Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

അഞ്ചുവർഷം മുമ്പ് ഒരാൾക്ക് ഭിലായിൽ ജ്യൂസ് ഷോപ്പും മറ്റേയാൾക്ക് ടയർ കടയും; ഇരുവർക്കും വാതുവയ്‌പെന്ന് പറഞ്ഞാൽ ഭ്രാന്ത് പോലെ; സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി ദുബായിൽ ഷെയ്ക്കിനെ സ്വാധീനിച്ച് സൃഷ്ടിച്ചത് മഹാദേവ് ആപ്പിന്റെ വാതുവയ്പ് സാമ്രാജ്യം; ചന്ദ്രകറിനും രവി ഉപ്പലിനും ദിവസം വരുമാനം 200 കോടി; ഇവർക്ക് വേണ്ടി ഷോ നടത്തിയ ബോളിവുഡ് താരങ്ങൾ എല്ലാം ഇഡി റഡാറിൽ; കൂടുതൽ പേർക്ക് നോട്ടീസ്

അഞ്ചുവർഷം മുമ്പ് ഒരാൾക്ക് ഭിലായിൽ ജ്യൂസ് ഷോപ്പും മറ്റേയാൾക്ക് ടയർ കടയും; ഇരുവർക്കും വാതുവയ്‌പെന്ന് പറഞ്ഞാൽ ഭ്രാന്ത് പോലെ; സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി ദുബായിൽ ഷെയ്ക്കിനെ സ്വാധീനിച്ച് സൃഷ്ടിച്ചത് മഹാദേവ് ആപ്പിന്റെ വാതുവയ്പ് സാമ്രാജ്യം; ചന്ദ്രകറിനും രവി ഉപ്പലിനും ദിവസം വരുമാനം 200 കോടി; ഇവർക്ക് വേണ്ടി ഷോ നടത്തിയ ബോളിവുഡ് താരങ്ങൾ എല്ലാം ഇഡി റഡാറിൽ; കൂടുതൽ പേർക്ക് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായുള്ള ബന്ധത്തിന്റെയും, സഹകരണത്തിന്റെയും പേരിൽ, രൺബീർ കപൂറിന് പുറമേ കൂടുതൽ ബോളിവുഡ് താരങ്ങൾക്ക് ഇഡി നോട്ടീസ്. നടനും, ഹാസ്യപരിപാടികളുടെ അവതാരകനുമായ കപിൽ ശർമ, ഹിമ ഖുറേഷി, ഹിനാ ഖാൻ എന്നിവരെയാണ് ഇഡി വിളിപ്പിച്ചത്. ഇവരാരും കേസിലെ പ്രതികളല്ല. റായ്പൂരിലെ ഇഡി ഓഫീസിൽ വ്യത്യസ്ത തീയതികളിലാണ് ഇവർ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം, താരങ്ങളുടെ മൊഴിയെടുക്കും. ആപ്പിന്റെ പ്രമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും, രവി ഉപ്പലും, എങ്ങനെയാണ് താരങ്ങൾക്ക് പ്രതിഫലം നൽകിയതെന്നും മറ്റുമാണ് ആരായുന്നത്. ആപ്പിന് വേണ്ടി നിരവധി കൊമേഴ്‌സ്യലുകൾ ചെയ്തിട്ടുള്ള രൺബീർ കപൂറിന് വെള്ളിയാഴ്ച ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. 14 ബോളിവുഡ് താരങ്ങളെയാണ് ചന്ദ്രകർ തന്റെ വിവാഹത്തിന് ഫെബ്രുവരിയിൽ ക്ഷണിച്ചത്. ഇവരെല്ലാം ഇവർ ഇപ്പോൾ ഇഡിയുടെ നിരീക്ഷണത്തിലാണ്.

പടർന്ന് പന്തലിച്ച ശൃംഖല

മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരായ സൗരഭ് ചന്ദ്രക്കറിന്റെയും, രവി ഉപ്പലിന്റെയും ശൃംഖല ഇന്ത്യയിൽ മാത്രമല്ല, യുഎഇ, ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് പടർന്ന് പന്തലിച്ചിരിക്കുന്നു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ടുകളും, ലുക്ക് ഔട്ട് നോട്ടീസൂം ഇറക്കിയിട്ടുണ്ട്.

ജ്യൂസുകടയും ടയർ ഷോപ്പും നടത്തിയവർ പൊടുന്നനെ കോടീശ്വരന്മാരായി

രണ്ടുപ്രതികളും ഛത്തീസ്‌ഗഡിലെ ഭിലായി സ്വദേശികളാണ്. ഏതാനും വർഷം മുമ്പ് വരെ സൗരഭ് ചന്ദ്രകർ ഭിലായിലെ നെഹ്‌റു നഗറിൽ ജ്യൂസ് കട നടത്തുകയായിരുന്നു. രവി ഉപ്പലിന് ടയർ ഷോപ്പായിരുന്നു. ഇരുവർക്കും വാതുവയ്‌പെന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു. സമ്പാദ്യമെല്ലാം കൊണ്ട് ഒരുനാൾ ഇരുവരും, ദുബായിൽ പോയി ഒരു ഷെയ്ക്കിന്റെയും പാക് പൗരന്റെയും സഹായത്തോടെയാണ് ഇപ്പോഴത്തെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

ഓൺലൈൻ വാതുവയ്‌പ്പിനായി ഏകദേശം 4000 പാനൽ ഓപ്പറേറ്റർമാരുടെ ശൃംഖല സൃഷ്ടിച്ചു. ഓരോ പാനൽ ഓപ്പറേറ്റർക്കും വാതുവയ്‌പ്പിനായി 200 ഉപയോക്താക്കൾ ഉണ്ടാകും. ഈ സംവിധാനം വഴി ഓരോ ദിവസവും ഇരുവരും 200 കോടി സമ്പാദിച്ചിരുന്നുവെന്നാണ് കണക്ക്. അങ്ങനെയാണ് യുഎഇയിൽ ഇവർ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത്.

ടൈഗർ ഷ്രോഫ്, ആതിഫ് അസ്ലം, റഹത് ഫത്തേ അലി ഖാൻ, സണ്ണി ലിയോണി, നേഹ കക്കർ, വിശാൽ ദദ്‌ലാനി, അലി അസ്ഗർ, ഭാരതി സിങ്, ഭാഗ്യശ്രീ, പുൽകിത്ത് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

200 കോടി മുടക്കി ഒരു വിവാഹം

മഹാദേവ് ആപ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിൽ റാസൽഖൈമയിൽ വച്ചായിരുന്നു. വിവാഹമോ ആഡംബരമോ ഒന്നുമല്ല ഇഡിയുടെ കണ്ണുകളെ ആകർഷിച്ചത്. വിവാഹത്തിനും, അതിഥികളെ ജെറ്റ് വിമാനത്തിൽ കൊണ്ടുപോകാനും, പരിപാടികൾക്കും ഒക്കെയായി 200 കോടിയാണ് പൊടിച്ചത്. കാശുള്ളവന് ചെലവഴിക്കാം, എന്നൊക്കെ പറയാമെങ്കിലും, ഈ തുക മുഴുവൻ കറൻസിയായി നൽകിയതാണ് ഇഡിയെ ആകർഷിച്ചത്.

സ്വകാര്യ ജെറ്റുകൾ വാടകയ്ക്ക് എടുത്താണ് കുടുംബാംഗങ്ങളെ റാസൽഖൈമയിൽ എത്തിച്ചത്. വിവാഹ ചടങ്ങിൽ ബോളിവുഡ് താരങ്ങൾ അടക്കം സെലിബ്രിറ്റികളുടെ കലാപ്രകടനങ്ങൾ. മുംബൈ കേന്ദ്രമായുള്ള ഈവന്റ്  മാനേജ്‌മെന്റ് സ്ഥാപനമാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെല്ലാം തുക മുടക്കിയത് പണമായി; അതാണ് ഇഡി അന്വേഷിക്കുന്നത്.

വിവാഹത്തിന് ചെലവഴിച്ച 200 കോടിയിൽ 112 കോടി ഹവാല ഇടപാട് വഴിയാണ് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് കൈമാറിയത്. യുഎഇയിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ചെലവഴിച്ച 42 കോടിയും ക്യാഷായാണ് നൽകിയത്. ഈവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആളുകളുടെ ഓഫീസുകളിലും മറ്റും നടത്തിയ തിരച്ചിലിൽ ഹവാല ഇടപാടുകളുടെയും, കണക്കിൽ പെടാത്ത പണത്തിന്റെയും തെളിവുകൾ കിട്ടി. പല സെലിബ്രിറ്റികളും, മഹാദേവ ഓൺലൈൻ വാതുവയ്പിന്റെ പരസ്യത്തിലും മറ്റും പങ്കെടുത്ത് പ്രോത്സാഹിപ്പിക്കുന്നതായും, അവരുടെ ചടങ്ങുകളിൽ വൻതുക ഈടാക്കി( സംശയാപ്ദമായ ഇടപാടുകൾ വഴി) പങ്കെടുക്കുന്നതായും ഇഡി കണ്ടെത്തി. 200 കോടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരൻ സൗരഭ് ചന്ദ്രക്കറിനെയും ഇഡി ചോദ്യം ചെയ്തു.

ട്രാവൽ ഏജൻസിക്കും പങ്ക്

മഹാദേവ് ആപ്പ് പ്രമോട്ടേഴ്‌സിന് വേണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത ട്രാവൽ ഏജൻസി റാപ്പിഡ് ട്രാവൽസിന്റെ ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ധീരജ് അഹൂജ, വിശാൽ അഹൂജ എന്നിവരാണ് റാപ്പിഡ് ട്രാവൽസിന്റെ നടത്തിപ്പുകാർ. വാതുവയ്പിലൂടെ കിട്ടുന്ന അനധികൃത പണം വളരെ ബുദ്ധിപൂർവം, അഹൂജ സഹോദരന്മാർ പ്രധാന ടിക്കറ്റ് ദാതാക്കളുടെ പക്കൽ നിക്ഷേപിച്ചു.

മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റുചില പ്രധാന ഇടപാടുകാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സൗരഭ് ചന്ദ്രകറും, രവി ഉപ്പലും യുഎഇയിൽ തങ്ങൾക്കായി ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇഡി പറയുന്നു. പെട്ടെന്നുണ്ടാക്കിയ ഈ അനധികൃത പണം അവർ പരസ്യമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഓൺലൈൻ വാതുവയ്‌പ്പിൽ നിന്ന് കിട്ടുന്ന പണം ഹവാല ഇടപാടുകൾ വഴി വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ്. ബെറ്റിങ് സൈറ്റുകളുടെ പരസ്യത്തിനും മറ്റുകാര്യങ്ങൾക്കുമായി വലിയ തുകയും മുടക്കുന്നതായി കണ്ടെത്തി. 39 സ്ഥലങ്ങളിലാണ് ഇഡി റെയ്്ഡ് നടത്തിയത്. 417 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.

എന്താണ് മഹാദേവ് ആപ്പ്?

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്‌ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഈ ആപ്പിൽ നിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.

ബെനാമി ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പുതിയ ഉപയോക്താക്കളെ ചേർക്കുന്നതും, കള്ളപ്പണം വെളുപ്പിക്കുന്നതും. വാതുവയ്പായാലും, ലോട്ടറിയായാലും, ഗെയിമുകൾ ആയാലും, മിക്കവാറും കമ്പനിക്ക് നേട്ടവും, കാശ് മുടക്കുന്നവർക്ക് നഷ്ടവുമായിരിക്കും എന്നാണ് ആരോപണം.

സൗരഭ് ചന്ദ്രകറും രവി ഉപ്പലിനും പാക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഹവാല ഇടപാടുകളിലെ പങ്കാണ് സംശയത്തിന് കാരണം. 200 കോടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാക്കിസ്ഥാനിലെയും, യുഎഇയിലെയും ഹവാല ഇടപാടുകാരുമായുള്ള ഇവരുടെ ബന്ധത്തിലേക്ക് വഴി തെളിച്ചത്.

മുംബൈ, അഹമ്മദാബാദ്, ഛത്തീസ്‌ഗഡ്, വിശാഖപട്ടണം എന്നിവിടങ്ങിലെല്ലാം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. 70 ഷെൽ കമ്പനികൾ ഉപയോഗിച്ചാണ് ചന്ദ്രകറും കൂട്ടാളികളും, വിദേശ അക്കൗണ്ടുകളിലേക്ക് പണം മുക്കിയതെന്ന് പറയുന്നു. നിലവിൽ ആപ്പ് പ്രമോട്ടർമാർ യുഎഇയിൽ ആണുള്ളത്. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇഡി നോക്കുന്നത്.

ആരാണ് ചന്ദ്രകറും ഉപ്പലും?

ഇരുവരും പ്രാദേശിക വാതുവയ്‌പ്പുകാരായാണ് തട്ടിപ്പ് തുടങ്ങിയത്. പിന്നീട് വിദേശത്തേക്ക് ചേക്കേറി അനധികൃത ആപ്പുണ്ടാക്കി. ഒരുകാലത്ത് ഭിലായിൽ ജ്യൂസ് വിറ്റ് നടന്ന ചരിത്രമുണ്ട് ചന്ദ്രകറിന്. ഉപ്പൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2018 ലാണ് ഇരുവരും ദുബായിലേക്ക് മാറിയതും ഓൺലൈൻ വാതുവയ്പ് ആപ്പുണ്ടാക്കിയതും.

വിദ്യാർത്ഥികൾ, തൊഴിൽ രഹിതരായ യുവാക്കൾ, കർഷകർ തുടങ്ങിയവരെയാണ് ചുരുങ്ങിയ കാലയളവിൽ പണമുണ്ടാക്കാമെന്ന് വശീകരിച്ച് കെണിയിൽ വീഴ്‌ത്തിയത്. സമീപകാലത്ത് വിദേശത്തെ അനധികൃത വാതുവയ്പ് രംഗത്തെ രാജാവായി മാറി ചന്ദ്രകർ. ഫെയർ പ്ലേ, റെഡ്ഡി അണ്ണ, ലോട്ടസ് 365 എന്നീ ബ്രാൻഡുകൾ കൈപ്പിടിയിലൊതുക്കി. ബേട്ബായി, അംബാനി ബുക്ക് തുടങ്ങിയ പുതിയ ബ്രാൻഡുകൾ തുടങ്ങുകയും ചെയ്തു.

ദുബായിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ചന്ദ്രകറിനും രവി ഉപ്പലിനുമാണ് ലാഭത്തിന്റെ 80 ശതമാനവും കിട്ടുന്നത്. ഇരുവരും ഗെയിമുകളിൽ മാത്രമല്ല. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിലും വാതുവയ്പിന് അവസരം ഒരുക്കിയിരുന്നതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP