Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്താർ പ്രേമിച്ചു കെട്ടിയ നർത്തകിയെ സ്വന്തമാക്കാൻ രാജേഷ് ശ്രമിച്ചതോടെ ക്വട്ടേഷൻ; ജ്യേഷ്ഠ തുല്യനായി കണ്ട ബോസിന്റെ ആജ്ഞ ശിരസാവഹിച്ച് ജിമ്മിലെ ട്രെയ്‌നർ; റേഡിയോ ജോക്കിയെ കൊല്ലാൻ തീരുമാനിച്ചതോടെ കൂട്ടുപിടിച്ചത് കായംകുളം അപ്പുണ്ണിയെ; ഗൾഫിൽ നൃത്തപരിശീലനം നടത്തുന്ന കാമുകിയുമായുള്ള ബന്ധം രാജേഷിന്റെ ജീവനെടുത്തു; മടവൂരിലെ പാതിരാ കൊലപാതകത്തിൽ പൊലീസ് സാലിഹ് ബിൻ ജലാലിനേയും നർത്തകിയുടെ ഭർത്താവ് സത്താറിനേയും കായംകുളം അപ്പുണ്ണിയേയും സ്‌പോട്ട് ചെയ്യുന്നത് ഇങ്ങനെ

സത്താർ പ്രേമിച്ചു കെട്ടിയ നർത്തകിയെ സ്വന്തമാക്കാൻ രാജേഷ് ശ്രമിച്ചതോടെ ക്വട്ടേഷൻ; ജ്യേഷ്ഠ തുല്യനായി കണ്ട ബോസിന്റെ ആജ്ഞ ശിരസാവഹിച്ച് ജിമ്മിലെ ട്രെയ്‌നർ; റേഡിയോ ജോക്കിയെ കൊല്ലാൻ തീരുമാനിച്ചതോടെ കൂട്ടുപിടിച്ചത് കായംകുളം അപ്പുണ്ണിയെ; ഗൾഫിൽ നൃത്തപരിശീലനം നടത്തുന്ന കാമുകിയുമായുള്ള ബന്ധം രാജേഷിന്റെ ജീവനെടുത്തു; മടവൂരിലെ പാതിരാ കൊലപാതകത്തിൽ പൊലീസ് സാലിഹ് ബിൻ ജലാലിനേയും നർത്തകിയുടെ ഭർത്താവ് സത്താറിനേയും കായംകുളം അപ്പുണ്ണിയേയും സ്‌പോട്ട് ചെയ്യുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റെഡ് എഫ്എമ്മിൽ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ വിഷയത്തിൽ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അടുത്ത തലത്തിൽ എത്തുകയാണ്. രാജേഷിന്റെ സുഹൃത്തായ നർത്തകിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പൊലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.

ഗൾഫിൽ നർത്തകി ആയിരുന്നു സത്താറിന്റെ പത്‌നി. ഇരുവരും പ്രേമിച്ചാണ് വിവാഹം ചെയതത്. എന്നാൽ ഇടയ്ക്ക് മറ്റൊരു പ്രണയം കടന്നുവന്നത് ഈ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. ഓച്ചിറ നായരമ്പലത്ത് വീട്ടിൽ സത്താർ ആണ് ക്വ്‌ട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്താറിന്റെ പത്‌നിയായ നർത്തകിയുമായി ബന്ധം പുലർത്തുകയും അത് തീവ്രമായി വളരുകയും ചെയ്തതോടെയാണ് ക്വട്ടേഷനിലേക്ക് എത്തുന്നതെന്നും പൊലീസ് പറയുന്നു. സത്താറിന്റെ ബിസിനസിനെ വരെ ബാധിക്കുന്ന തരത്തിൽ ഈ വിഷയം വളർന്നതോടെയാണ് പ്രതികാരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്.

പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ: സാലിഹിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തതു ഖത്തറിൽ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭർത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടിൽ സത്താർ ആണെന്നു പൊലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരുന്നു സാലിഹ്. ഈ പരിചയം വച്ച് നാലു വർഷം മുമ്പാണു ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്ക് എത്തിയത്. നാട്ടുകാരൻ എന്നതിനേക്കാൾ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.

സത്താറിന്റെ കുടുംബ ജീവിതം തകർത്തിൽ സാലിഹിനും സുഹൃത്തുക്കൾക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താർ രാജേഷിനെ കൊലപ്പെടുത്താൽ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തിൽ കൂട്ടി. കായംകുളം സ്വദേശികളായ ഇവർ നാട്ടിൽ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ശേഷം മുങ്ങുകയായിരുന്നു.

സാലിഹ് ഇതിനോടകം ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗൾഫിൽ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താർ 15 വർഷം മുമ്പ് ഡ്രൈവർ വിസയിലാണു ഗൾഫിൽ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയിൽ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.

തുടർന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങി. ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തിൽ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താർ വിലക്കി. എങ്കിലും യുവതി പിന്മാറാൻ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടിൽ കലഹം പതിവായപ്പോൾ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താർ ഗൾഫിൽ വച്ച് ഭീഷണിപ്പെടുത്തി.

ഇതേ തുടർന്നു രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറിൽ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തിൽ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിനു കൈമാറി. ഇവരെ നാട്ടിൽ എത്തിപ്പിക്കാൻ ഡി ജി പി തലത്തിൽ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിൽ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.

മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്‌ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നൽകിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.

വിവാഹിതയായ നൃത്താധ്യാപികയെ പ്രണയിച്ചത് വിനയായി

ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതറിഞ്ഞ യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായി നൽകിയ ക്വട്ടേഷനാണെന്നാണ് പൊലീസിന്റെ നിഗമനം. രാജേഷിനെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ യുവതിയുമായി പൊലീസ് ഫോണിൽ സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അറിയിച്ചു. ക്വട്ടേഷൻ കൊടുത്തുവെന്ന് കരുതുന്ന വ്യവസായിയെ ചോദ്യം ചെയ്താൽ മാത്രമേ കേസ് മുന്നോട്ട് പോകൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന് പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.

മെട്രാസ്് എന്ന സ്റ്റുഡിയോ വീട്ടിനടുത്ത് രാജേഷ് നടത്തിയിലുന്നു. ഖത്തറിലെ യുവതിയുടെ പേരുമായി ഏറെ സാമ്യം ഈ പേരിനുണ്ട്. യുവതിയുടെ പേരിലെ രണ്ടക്ഷരവും തന്റെ പേരിലെ സൂചനകളുമാണ് മെട്രാസ്് എന്ന പേരിൽ രാജേഷ് നിറച്ചത്. ഇത് യുവതിയുടെ ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സ്റ്റുഡിയോയിൽ ഇരുന്നായിരുന്നു രാത്രികാലങ്ങളിൽ ഖത്തറിലുള്ള യുവതിയുമായി രാജേഷ് ഫോണിൽ സംസാരിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് രാത്രിയിൽ സ്റ്റുഡിയോയിൽ രാജേഷ് ഉള്ളതായി വ്യവസായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രാദേശിക വാസികളിൽ നിന്നും രാജേഷിന്റെ നീക്കങ്ങളിൽ ഖത്തറിലെ വ്യവസായിക്ക് സൂചനകൾ ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടൻ മൊഴി നൽകിയിരുന്നു. ഇത്തരത്തിൽ ചുവപ്പുനിറമുള്ള കാർ രാജേഷ് കൊല്ലപ്പെടുന്നതിനു മുൻപു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരുന്നു കാറിന്റെ നമ്പർ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാർ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. ഈ അന്വേഷണമാണ് കാർ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു.

സാമ്പത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറ്റി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭർത്താവിൽ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയാകാം യുവതി ഇയാളെ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. രാജേഷിന് മറ്റാരുമായും ശത്രുതയില്ലാതിരിക്കെ ഈ വഴിക്കുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്.

അപ്പുണ്ണിയും രാജ്യം വിട്ടതായി സംശയിച്ച് പൊലീസ്

ക്വട്ടേഷൻ സംഘാംഗം കായംകുളം സ്വദേശി അപ്പുണ്ണി രാജ്യം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദേശത്തിനകം സ്വദേശി അപ്പുണ്ണി(27) ക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. കേസിലെ പ്രധാനപ്രതി ഓച്ചിറ സ്വദേശി അലിഭായിക്ക് വാഹനം ഏർപ്പെടുത്തിക്കൊടുത്തത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. കായംകുളത്ത് രണ്ട് വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിലും കുറത്തികാട് പൊലീസിൽ ഒരുകേസിലും ഇയാൾ പ്രതിയാണ്. ജാമ്യമെടുത്ത് വിദേശത്തുപോയ ഇയാൾ മുൻ കേസുകളിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രഹസ്യമായി നാട്ടിലെത്തി രാജേഷിന്റെ കൊലപാതകത്തിനുശേഷം വീണ്ടും വിദേശത്തേക്ക് കടന്നു എന്നാണ് പൊലീസ് വാദം.

തിരുവനന്തപുരം എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലുദിവസം മുമ്പ് അന്വേഷണസംഘം അപ്പുണ്ണിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഈ സമയം ഇയാളുടെ അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്തു. അപ്പുണ്ണി വീട്ടിൽ വന്നിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.

ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻസംഘം സഞ്ചരിച്ചത് കായംകുളം സ്വദേശിയുടെ കാറിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് കാറുടമ മുഹിയിദ്ദീൻ പള്ളിക്ക് സമീപമുള്ള യുവാവിനെ മൂന്നുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയുധങ്ങളും ഇവിടെ നിന്ന് ദൗത്യത്തിനായി കൂട്ടുചേർത്തവരേയും ഉപേക്ഷിച്ചാണ് അപ്പുണ്ണിയും സാലിഹും രാജ്യം വിട്ടത്. സാലിഹ് കാഠ്മണ്ഡു വഴി രാജ്യം വിട്ടെന്നാണ് പൊലീസ് കണ്ടെ്ത്തിയത്. അപ്പുണ്ണിയെ പറ്റി അന്വേഷണം തുടരുന്നു.

മുതുകുളം സ്വദേശിയായ വിദേശമലയാളികൾ ക്വട്ടേഷനായി കാർ വാടകയ്ക്കെടുത്തു എന്നാണ് വിവരം. പിന്നീട് അവരുടെ നിർദേശപ്രകാരം കായംകുളത്തുള്ള ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ വാഹനം എത്തി. ഇതുസംബന്ധിച്ച് നടന്ന അന്വേഷണമാണ് പൊലീസിനെ അപ്പുണ്ണിയിൽ എത്തിക്കുന്നതും തുടർ വിവരങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതും. രാജേഷിന്റെ കൊലപാതകത്തിനുശേഷം കാർ അടൂർഭാഗത്ത് ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP