Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ശിവശങ്കരന്റേത് അസുഖമല്ല, അസുഖം നടിക്കൽ മാത്രം; കസ്റ്റംസ് ആക്റ്റ് പ്രകാരം നോട്ടീസ് നൽകിയാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ല; സ്വപ്നയുടെ സ്വർണം കടത്തൽ അറിയില്ലെന്ന് പറയാനും കഴിയില്ല; വാട്‌സ് അപ്പ് സന്ദേശങ്ങൾ എല്ലാത്തിനും തെളിവ്; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇഡി; എണ്ണത്തോണിയിലുള്ള ശിവശങ്കറിന് നാളത്തെ ഹൈക്കോടതി വിധി നിർണ്ണായകം

ശിവശങ്കരന്റേത് അസുഖമല്ല, അസുഖം നടിക്കൽ മാത്രം; കസ്റ്റംസ് ആക്റ്റ് പ്രകാരം നോട്ടീസ് നൽകിയാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ല; സ്വപ്നയുടെ സ്വർണം കടത്തൽ അറിയില്ലെന്ന് പറയാനും കഴിയില്ല; വാട്‌സ് അപ്പ് സന്ദേശങ്ങൾ എല്ലാത്തിനും തെളിവ്; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇഡി; എണ്ണത്തോണിയിലുള്ള ശിവശങ്കറിന് നാളത്തെ ഹൈക്കോടതി വിധി നിർണ്ണായകം

എം മനോജ് കുമാർ

കൊച്ചി: അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്തും കേസിലും കള്ളപ്പണ ഇടപാടിലും സംശയ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നാളെ നിർണ്ണായക ദിനം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് നാളെയാണ്. നാളെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുക്കാനാണു സാധ്യത. ജാമ്യഹർജി എൻഐഎ കോടതി തീർപ്പാക്കി, ശിവശങ്കറിന്റെ ഭയപ്പാടിനു പരിഹാരമായി എന്ന വാർത്തകളിൽ കഴമ്പില്ല. എൻഐഎ കോടതിയിൽ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തീർപ്പാക്കിയത്.

എം. ശിവശങ്കർ കേസിൽ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ഹർജി പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹർജി തീർപ്പാക്കിയത്. ഇതിലും ഒരു കുരുക്ക് എൻഐഎ വെച്ചിട്ടുണ്ട്. നിലവിൽ പ്രതിയല്ല എന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. അന്വേഷണം മുന്നോട്ടു നീങ്ങവേ പ്രതിയാകാനുള്ള സാഹചര്യമുണ്ടെന്നു തന്നെയാണ് എൻഐഎയുടെ വിശദീകരണത്തിൽ നിന്നും വ്യക്തമാകുന്നത്. അന്വേഷണത്തിൽ പ്രതിയാകാത്ത ഘട്ടത്തിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യഹർജി അപക്വമാണെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. ഇതോടെയാണ് ജാമ്യഹർജി കോടതി തീർപ്പാക്കിയത്.

നാളെ ഹൈക്കോടതി ശിവശങ്കറിന്റെമുൻ ജാമ്യഹർജി ഇഡി ഹൈക്കോടതിയിൽ വരും. അതിനുള്ള എതിർ സത്യവാങ്മൂലം ഇഡി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. സ്വപ്ന സ്വർണം കടത്തിയ വിവരം ശിവശങ്കറിന് അറിയില്ലായിരുന്നു എന്ന് കരുതാനാവില്ല, എല്ലാ കാര്യങ്ങളും വാട്‌സാപ്പിലൂടെ ശിവശങ്കറും സ്വപ്നയും പരസ്പരം കൈമാറിയിരുന്നു. സ്വപ്ന പണം സമ്പാദിച്ചത് എങ്ങനെയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. ചില പദ്ധതികളുടെ കരാറുകളിൽ കമ്മിഷൻ പറ്റിയ വിവരവും ശിവശങ്കറിന് അറിയില്ലെന്ന് കരുതാനാവില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. അതുകൊണ്ടു തന്നെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കും എന്നാണ് ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

അതുകൊണ്ട് തന്നെ നാളെ ശിവശങ്കറിനെ സംബന്ധിച്ച് നിർണ്ണായകമാണ്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ശിവശങ്കർ അറസ്റ്റ് നിഴലിലേക്ക് എത്തുകയും ചെയ്താൽ അത് ബാധിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കൂടിയാണ്. യുഎഇ കോൺസുലെറ്റുമായുള്ള സർക്കാരിന്റെ പോയിന്റ് ഓഫ് കോൺടാക്റ്റ് ആയി തന്നെ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് നേരിട്ട് മുഖ്യമന്ത്രിയെ ബാധിക്കുന്ന മൊഴി കൂടിയാണ്. സ്വപ്നയെ ശിവശങ്കറിന് മുഖ്യമന്ത്രി പരിചയപ്പെടുത്തുന്നത് ക്ലിഫ് ഹൗസിൽ വച്ചാണെന്ന മൊഴിയും മുഖ്യമന്ത്രിക്ക് എതിരായി തന്നെ വരുന്നു. ഇതുകൊണ്ടൊക്കെ ശിവശങ്കർ അറസ്റ്റിന്റെ നിഴലിലേക്ക് മാറിയാൽ അത് മുഖ്യമന്ത്രിയെ കൂടി നേരിട്ട് ബാധിക്കുന്നതാണ്.

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് ബന്ധമുണ്ടെന്ന തെളിവുകൾ അന്വേഷണ ഏജൻസികളുടെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയെ നാളെ അന്വേഷണ ഏജൻസികൾ എതിർക്കും. മുപ്പത് ലക്ഷം രൂപ ബാഗിൽ നിറച്ചാണ് ശിവശങ്കറും സ്വപ്നയും തന്നെ കാണാൻ എത്തിയത് എന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്. എൻഫോഴ്‌സ്‌മെനറും , കസ്റ്റംസും ശിവശങ്കർ കസ്റ്റഡിയിൽ വേണം എന്ന ആവശ്യം ഉള്ളവരാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ അട്ടിമറിക്കാൻ ശിവശങ്കർ അസുഖം നടിക്കുകയാണെന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റംസ് വിളിപ്പിച്ചപ്പോൾ രോഗം നടിച്ച് ആശുപത്രിയിൽ പോയത് മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ്. ഇതിനുശേഷം കസ്റ്റംസിനെ പഴി പറയുകയാണ്. ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്‌ക്കെന്ന പേരിൽ പ്രവേശിക്കാനും മുൻകൂട്ടി തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ അട്ടിമറിക്കാൻ രോഗിയായി അഭിനയിക്കുകയാണ്. കസ്റ്റംസ് ആക്ടിലെ 108 സെക്ഷൻ പ്രകാരം നോട്ടീസ് നൽകിക്കഴിഞ്ഞാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസി. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.

ശിവശങ്കറിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. പക്ഷെ പ്രതി ചേർക്കേണ്ടി വരും എന്നാണ് ഏജൻസികളുടെ നിഗമനം. അറസ്റ്റ് വേണോ എന്ന് ഏജൻസികൾ ആവശ്യപ്പെട്ടിട്ടില്ല. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം എന്നാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. പലതും ശിവശങ്കർ മറക്കുന്നു. മറന്നുപോയി അല്ലെങ്കിൽ അറിയില്ല എന്ന് പറയുന്നു. സ്വന്തം കാറിൽ വന്നു ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ സംഭവിക്കുന്ന പ്രശ്‌നമാണിത്. അതിനാൽ കസ്റ്റംസ് കാറിൽ കസ്റ്റംസിന്റെ അല്ലെങ്കിൽ ഇഡിയുടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം എന്നാണ് കസ്റ്റംസ്, ഇഡി ഏജൻസികളുടെ ആവശ്യം. സ്വപ്നയുടെ ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും ചാറ്റ് ഹിസ്റ്ററിയും നിരന്തരമുള്ള സന്ദേശങ്ങളുടെ വിശദാംശങ്ങളും അന്വേഷണ ഏജൻസികൾ വീണ്ടെടുത്തതോടെയാണ് ശിവശങ്കറിന്റെ മറവിയും ഒഴിഞ്ഞു മാറലും അന്വേഷണ ഏജൻസികൾക്ക് ബോധ്യമായത്.

ഇതോടെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്ന ആവശ്യം അന്വേഷണ ഏജൻസികൾ ശക്തമാക്കിയത്. സ്വപ്നയെ വിദേശ യാത്രയിൽ കൂടെ കൊണ്ടുപോയത് ശിവശങ്കറാണ്. സ്വപ്നയ്ക്ക് ബാങ്ക് ലോക്കർ തുറക്കാൻ സഹായം നൽകിയത് ശിവശങ്കറാണ്. വലിയ തോതിൽ കള്ളപ്പണം ഇടപാട് നടത്തിയതോടൊപ്പം സ്വർണക്കടത്തിലെ പ്രതികൾക്ക് സാമ്പത്തിക സംരക്ഷണം അടക്കമുള്ള സഹായങ്ങൾ നൽകിയെന്നുമാണ് ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 തവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു. നൂറിലേറെ മണിക്കൂർ തന്നെ ചോദ്യം ചെയ്തതായി ശിവശങ്കർ കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം .ശിവശങ്കറിന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ പിഴിച്ചിൽ ചികിത്സയിലാണ്. എണ്ണത്തോണിയിൽ കിടന്നുള്ള ചികിത്സയാണ് നടത്തുന്നത്. പിഴിച്ചിലിനു പുറമെ ഫിസിയോതെറാപ്പിയുമുണ്ട്. മെഡിക്കൽ കോളേജാശുപത്രിയിലെ പരിശോധനയിൽ കാര്യമായ അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു.നാളെ വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP