Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

എട്ട് സിമി പ്രവർത്തകരേയും പൊലീസ് നിരത്തി നിർത്തി കൊന്നുവെന്ന് വ്യക്തം; ഏറ്റുമുട്ടൽ കൊലപാതകമെന്നത് കെട്ടുകഥ; കേസിൽ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പായപ്പോൾ കാട്ടുനീതി നടപ്പിലാക്കിയതെന്ന് സൂചന; ഭോപ്പാലിൽ നിന്നും എത്തുന്നത് ഇന്ത്യൻ ജനാധിപത്യം തലകുനിക്കേണ്ട കൊടുംക്രൂരത

എട്ട് സിമി പ്രവർത്തകരേയും പൊലീസ് നിരത്തി നിർത്തി കൊന്നുവെന്ന് വ്യക്തം; ഏറ്റുമുട്ടൽ കൊലപാതകമെന്നത് കെട്ടുകഥ; കേസിൽ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പായപ്പോൾ കാട്ടുനീതി നടപ്പിലാക്കിയതെന്ന് സൂചന; ഭോപ്പാലിൽ നിന്നും എത്തുന്നത് ഇന്ത്യൻ ജനാധിപത്യം തലകുനിക്കേണ്ട കൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: ഭോപ്പാൽ സെൻട്രൽ ജയിൽ ചാടിയ, തീവ്രവാദക്കേസുകളിൽ പ്രതികളായ എട്ടു സിമി പ്രവർത്തകരെ മണിക്കൂറുകൾക്കുശേഷം ജയിലിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മധ്യപ്രദേശ് പൊലീസ് വെടിവച്ചുകൊന്നത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് ഏതാണ്ട് വ്യക്തമായി. പൊലീസ് ഇവരെ നിരത്തി നിർത്തി വെടിവച്ചുകൊന്നുവെന്നാണ് നിഗമനം. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ നേതൃത്വത്തിൽ ഉന്നതാന്വേഷണത്തിന് ഉത്തരവിട്ടു. മണിഖേഡ പത്താർ ഗ്രാമത്തിൽ നാട്ടുകാർ നോക്കിനിൽക്കേ വിചാരണത്തടവുകാരായ എട്ടുപേരും വധിക്കപ്പെട്ടത്. തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ എഡിജി സുശോഭൻ ബാനർജിയെ മുഖ്യമന്ത്രി നീക്കംചെയ്തു. ജയിൽ സൂപ്രണ്ട്, ജയിലർ എന്നിവരടക്കം നാല് ഉദ്യോഗസ്ഥരും സസ്‌പെൻഷനിലായി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഏറ്റുമുട്ടൽ കൊല വ്യാജമാണെന്ന ആരോപണവുമായി കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നിസ്പക്ഷ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജയിൽച്ചാട്ടവും ഏറ്റുമുട്ടലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായി സിമി പ്രവർത്തകരുടെ അഭിഭാഷകൻ പർവേസ് അലം പറഞ്ഞു. 'അതീവ സുരക്ഷാജയിലിൽനിന്ന് അർധരാത്രിക്കുശേഷം എട്ടുപേർ രക്ഷപ്പെട്ടത് അദ്ഭുതമായിരിക്കുന്നു. അവർ ജയിലിൽനിന്നു പുറത്തുവന്നത് ആരുടെ പ്രേരണയിലാണ്, ആരാണുപിന്നിൽ എന്ന് അന്വേഷിക്കണം'- അലം ആവശ്യപ്പെട്ടു.

പ്രതികൾ ജയിൽ ചാടിയതാണോ ആരെങ്കിലും ജയിൽ ചാടിച്ചതാണോ എന്നാണ് ഇതേകുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങിന്റെ ചോദ്യം. ഇത് ഗൗരവമേറിയ വിഷയമാണ്. നേരത്തെ സിമി പ്രവർത്തകർ ഖാന്ദ്വാ ജയിൽ ചാടി. ഇപ്പോൾ ഭോപ്പാൽ ജയിലും. ഇതെങ്ങനെ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഏറ്റുമുട്ടൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ദ്വിഗ്‌വിജയ് സിങ് ആരോപിച്ചു. പ്രതികളെല്ലാം ഒരേ സ്ഥലത്ത് എങ്ങനെയെത്തിയെന്ന് ആം ആദ്മി പാർട്ടിയും സംശയം പ്രകടിപ്പിക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നേതാവ് കമൽനാഥ് ആവശ്യപ്പെട്ടത്.

കേസിൽ വിചാരണ പൂർത്തിയാകാൻ ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ നടന്ന ഏറ്റുമുട്ടൽ കൊലപാതകം ദുരൂഹമാണെന്നാണ് പ്രതികളുടെ അഭിഭാഷകർ പറയുന്നത്. കേസിൽ ഇവർക്കെതിരായ കുറ്റം തെളിയിക്കാൻ ഇതുവരെ സർക്കാരിന് ആയിട്ടില്ല. അനുകൂലമായ വിധി കാത്തിരിക്കുന്നവർക്ക് തടവ് ചാടേണ്ട ആവശ്യവുമില്ല. ഇവർക്കെതിരായ രാജ്യദ്രോഹ കുറ്റം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. എന്നാൽ യുഎപിഎ ചുമത്തിയത് കാരണം പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രതികൾ കുറ്റവിമുക്തരാകുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നെന്നും അവരും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും അഭിഭാഷകൻ തഹാവുർ ഖാൻ പറയുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും സത്യസന്ധമായ അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവർത്തകരായ മുജീബ് ഷെയ്ഖ്, മുഹമ്മദ് സാദിഖ്, മെഹബൂബ് ഗുഡു, അഖീൽ, സക്കീർ ഹുസൈൻ, അബ്ദുൽ മജീദ്, അംസാദ്, മുഹമ്മദ് ഖാലിദ് എന്നിവരാണു കൊല്ലപ്പെട്ടത്. കരസേനയുടെ 21 കോർ സുദർശനചക്ര ആസ്ഥാനത്തിനു സമീപമാണ് അതീവ സുരക്ഷയുള്ള ഭോപാൽ സെൻട്രൽ ജയിൽ. പുലർച്ചെ രണ്ടോടെ ജയിൽ ഹെഡ് കോൺസ്റ്റബിൾ രമാശങ്കർ യാദവിനെ കൊലപ്പെടുത്തിയശേഷമാണ് എട്ടുപേരും ജയിൽ ചാടിയത്. അതിക്രൂരമായിട്ടായിരുന്നു കോൺസ്റ്റബിള്ളിന്റെ കൊല നടത്തിയത്. ഇതിലുള്ള പ്രതികാരമാണ് തടവുകാരെ കൊന്നതിലൂടെ പൊലീസ് ചെയ്തതെന്നാണ് ആരോപണം.

കിടക്കവിരി പിരിച്ചുകെട്ടിയാണു 32 അടി ഉയരമുള്ള മതിൽ ഇവർ ചാടിക്കടന്നത്. മൂന്നേകാലോടെ പൊലീസ് തിരച്ചിൽ തുടങ്ങി. എട്ടുപേരുടെയും ഫോട്ടോകളും പുറത്തുവിട്ടു. രാവിലെ ഒൻപതോടെ മണിഖേഡ പത്താറിൽ സംശയകരമായ സാഹചര്യത്തിൽ ഏതാനും പേരെ കണ്ടതോടെ ഗ്രാമമുഖ്യൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നൽകിയ ഫോട്ടോകൾ ഗ്രാമവാസികൾ തിരിച്ചറിഞ്ഞു. തുടർന്നാണു സംസ്ഥാന പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഗ്രാമത്തിലെത്തിയത്. പിന്നീടായിരുന്നു കൊല. പൊലീസ് ഒരാൾക്കു നേരെ തൊട്ടടുത്തുനിന്നു വെടിയുണ്ടകൾ പായിക്കുന്ന ദൃശ്യം ടിവി ചാനലുകൾ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി. ദൃശ്യത്തിൽ ഒരാൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കത്തിയെന്നു തോന്നിക്കുന്ന വസ്തു പുറത്തെടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് നിറയൊഴിക്കുന്നത്.

സിമി പ്രവർത്തകർ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു നേരെ നിറയൊഴിച്ചെന്നും ഭോപാൽ ഐജി യോഗേഷ് ചൗധരി പറഞ്ഞപ്പോൾ, അവർ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി സഞ്ജീവ് ശമി പറഞ്ഞത്. ഇതു വൈരുദ്ധ്യം ചർത്തയാക്കി.ജയിലിൽനിന്നുള്ള സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. നിരായുധനായ ആളെ പൊലീസ് വെടിവയ്ക്കുന്ന ടിവി ദൃശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഏറ്റുമുട്ടലിൽ പൊലീസിന് ഉന്മൂലനമല്ലാതെ വഴിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.

വിജനമായ പ്രദേശത്ത് പ്രതികളെ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെടിയേറ്റുവീണുകിടക്കുന്ന സിമി പ്രവർത്തകരുടെ മൃതദേഹങ്ങൾക്കിടയിൽ ചെറിയ അനക്കമുള്ളവർക്ക് മേൽ വീണ്ടും നിയറയൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം മുൻകൂട്ടി വച്ചത് പോലെ യാതൊരു ഭാവഭേദവുമില്ലാതെ ഒരു ഉദ്യോഗസ്ഥൻ ഒരാളുടെ അരയിൽ നിന്നും കഠാര കണ്ടെടുക്കുന്ന രംഗങ്ങളും പകർത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്ന വാദങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇന്ത്യാ ടുഡെയാണ് ദൃശ്യങ്ങൾ ആദ്യം പുറത്തുവിട്ടത്. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല.

2013 ഒക്ടോബർ രണ്ടിനു ഖാണ്ഡ്‌വ ജയിൽ ചാടിയ സിമി പ്രവർത്തകരായ ഏഴുപേരിൽ നാലുപേരെ മൂന്നുവർഷത്തിനു ശേഷമാണു പൊലീസ് പിടികൂടി സെൻട്രൽ ജയിലിൽ അടച്ചത്. ഇവരിൽ രണ്ടുപേർ ഇന്നലെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരിലൊരാളായ ഗുഡു എന്ന മെഹബൂബ് മാലിക് (ഷെയ്ക്ക് മെഹബൂബ്-32) കൊച്ചി എൻഐഎ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുന്ന വാഗമൺ സിമി ആയുധപരിശീലന കേസിലെ 310–ാം പ്രതിയായിരുന്നു. 2007ൽ വാഗമണിലെ തങ്ങൾപാറയിൽ മെഹബൂബ് മാലിക് അടക്കമുള്ള പ്രതികൾ ആയുധപരിശീലനം നടത്തിയെന്നാണ് എൻഐഎ കുറ്റപത്രം ആരോപിക്കുന്നത്.

മധ്യപ്രദേശിലെ ഖാണ്ഡ്‌വയിൽ തയ്യൽജോലിക്കാരനായിരുന്ന മെഹബൂബ് മാലിക് രാജ്യത്തു ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ രഹസ്യയോഗങ്ങളിലും ആയുധപരിശീലനത്തിലും പങ്കാളിയായതായും എൻഐഎ കണ്ടെത്തി.2015 ഡിസംബർ 30ന് ആണു ദേശീയ അന്വേഷണ ഏജൻസി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വാഗമൺ കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം (യുഎപിഎ) അടക്കമുള്ള വകുപ്പുകൾ ചുമത്തി എൻഐഎ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇയാളെ പ്രതിയാക്കിയത്.

ഏഴ് തലത്തിൽ സുരക്ഷാക്രമീകരണമുള്ള റെയ്ഡിൽ നിന്ന് സ്പൂണും കത്തിയും ഉപയോഗിച്ച് ജയിൽ ചാടിയെന്ന വാദവും സംശയത്തിന് ഇടനൽകുന്നു. രണ്ട് ഗാർഡുകൾ മാത്രമേ സെൻട്രൽ ജയിലിൽ ഉള്ളുവോ എന്നതാണ് മറ്റൊരു ചോദ്യം. പുലർച്ചെ രണ്ട് മണിക്ക് എട്ട് പേരും ചേർന്ന് ജയിൽ ഗാർഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ട് മണിക്ക് സാധാരണ ഗതിയിൽ തടവുകാർ സെല്ലുകളിൽ കഴിയുന്ന സമയമാണ്. സെല്ലുകളിൽ കഴിയുന്ന ഇവർ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയിൽ അധികൃതർ നൽകിയിട്ടില്ല.

ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതാണ്. സിമി ബന്ധം ആരോപിക്കപ്പെടുന്ന തടവുകാരെ പാർപ്പിച്ച ജയിലിൽ ഇത്രയും വലിയ സുരക്ഷാ വീഴ്‌ച്ച എങ്ങനെ ഉണ്ടായി. എന്നതിനും ഉത്തരമില്ല. ജീൻസും ഷർട്ടും ഷൂസും വാച്ചും അണിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. സെല്ലുകളിൽ കഴിയുന്നവർക്ക് ഷൂസും വാച്ചും അണിയാൻ ജയിൽ അധികൃതർ അനുവദിച്ചിരുന്നോ എന്നതും സംശയത്തിന് ഇടനൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP