Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യാജരേഖ ചമച്ച് രണ്ടര കോടി തട്ടിയ മാംഗോ ഫോൺ ഉടമകൾക്ക് ഒത്താശ ചെയ്ത് ഉന്നതർ; അറസ്റ്റിലായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാൻ ആദ്യം ഓടിയെത്തിയത് ജമാൽ മണക്കാടൻ; പ്രതികളെ ഫോൺ ലോഞ്ചിംഗിനെത്തിച്ചത് സമ്മർദ്ദം ശക്തമായപ്പോൾ

വ്യാജരേഖ ചമച്ച് രണ്ടര കോടി തട്ടിയ മാംഗോ ഫോൺ ഉടമകൾക്ക് ഒത്താശ ചെയ്ത് ഉന്നതർ; അറസ്റ്റിലായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാൻ ആദ്യം ഓടിയെത്തിയത് ജമാൽ മണക്കാടൻ; പ്രതികളെ ഫോൺ ലോഞ്ചിംഗിനെത്തിച്ചത് സമ്മർദ്ദം ശക്തമായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ തട്ടിപ്പു കേസ് കേരളം ചർച്ച ചെയ്തു തുടങ്ങിയ വേളയിൽ കസ്റ്റഡിയിലെടുത്ത സരിത എസ് നായർക്ക് വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കാൻ പൊലീസ് നിർബന്ധിതരായത് രാഷ്ട്രീയത്തിലെ ഉന്നത ഇടപെടലുകളെ തുടർന്നായിരുന്നു. ഇക്കാര്യം സരിത തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വ്യാജരേഖ സമർപ്പിച്ച് രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മാംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ഫോണിന്റെ ലോഞ്ചിംഗിനായി അറസ്റ്റു ചെയ്ത പ്രതികളെ ഉദ്യോഗസ്ഥർക്ക് വഴിവിട്ട് സഹായിക്കേണ്ടിയും വന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരട് ലേമെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച ലോഞ്ചിങ് ചടങ്ങിലാണ് അറസ്റ്റു ചെയ്ത പ്രതികൾ പൊലീസ് അകമ്പടിയോടെ എത്തിയത്.

ഇങ്ങനെ ഉദ്യോഗസ്ഥർക്ക് പെരുമാറേണ്ടി വന്നത് ഭരണകക്ഷിയിലെ പ്രമുഖരുടെ ഇടപെടൽ മൂലവും ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദത്തെയും തുടർന്നായിരുന്നു. ഫലത്തിൽ ഇത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയായിപ്പോയി. ജോസുകുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും അറസ്റ്റു ചെയ്തുവെന്ന വിവരം അറിഞ്ഞതോടെ ഇവർക്ക് വേണ്ടി അരയും തലയും മുറുക്കി ആദ്യം രംഗത്തുവന്നത് കളമശ്ശേരി മുൻ മുൻസിപ്പൽ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ജമാൽ മണക്കാടനായിരുന്നു. ജമാൽ മണക്കാടൻ നേരിട്ട് തന്നെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വഞ്ചനാ കേസിൽ പ്രതികളെ അറസ്റ്റു ചെയ്തത്. എം ഫോണിന്റെ ലോഞ്ചിങ് ദിവസമാണ് ലോഞ്ചിങ് നടന്ന ഹോട്ടിലെത്തി കൊച്ചി ഷാഡോ പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് വ്യാജ രേഖ ചമച്ച് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. മൊബൈൽ ഫോണിന്റെ ലോഞ്ചിങ് നടക്കന്നതിന് തൊട്ടു മുമ്പ് ഹോട്ടിലെത്തി ഷാഡോ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടുകയായിരുന്നു. 2014 ഡിസംബറിലാണ് ഇവർ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്പയെടുത്തത്. 10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കർ സ്ഥലവുമാണ് ഈടു നൽകിയത്. ഈ വിവരം നേരത്തെ മറുനാടൻ മലായാളി റിപ്പോർട്ട് ചെയ്തിരുന്നു.

വായ്പ മുടങ്ങിയതോടെ നടത്തി അന്വേഷണത്തിൽ ഈടിനായി നൽകിയ വസ്തുക്കളുടെ രേഖകൾ വ്യാജമാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തി. തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് എം ഫോണിന്റെ പരസ്യങ്ങൽ കണ്ടപ്പോഴാണ് ഇതേപ്രതികൾ തന്നെയാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്നാണ് ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ച് പ്രതികൾ ഇവരാണെന്ന് പറഞ്ഞത്. ഇതോടെ ഹോട്ടലിലെത്തി ഷാഡോ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

എന്നാൽ മാംഗോ ഫോൺ ലോഞ്ചിന് മുമ്പ് ഉടമകൾ അറസ്റ്റിലായതോടെ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായതെന്നാണ് വിവരം. കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളായ ഇവർക്ക് വേണ്ടി ഉന്നത രാഷ്ട്രീയ പ്രവർത്തകർ തന്നെ രംഗത്തെത്തി. തലസ്ഥാനത്തു നിന്നും പോലും ഇവർക്ക് വേണ്ടി ഫോൺവിളികളുണ്ടായി. കൊച്ചിയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകർ പോലും ഇവർക്ക് വേണ്ടി രംഗത്തിറങ്ങി. ഇതോടെ അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം പൊളിയുകയായിരുന്നു.

കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് അകമ്പടിയോടെ പ്രതികളെ എം ഫോണിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാൻ കൊണ്ടുപോയത്. വഞ്ചനാ കേസിൽ ഇവർ അറസ്റ്റിലായതോടെ പരിപാടി നടത്തണമെങ്കിൽ മുൻകൂറായി പണം അടയ്ക്കണമെന്ന് ഹോട്ടൽ അധികൃതരും വ്യക്തമാക്കി. ഇതോടെ എം ഫോൺ ചെയർമാൻ കൂടിയായ റോജി അഗസ്റ്റിൻ ഇടപെട്ട് പണമടച്ചു. തുടർന്ന് ഹോട്ടലിൽ മാദ്ധ്യമപ്രവർത്തകരുടെ മുമ്പിൽ വച്ച് ഫോൺ താൽക്കാലികമായി പുറത്തിറക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഒമ്പത് മണിയോടെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും പൊലീസ് അകമ്പടിയോടെ ചടങ്ങിനെത്തിച്ചത്.

രാത്രി വൈകി തുടങ്ങിയ ഫോണിന്റെ ലോഞ്ചിങ് ചടങ്ങിലാണ് പ്രതികളുമായി പൊലീസ് എത്തിയത്. തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചു. അറസ്റ്റിലായ പ്രതികളെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് ചില ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കലും ഉന്നത രാഷട്രീയ ഇടപെടലുകളെ തുടർന്നായിരുന്നു വഴിവീട്ട ഈ നീക്കം. രാഷ്ട്രീയ സമ്മർദ്ദത്തിൽ നിയമങ്ങളെല്ലാം കാത്തിൽപ്പറത്തുകയാണ് ഉണ്ടായത്. മോഡലുകളുടെ അകമ്പടിയോടെ ഫോൺ ഇറക്കിയെന്ന് വരുത്തിയ ശേഷം പാർട്ടിയും സംഘടിപ്പിച്ചു. കലാപരിപാടിളും സംഘടിപ്പിച്ചിരുന്നു. ഇതിനെല്ലാം കാവൽ നിൽക്കേണ്ട അവസ്ഥയിലായി പൊലീസും.

അതേസമയം വായ്പ സംബന്ധിച്ച് ബാങ്കുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാൻ ശ്രമിച്ചുവരികയായിരുന്നുവെന്നുമാണ് എം ഫോൺ ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞത്. വ്യാജരേഖ ചമച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ഉത്തരം മുട്ടുകയും ചെയ്തു. ഫോൺ വിപണിയിൽ എത്തുമെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഓൺലൈൻ വഴി ലഭ്യമാക്കുമെന്നാണ് ഇവരുടെ പക്ഷം.

മലയാളിയുടെ സ്വന്തം ഫോൺ എന്ന പേരിൽ ഇന്നലെ പത്രങ്ങളിലൊക്കെ മാംഗോ ഫോൺ ലോഞ്ചിനെ കുറിച്ച് വൻ പരസ്യം വന്നിരുന്നു. ഇതിനിടെയാണ് ഇവർ അറസ്റ്റിലായത്. നിലവിൽ കളമശേരിയിലെ ബാങ്ക് ഓഫ് ബറോഡയിലും എസ്‌ബിറ്റിയിലുമായി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കേസ് നിലവിലുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണം നടക്കുമ്പോഴാണ് ഇന്നലത്തെ പ്രമുഖ പത്രങ്ങളിൽ മാംഗോ ഫോൺ പരസ്യം വന്നത്. അറസ്റ്റിലായവരുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ തന്നെ ഇവരുടെ ഉന്നത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളുണ്ട്. ഭരണ, പ്രതിപക്ഷ നേതാക്കന്മാരുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു യുവ എംഎൽഎയുടെയും ഒരു മന്ത്രിയുടെയും ഫോട്ടോയുണ്ട്. കൂടാതെ വാട്‌സ് ആപ്പിൽ ഒരു പ്രമുഖ ചാനലിന്റെ ലോഗോയാണ് ഇവർ ഉപയോഗിക്കുന്നതും.

ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്‌നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 5,800 മുതൽ 34,000 രൂപ വരെയാണ് വില. എന്നാൽ ഫോൺ പുറത്തിറങ്ങും മുൻപേ ഉടമകൾ അറസ്റ്റിലായതോടെ മാംഗോ ബ്രാൻഡ് വിപണിയിൽ കാലുകുത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ എം ഫോണിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മറുനാടൻ അന്വേഷണ പരമ്പര എഴുതിയതോടെ ഇവരുടെ അവകാശ വാദം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP