Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയത് മൂന്നു തവണ; മുഖ്യമന്ത്രിയ സ്വപ്നയോടൊപ്പം സന്ദർശിച്ചത് ഓർമ്മയിലില്ല; കള്ളക്കടത്ത് ബാ​ഗ് വിട്ടുകിട്ടാൻ സഹായം തേടിയിരുന്നെങ്കിലും ചെയ്തുകൊടുത്തില്ല; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി ഇങ്ങനെ

സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയത് മൂന്നു തവണ; മുഖ്യമന്ത്രിയ സ്വപ്നയോടൊപ്പം സന്ദർശിച്ചത് ഓർമ്മയിലില്ല; കള്ളക്കടത്ത് ബാ​ഗ് വിട്ടുകിട്ടാൻ സഹായം തേടിയിരുന്നെങ്കിലും ചെയ്തുകൊടുത്തില്ല; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തുപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്ത്. താൻ പോയിന്റ് ഓഫ് കോൺടാക്ടാണെന്നും സ്വപ്നയോടൊപ്പം മൂന്നു തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു. അതേസമയം, താൻ സ്വപ്ന സുരേഷുമൊത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചോ എന്ന കാര്യം ഓർമ്മയില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. കള്ളക്കടത്ത് ബാ​ഗ് വിട്ടുകിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന തന്നെ സമീപിച്ചിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തി. എന്നാൽ അക്കാര്യത്തിൽ താൻ സഹായിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു.

അതേസമയം, മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത്, ‍ഡോള‍ർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക.

മുഖ്യമന്ത്രിയും യുഎഇ കോൺസൽ ജനറലും 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റിന് സ്വപ്‌ന സുരേഷ് നേരത്തേ മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾക്ക് ശിവശങ്കറിന്‌ ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്. ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോൺസുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്‌പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്‌ന മൊഴിയിൽ പറയുന്നു. സ്‌പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ, മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ശിവശങ്കറിനെ ഇന്നും എംആർഐ സ്കാനിംഗിന് വിധേയനാക്കും. മെഡിക്കൽ ബോർഡ് ചേർന്ന് ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. കലശലായ നടുവേദനയുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞു.

ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മെഡിക്കൽ ബോ‍ർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

അതേസമയം, നയതന്ത്ര സ്വർണക്കടത്തിലൂടെയും ലൈഫ് മിഷനിലെ ഇടപാടിലൂടേയും സ്വരൂപിച്ച 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരേ കസ്റ്റംസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഈ കേസിൽ ശിവശങ്കറും പ്രതിയാകും. പണം വിദേശതീവ്രവാദികളുടെ കൈകളിലെത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തൽ. രൂപ ഡോളറാക്കാൻ സഹായിച്ചതു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. സ്വർണ്ണ കടത്ത് കേസിലെ ഭീകര ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തുലകൾ. ഇതോടെ എൻഐഎ കേസിലും ശിവശങ്കർ പ്രതിയാകാനുള്ള സാധ്യത കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസ തേടുന്നത്.

സ്വപ്നയും സന്ദീപും ചേർന്ന് പലതവണകളായാണു 1.4 കോടി രൂപ ഡോളറാക്കിയത്. ഇതിനു സമ്മർദം ചെലുത്തിയതു ശിവശങ്കറാണെന്നാണു ബാങ്ക് മാനേജരുടെ മൊഴി. നയതതന്ത്ര സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്കു കടത്തി. കരമനയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനാണു രൂപ ഡോളറാക്കി നൽകിയത്. ഇതു തീവ്രവാദികളുടെ കൈകളിലെത്തിയെന്നും അതേ പണം വീണ്ടും സ്വർണക്കടത്തിനും മയക്കുമരുന്ന് ഇടപാടിനും വിനിയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. സ്വർണം, മയക്കുമരുന്ന് ഇടപാടുകളിലും തീവ്രവാദസംഘങ്ങൾക്കു പങ്കുണ്ട്. ഇതോടെ എൻഐഎയും പിടിമുറുക്കും.

തിരുവനന്തപുരം, കവടിയാറിൽ യു.എ.ഇ. കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്റ്റ് പൗരൻ ഖാലിദിനാണു 1.9 ലക്ഷം യു.എസ്. ഡോളർ കൈമാറിയത്. ഇതു വിദേശത്തേക്കു കടത്തിയതു ഖാലിദാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വപ്നയുടെയും സന്ദീപിന്റെയും വിദേശയാത്രകളും പരിശോധിച്ചുവരുന്നു. വിദേശയാത്രകളിൽ ഇവരെ ആരൊക്കെ അനുഗമിച്ചെന്നറിയാൻ എമിഗ്രേഷൻ വിഭാഗവുമായി കസ്റ്റംസ് ബന്ധപ്പെട്ടു. ഇതിൽ പലതിലും ശിവശങ്കറും പോയിട്ടുണ്ടെന്നാണ് സൂചന.

സ്വർണക്കടത്ത് കേസിൽ കൂട്ടുപ്രതികളെ കുരുക്കി സന്ദീപ് നായരുടെ രഹസ്യമൊഴി എൻഐഎ അടക്കമുള്ളവർക്ക് കേസിൽ നിർണ്ണായക തെളിവാണ്. പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കു വിരൽ ചൂണ്ടിക്കാട്ടിയതും സന്ദീപാണ്. അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ഇടപാടുകൾ ദുരൂഹമാണെന്നും പല ഉന്നതരുമായും റമീസിനു ബന്ധമുണ്ടെന്നും മജിസ്ട്രേറ്റിനു മുന്നിൽ സന്ദീപ് നൽകിയ മൊഴിയിലുണ്ടെന്നാണു വിവരം. സന്ദീപിന്റെ മൊഴിയിൽ പരാമർശമുള്ള ഏഴ്, 12, 13 പ്രതികൾക്കാണു ജാമ്യം നിഷേധിച്ചത്. സന്ദീപിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നവർക്കു ജാമ്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണു ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവർ എൻ.ഐ.എ. കോടതിയിലെ ജാമ്യ ഹർജി പിൻവലിച്ചത്. അതുകൊണ്ട് തന്നെ ശിവശങ്കറിനും ജാമ്യം കിട്ടാൻ സാധ്യത കുറവാണ്.

സ്വർണക്കടത്ത് കമ്മീഷനായി കിട്ടേണ്ട വൻതുക നൽകാതെ റമീസ് കബളിപ്പിച്ചുവെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു. സ്വർണക്കടത്ത് പ്രതികളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി റമീസാണെന്നും സ്വർണക്കടത്തുകാരെയും പണം മുടക്കിയവരെയും ജൂവലറിക്കാരെയും ബന്ധിപ്പിക്കുന്നതു റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തി. സ്വപ്നയ്ക്കും സരിത്തിനും തനിക്കും ഇവരെ നേരിട്ടു പരിചയമില്ല. പല രാജ്യാന്തരസംഘങ്ങളുമായും റമീസിനു ബന്ധമുണ്ട്.

റമീസ് പലതവണ ആഫ്രിക്കൻ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 13-ാം പ്രതി ഷറഫുദ്ദീനൊപ്പമാണ് ഇയാൾ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പോയത്. ഇവർ ഒന്നിച്ചുനിൽക്കുന്ന ചിത്രവും എൻ.ഐ.എ. ഹാജരാക്കിയിട്ടുണ്ട്. അവിടെ രത്നവ്യാപാരത്തിനു ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും റമീസ് മൊഴിനൽകിയിരുന്നു. സ്വർണം, ലഹരി, രത്നം, ആയുധം എന്നിവ റമീസ് പലപ്പോഴായി കടത്തിയിട്ടുണ്ടെന്ന് തനിക്കറിയാമെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു. പ്രതികളിൽ ചിലരുടെ മൊെബെലുകളിൽനിന്നും മറ്റും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ പകർപ്പ് ലഭിച്ചിട്ടുണ്ട്.

മതപ്രഭാഷകരുടെ പടങ്ങളും ലഘുലേഖകളും ചില കത്തുകളും ലാപ്ടോപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന്റെ വിശദാംശങ്ങൾ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബംഗളുരുവിൽനിന്നു സന്ദീപും സ്വപ്നയും പിടിയിലാകുമ്പോൾ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ താക്കോൽ സ്വപ്നയുടെ കൈയിലായിരുന്നു. ഈ ബാഗിൽനിന്നു ലാപ്ടോപ്പും ഏതാനും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളിൽ ഒരാളുടെ ഫോട്ടോയും ഉണ്ടായിരുന്നതായാണ് സന്ദീപിന്റെ മൊഴി. ഫോട്ടോ ഒരു മതപ്രഭാഷകന്റേതാണെന്നു മാത്രമാണു സന്ദീപിന് അറിയാവുന്നത്. ഇത് സാക്കീർ നായിക്കാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP