Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

നയതന്ത്ര ബാഗേജിൽ വന്ന സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് ഇഡിയോട് സമ്മതിച്ചു ശിവശങ്കരൻ; അറസ്റ്റു റിപ്പോർട്ടിൽ പുറത്തുവന്നത് ശിവശങ്കരന്റെ ക്രിമിനൽ ബുദ്ധിയുടെ ഒരു ഭാഗം മാത്രമോ? പിണറായി വിജയനെ നോക്കുകുത്തിയാക്കി കേരളം ഭരിച്ചത് സ്വർണ്ണക്കടത്തുകാരുടെ പ്രിയപുത്രൻ ; അയ്യോ ശങ്കരൻ പാവം.. ടീമുകൾക്കും തെളിവുകൾ പുറത്തുവരുമ്പോൾ മിണ്ടാട്ടം മുട്ടുന്നു

നയതന്ത്ര ബാഗേജിൽ വന്ന സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് ഇഡിയോട് സമ്മതിച്ചു ശിവശങ്കരൻ; അറസ്റ്റു റിപ്പോർട്ടിൽ പുറത്തുവന്നത് ശിവശങ്കരന്റെ ക്രിമിനൽ ബുദ്ധിയുടെ ഒരു ഭാഗം മാത്രമോ? പിണറായി വിജയനെ നോക്കുകുത്തിയാക്കി കേരളം ഭരിച്ചത് സ്വർണ്ണക്കടത്തുകാരുടെ പ്രിയപുത്രൻ ; അയ്യോ ശങ്കരൻ  പാവം.. ടീമുകൾക്കും തെളിവുകൾ പുറത്തുവരുമ്പോൾ മിണ്ടാട്ടം മുട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തിരിക്കുന്നത് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ മാത്രമാണ്. അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ശിവശങ്കരന് എതിരെ ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്ന വിവരം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ.

നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വർണം വിട്ടു കിട്ടാൻ വേണ്ടി സ്വപ്നയുടെ ആവശ്യപ്രകാരം പകാരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ എം ശിവശങ്കരൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇത് അറസ്റ്റു റിപ്പോർട്ടിൽ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ശിവശങ്കരൻ അറസ്റ്റിലായാൽ തങ്ങൾക്ക് ഒന്നുമില്ലെന്ന് പറയുന്നവർക്കും വലിയ പ്രഹരമാണ്. ഇതുവരെ ശിവശങ്കരനെ ന്യായീകരിക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് ഇപ്പോൾ മിണ്ടാട്ടം മുട്ടിയ അവസ്ഥിലാണ്.

മുഖ്യമന്ത്രിയെ നോക്കുകുത്തിയായി കേരളത്തിന്റെ സൂപ്പർ മുഖ്യമന്ത്രിയായി വിലസിയത് സ്വർണ്ണക്കടത്തുകാരുടെ പ്രിയപുത്രനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്ന്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്താണ് ജൂൺ 30-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കെത്തിയ എമിറേറ്റ്‌സ് കാർഗോ വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് പതിനഞ്ചുകോടിയോളം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് കണ്ടെത്തിയതോടെ പുറത്തായത്. കസ്റ്റംസിന്റെ അന്വേഷണം ചെന്നെത്തിയത് ഉന്നതരിലായിരുന്നു. ഈ ബാഗേജ് വിട്ടു കിട്ടാൻ വേണ്ടിയാണ് കസ്റ്റംസ് ഓഫീസസറെ ശിവശങ്കരൻ വിളിച്ചത്.

ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥ സ്വർണ്ണക്കടത്തിന്റെ മാസ്റ്റർ ബ്രെയിൻ

ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയതോടൊണ് സ്വർണ്ണക്കടത്തിന് രാഷ്ട്രീയ മാനം കൈവന്നത്. കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തിൽനിന്നാണ് സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കേസിൽപ്പെട്ടതിനുപിന്നാലെ ഐ.ടി. പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കിയെങ്കിലും സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ശരിവെക്കുന്ന തെളിവുകളും കൂടുതലായി ഫുരത്തുനന്നു.

ശിവശങ്കറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചെങ്കിലും പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെത്തുടർന്ന് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽനിന്നു നീക്കി. പിന്നാലെ ശിവശങ്കർ ഒരുവർഷത്തെ അവധിക്ക് അപേക്ഷ നൽകി.

ഒളിവിൽ പോയ കേസിലെ സുപ്രധാന പ്രതികളായ സ്വപ്നയും സന്ദീപും ബെംഗളുരിവിൽ അറസ്റ്റിലായതോടെ കേസ് നിർണായക വഴിത്തിരിവിലെത്തി. എൻഐഎയും കസ്റ്റംസും സംയുക്തമായാണ് ഇരുവരെയും കുടുക്കിയത്. പിന്നീട് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്നയും എം.ശിവശങ്കറിനെ വിളിച്ചതിന്റെ ഫോൺരേഖകൾ പുറത്തുവന്നു. ശിവശങ്കർ ഇവരെ തിരിച്ചുവിളിച്ചതിന്റെയും സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപ് ശിവശങ്കറുമായി സംസാരിച്ചിരുന്നുവെന്ന രേഖകളും ഇതിലുണ്ടായിരുന്നു.

സ്വപ്നയുമായുള്ള സൗഹൃദം അംഗീകരിച്ച് ശിവശങ്കർ

ജൂലായ് പതിന്നാലിന് ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തു. കേസിലെ പ്രാഥമിക ചോദ്യം ചെയ്യലായിരുന്നു ഇത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ രണ്ടേകാൽ വരെ നീണ്ടു. സ്വപ്നയുമായുള്ള സൗഹൃദം ഈ ചോദ്യം ചെയ്യലിൽ ശിവശങ്കർ ശരിവെച്ചു. എന്നാൽ ഇവർ വഴിവിട്ടനീക്കങ്ങൾ നടത്തുന്നവരാണെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കരന്റെ നിലപാട്. ചിലചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ഉത്തരം. ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു.

ജൂലായ് 27ന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ. കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചു. സി.ആർ.പി.സി. 160 അനുസരിച്ചാണ് ശിവശങ്കരന് എൻ.ഐ.എ. നോട്ടീസ് നൽകിയത്. ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഫോൺവിളികളെപറ്റിയും സ്വപ്നയ്ക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തതിനെ പറ്റിയുമായിരുന്നു കൂടുതലും എൻ.ഐ.എ. ആരാഞ്ഞത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ എൻ.ഐ.എ. നിർദ്ദേശിച്ചു. ജൂലായ് 28വ് രാവിലെ പത്തുമണിയോടെ എൻ.ഐ.എ ഓഫീസിൽ ശിവശങ്കരൻ എത്തി. എട്ടര വരെ ചോദ്യം ചെയ്യൽ നീണ്ടു. ക്രോസ് വിസ്താരരീതിയിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ വ്യക്തമായ തെളിവുകിട്ടാത്ത സാഹചര്യത്തിൽ എൻ.ഐ.എ.ശിവശങ്കറിനെ വിട്ടയച്ചു. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്ന് ശിവശങ്കർ എൻ.ഐ.എക്ക് നൽകിയ മൊഴി പിന്നീട് പുറത്തുവന്നു.

സ്വർണക്കടത്ത് കേസിൽ ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 14-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആവശ്യം. ഇ.ഡി.പിന്നീട് 30 മണിക്കൂറോളം ശിവശങ്കരനെ ചോദ്യം ചെയ്തു. സെപ്റ്റംബർ 24ന് എൻ.ഐ.എ. ശിവശങ്കറിനെ മൂന്നാംതവണയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഒൻപതുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഓഫീസിന് പുറത്തെത്തിയ ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്.

ഒക്ടോബർ ഒമ്പതിന് ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് രണ്ടാംതവണയായിരുന്നു ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തിയത്. സ്വർണക്കടത്തിന് പുറമേ ഇത്തവണ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് വിവരങ്ങൾ തേടി. ഒക്ടോബർ പത്തിനും ചോദ്യം ചെയ്യൽ തുടർന്നു. രണ്ടുദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

ഒക്ടോബർ 14-ന് ശിവശങ്കറിനോട് കൊച്ചിയിലെ ഇ.ഡി.ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കരൻ ഹാജരായില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി.തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ ആരോപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഒക്ടോബർ 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു. ജാമ്യാപേക്ഷ ഒക്ടോബർ 23ന് പരിഗണിക്കുന്നതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്.

ഇതിനിടെയാണ് വെള്ളിയാഴ്ച ശിവശങ്കരനെ തേടി കസ്റ്റംസ് അപ്രതീക്ഷിതമായി എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിന് പകരം കൂടെച്ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാതെയായിരുന്നു കസ്റ്റംസിന്റെ നീക്കം. ഇത് ശിവശങ്കരനെ പരിഭ്രാന്തിയിലാക്കി. ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവശങ്കരനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി തന്നെ ശിവശങ്കറിനെ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ കസ്റ്റംസ് മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയെങ്കിലും ശിവശങ്കരനെ ആശുപത്രിയിൽ അഡ്‌മിറ്റാക്കുകയായിരുന്നു. ഒക്ടബോർ 28 ന് ശിവങ്കറിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നു. രാത്രി വൈകി അറസ്റ്റ് ചെയ്തതായി സ്ഥിരീകരണം വരുന്നു. കള്ളപ്പണം വെളുപ്പിച്ചതിനും ബിനാമി ഇടപാടിനും ആണ് ശിവശങ്കർ അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP