിയിച്ച കെ.ജി.സൈമൺ ഒരുകൈ നോക്കുന്നത്. ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ കാണായ സംഭവമാണ് കേസായത്. 1995 ലാണ് ഇയാളെ കാണാതായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരുതുമ്പും കിട്ടിയില്ല. മുക്കൂട്ടുതറയിൽ കാണാതായ ജസ്‌നയെ പോലെ, മഹാദേവനെയും അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന മട്ടിലുള്ള സന്ദേശങ്ങൾ. എന്നാൽ, മഹാദേവനെ കണ്ടതായി അറിയിച്ച് ഫോൺകോളുകളും, വിട്ടയയക്കാൻ പണവും ആവശ്യപ്പെട്ടുള്ള കത്തുകളും കിട്ടിക്കൊണ്ടിരുന്നു.

മഹാദേവന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ കേസിൽ വീണ്ടും അന്വേഷണമായി. 2015 ൽ അന്വേഷണം ആരംഭിച്ചു. പഴയ കേസ് ഡയറി വിശദമായി പഠിച്ചു. ചങ്ങനാശേരിയിലെ സൈക്കിൾ കടക്കാരൻ ഉണ്ണി എന്ന ഹരികുമാർ ഇതിനിടെയാണ് പൊലീസിന്റെ നിരീക്ഷണത്തിൽപെടുന്നത്. സംഭവത്തിൽ ദുരൂഹത തോന്നി. ക്രൈംബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു.എന്നാൽ, മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ണി ആവർത്തിച്ചു. ഇതോടെ പൊലീസ് തന്ത്രം ഒന്നു മാറ്റിപ്പിടിച്ചു. മഫ്തിയിലായി അന്വേഷണം.

ഉണ്ണി അത്യാവശ്യം നന്നായി മദ്യപിക്കുന്ന ആളെന്ന് മനസ്സിലായി. കച്ചവടക്കാരാണെന്ന് പരിചയപ്പെടുത്തി ബാറിൽ വച്ച് ഉണ്ണിയുടെയും കൂട്ടുകാരുടെയും ഒപ്പം കൂടി. പതിയെ ചങ്ങാതിമാരായി. ആഴ്ചകളോളം പാട്ടും മേളവുമായി അവരോടൊപ്പം മദ്യപാന സദസുകളിൽ പങ്കെടുത്തു. ഇതിന് വേണ്ടി കാശും ഒഴുക്കി. ഒരുദിവസം മദ്യലഹരി തലയ്ക്ക് പിടിച്ചപ്പോൾ ഉണ്ണിയുടെ സുഹൃത്തുക്കളിൽ ഒരാൾ അറിയാതെ പറഞ്ഞുപോയി: ' ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതിൽ ഭയങ്കര വിഷമവുമുണ്ട്.' പിന്നെ വൈകിയില്ല. പൊലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. മഹാദേവനെ കൂടാതെ മറ്റൊരാളെക്കൂടി ഉണ്ണി വകവരുത്തിയതായും പൊലീസ് കണ്ടെത്തി.

മഹാദേവന്റെ തിരോധാനം

മതുമൂല കവലയിൽ ചതയദിനാഘോഷം കാണാൻ പോയതായിരുന്നു ആ പതിമൂന്നുകാരൻ. വാഴപ്പള്ളി സെന്റ് തെരേസാസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മതുമൂല ഉദയ സ്റ്റോഴ്സ് ഉടമ വിശ്വനാഥൻ ആചാരിയുടെ മകൻ മഹാദേവൻ. വിശ്വനാഥന്റെ കടയിലെ ജീവനക്കാരന്റെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മഹാദേവൻ സൈക്കിൾ കടയിലേക്കു നടന്നുപോകുന്നതു കണ്ടെന്നായിരുന്നു മൊഴി. പൊലീസ് പിടിയിലായതോടെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനായില്ല ഉണ്ണിക്ക്. കടുത്ത മദ്യപാനിയായ ഇയാൾ ധാരാളം ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതിനുള്ള കാശിനായി മഹാദേവന്റെ പത്തു ഗ്രാം വരുന്ന സ്വർണമാല മോഷ്ടിക്കാൻ ലക്ഷ്യമിട്ടു.

അതോടെ അന്വേഷണം സൈക്കിൾ കടയിലേക്കെത്തി. സൈമണിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണു തിരോധാനം കൊലപാതകമായി മാറിയത്. പൊലീസിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ സൈക്കിൾ കടയുടമ ചങ്ങനാശേരി വാഴപ്പിള്ളി മഞ്ചാടിക്കര ഇളമുറിയിൽ ഹരികുമാറിനു (ഉണ്ണി-41) പിടിച്ചുനിൽക്കാനായില്ല. അയാൾ കുറ്റം സമ്മതിച്ചു. മദ്യപനായ ഹരികുമാർ ധാരാളം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലക്കാരനായിരുന്നു. അതിനുള്ള പണം സമ്പാദിക്കാൻ മഹാദേവന്റെ പത്തു ഗ്രാം വരുന്ന സ്വർണമാല മോഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യം. സൈക്കിളിൽ കാറ്റു നിറയ്ക്കാൻ മഹാദേവൻ ഇവിടെ വന്നിരുന്നു. വർക്ഷോപ്പിൽ നിന്നു മറ്റു സൈക്കിളുകൾ മഹാദേവന് ഓടിക്കാൻ ഹരികുമാർ നൽകിയിരുന്നു.

ചതയദിനത്തിന് സൈക്കിൾ നന്നാക്കാൻ എത്തിയപ്പോൾ കടയുടെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചാണു മഹാദേവനെ കൊലപ്പെടുത്തിയത്. പിന്നീട് ഹരികുമാറിന്റെ സുഹൃത്ത് സലിമോൻ (കൊനാരി സലി), സഹോദരീ ഭർത്താവ് പ്രമോദ് (കണ്ണൻ) എന്നിവർ ചേർന്നാണു മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി രഹസ്യമായി മറവു ചെയ്തു. കുട്ടിയെ കാണാതായപ്പോൾ, ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല. മൂന്നു പെൺമക്കൾക്കു ശേഷം പിറന്ന മഹാദേവനെ മാതാപിതാക്കൾ വാത്സല്യത്തോടെ സ്വർണാഭരണങ്ങൾ ധരിപ്പിച്ചിരുന്നു. പലപ്പോഴും ആറു പവനോളം തൂക്കമുള്ള സ്വർണമാല മഹാദേവൻ അണിയുമായിരുന്നുെ മഹാദേവന്റെ കഴുത്തിലെ സ്വർണമാലയിൽ കണ്ണുവച്ചിരുന്ന പ്രതി സ്വർണത്തിനായി കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ കൊല്ലപ്പെടുന്ന ദിവസം മഹാദേവന്റെ കഴുത്തിലും കയ്യിലുമായി കഷ്ടിച്ച് ഒന്നര പവന്റെ സ്വർണാഭരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.

മഹാദേവനെ മാത്രമല്ല, സലിമോനെയും ഉണ്ണി എന്ന ഹരികുമാർ കൊലപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊലപാതകം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി സലിമോൻ പണം വാങ്ങാൻ തുടങ്ങിയതോടെയാണു മഹാദേവൻ കൊല്ലപ്പെട്ട് ഒന്നരവർഷത്തിനുശേഷം മദ്യത്തിൽ വിഷം കലർത്തി സലിമോനെയും കൊന്നത്. സലിമോനെയും മഹാദേവനെ മറവുചെയ്ത അതേ വെള്ളക്കെട്ടിൽ താഴ്‌ത്തിയതായി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഹരികുമാർ വെളിപ്പെടുത്തി.വാഴപ്പള്ളി പള്ളിയിലെ തിരുനാൾ ദിവസം രാത്രി ഏഴിനു വർക്ക് ഷോപ്പിൽവച്ചു മദ്യം തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹരികുമാർ സലിമോനെ വിളിച്ചുവരുത്തി. പിന്നീട് രണ്ടു തുള്ളി സയനൈഡ് ഗ്ലാസിലെ മദ്യത്തിൽ ഒഴിച്ചു നൽകുകയായിരുന്നു. ഇതു കുടിച്ചയുടൻ സലിമോൻ മരിച്ചതായി ഹരികുമാർ ക്രൈം ബ്രാഞ്ചിനോടു പറഞ്ഞു. വടകര റൂറൽ എസ്‌പിയായ കെ.ജി.സൈമണിന് കൂടത്തായിയുടെ പേരിൽ അഭിനന്ദനങ്ങൾ എത്തുമ്പോൾ പലരും ഓർക്കുന്നത് ഈ മുൻകാല കേസുകളിലെ അന്വേഷണ മികവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP