Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റംസിന്റെ 'റോസ്റ്റിങ്' കഴിഞ്ഞു, ഇനി ഊഴം എൻഐഎയുടേത്! തലസ്ഥാനത്ത് തമ്പടിക്കുന്ന എൻഐഎ സംഘം ഇന്ന് ശിവശങ്കരനെ ചോദ്യം ചെയ്‌തേക്കും; ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതർ മൊഴികൾ പരിശോധിച്ച ശേഷം വൈരുദ്ധ്യമെന്ന് കണ്ടാൽ അറസ്റ്റ് ചെയ്യും; സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും നാലുവർഷമായി അവരെ അറിയാമെന്നും സമ്മതിച്ചു; ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഹിൽട്ടൺ ഇൻ ഹോട്ടലിൽ വെച്ച് സ്വർണ്ണക്കടത്തുകാരെ ശിവശങ്കർ കണ്ടതിന്റെ ദൃശ്യങ്ങളും കിട്ടി

കസ്റ്റംസിന്റെ 'റോസ്റ്റിങ്' കഴിഞ്ഞു, ഇനി ഊഴം എൻഐഎയുടേത്! തലസ്ഥാനത്ത് തമ്പടിക്കുന്ന എൻഐഎ സംഘം ഇന്ന് ശിവശങ്കരനെ ചോദ്യം ചെയ്‌തേക്കും; ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതർ മൊഴികൾ പരിശോധിച്ച ശേഷം വൈരുദ്ധ്യമെന്ന് കണ്ടാൽ അറസ്റ്റ് ചെയ്യും; സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും നാലുവർഷമായി അവരെ അറിയാമെന്നും സമ്മതിച്ചു; ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഹിൽട്ടൺ ഇൻ ഹോട്ടലിൽ വെച്ച് സ്വർണ്ണക്കടത്തുകാരെ ശിവശങ്കർ കണ്ടതിന്റെ ദൃശ്യങ്ങളും കിട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂർ നേരം ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ രണ്ടേകാലോടെയാണ് അവസാനിപ്പിച്ചത്. അതിനുശേഷം കസ്റ്റംസ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. അതേസമയം തനിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന വാദമാണ് ശിവശങ്കരൻ ചോദ്യം ചെയ്യലിൽ ഉടനീളം ഉയർത്തിയത്. അതേസമയം നിർണാകമായ വിവരങ്ങൽ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തിൽ പിടിയിലായ സ്വർണം വിട്ടുനൽകാൻ അദ്ദേഹം പലരീതിയിൽ സമ്മർദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാർഗോ കോംപ്ലക്സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവർത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കർ പറഞ്ഞതായാണ് വിവരം. സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവർഷമായി അവരെ അറിയാമെന്ന് സമ്മതിച്ചു. അതേസമയം, ജൂലായ് ഒന്ന്, രണ്ട് തീയതകളിൽ തിരുവനന്തപുരത്തെ ഹിൽട്ടൺ ഇൻ ഹോട്ടലിൽ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ താമസക്കാരുടെ രജിസ്റ്ററും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കർ കണ്ടതിന്റെ ദൃശ്യങ്ങൾ കിട്ടി. ഈ ദൃശ്യങ്ങൾ കേസിൽ ഏറെ നിർണായകമാകും.

കൊച്ചിയിൽ നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കർ വാടകയ്കെടുത്ത ഫ്ളാറ്റിന് സമീപത്തെ ഫ്ളാറ്റിൽ സ്വപ്നയുടെ ഭർത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അടുത്ത ഘട്ടത്തിൽ എൻഐഎയും ശിവശങ്കരനെ ചോദ്യം ചെയ്യും. തലസ്ഥാനത്ത് എൻഐഎ സംഘം എത്തിയിട്ടുണ്ട്. ഈ സംഘം ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷം മൊഴികൾ പരിശോധിച്ചു അറസ്റ്റു ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ഇന്നലെ അറസ്റ്റു ചെയ്യാതെ കസ്റ്റംസ് വിട്ടയച്ചത് എൻഐഎ ചോദ്യം ചെയ്യൽ കൂട കഴിയട്ടെ എന്നു കരുതിയാണ്.

വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. അതേസമയം എൻഐഎ മുൻ ഐടി സെക്രട്ടറിയെ അറസ്റ്റു ചെയ്താൽ അത് സർക്കാറിന് കനത്ത തിരിച്ചടിയാണ്. അദ്ദേഹത്തെ ഇപ്പോഴും സസ്‌പെന്റ് ചെയ്യാതെ സംരക്ഷിച്ചു നിർത്തുന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി ഉള്ളത്. സർക്കാർ കടുത്ത സമ്മർദ്ദത്തിലാണെങ്കിലും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ശിവശങ്കറെ സസ്‌പെൻഡ് ചെയ്യാനുള്ള അടിസ്ഥാനപരമായ വസ്തുതകൾ ഇല്ലെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇന്നലെ വ്യക്തമാക്കിയിപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റോസ്റ്റു ചെയ്യാൻ തുടങ്ങിയിരുന്നു. നടപടി ക്രമങ്ങളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ സസ്‌പെൻഷൻ സാധിക്കൂവെന്നാണു പാർട്ടി കേന്ദ്രങ്ങളോടും മുഖ്യമന്ത്രി ആവർത്തിക്കുന്നത്.

ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഒഴിവാക്കി 8 ദിവസം പിന്നിടുന്നു. സ്വപ്നയുടെ നിയമനത്തിലുള്ള അദ്ദേഹത്തിന്റെ പങ്കാണു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമായി അന്വേഷിക്കുന്നത്. സരിത്തും സ്വപ്നയും ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടുവെന്നു കോൾ ലിസ്റ്റുകൾ വ്യക്തമാക്കിയതോടെ അതുകൂടി അന്വേഷണ വിഷയത്തിൽ ഉൾപ്പെട്ടു. ശിവശങ്കർ കേന്ദ്രകഥാപാത്രമായ സ്പ്രിൻക്ലർ ഇടപാടിൽ സർക്കാരിനു വീഴ്ചയുണ്ടോയെന്നു പരിശോധിക്കാൻ വച്ച സമിതിയുടെ റിപ്പോർട്ട് പക്ഷേ, രണ്ടര മാസമായിട്ടും പൂർത്തിയായില്ല. അതുപോലെ നീളാനിടയില്ലെങ്കിലും നടപടി വൈകുന്ന ഓരോ ദിവസവും ശിവശങ്കറിനായി മുഖ്യമന്ത്രിക്കു ന്യായങ്ങൾ കണ്ടെത്തേണ്ടിവരും.

ശിവശങ്കരനെ ഇടതു സർക്കാർ സംരക്ഷിക്കുന്നു എന്ന് ബോധ്യം കേന്ദ്രസർക്കാറിനും ബിജെപിക്കും യുഡിഎഫിനുമണ്ട്. എന്നാൽ, എൻഐഎ എന്ത് നിലപാട് സ്വീകരിക്കും എന്നത് കനത്ത വെല്ലുവിളിയാണ് സർക്കാറിൽ ഉണ്ടാക്കുന്നത്. യുഎൻ പുരസ്‌കാരം വാങ്ങാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദേശത്തായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗം ടെന്നി ജോപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടതുപോലെ നാടകീയമായ പലതും രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുണ്ട്. സമാനമായി എൻഐഎ ശിവശങ്കരനെ അറസ്റ്റു ചെയ്യാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. തെളിവകൾ എല്ലാം തന്നെ ശിവശങ്കരന് എതിരാണ്. ഇതിനകം പുറത്തുവന്ന സ്വപ്നസരിത് ശിവശങ്കർ സൗഹൃദത്തിൽ ഇനി സിപിഎം കൂടുതൽ വേവലാതിപ്പെടുന്നില്ല. എന്നാൽ അവരുടെ അധോലോക ഇടപാടുകൾക്ക് അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടുനിന്നുവെന്നു തെളിഞ്ഞാൽ സർക്കാർ വൻ പ്രതിസന്ധിയിലാകും. എൻഐഎയുടെ ആ തലത്തിലേക്കുള്ള അന്വേഷണമാണു സർക്കാരും പാർട്ടിയും ഉദ്വേഗത്തോടെ വീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP