Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ സിആപ്റ്റ് ഡയറക്ടറാക്കിയത് ഇടത് സംഘടനകളുടെ എതിർപ്പ് അവഗണിച്ച്; പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്ന് ജീവനക്കാരുടെ മൊഴി; കർണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല; പാഴ്‌സലുകൾ കൃത്യ സ്ഥലത്ത് എത്തിയപ്പോൾ ഡയറക്ടറെ മാറ്റി നിയമിച്ചത് എൽബിഎസിലെ തന്ത്രപ്രധാന കസേരയിൽ; ജലീലിന്റെ വിശ്വസ്തൻ ഡോ എം അബ്ദുൾ റഹ്മാന്റെ മൊഴിയെടുക്കാൻ കസ്റ്റംസ്

യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ സിആപ്റ്റ് ഡയറക്ടറാക്കിയത് ഇടത് സംഘടനകളുടെ എതിർപ്പ് അവഗണിച്ച്; പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്ന് ജീവനക്കാരുടെ മൊഴി; കർണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല; പാഴ്‌സലുകൾ കൃത്യ സ്ഥലത്ത് എത്തിയപ്പോൾ ഡയറക്ടറെ മാറ്റി നിയമിച്ചത് എൽബിഎസിലെ തന്ത്രപ്രധാന കസേരയിൽ; ജലീലിന്റെ വിശ്വസ്തൻ ഡോ എം അബ്ദുൾ റഹ്മാന്റെ മൊഴിയെടുക്കാൻ കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിലെത്തിച്ച ദുരൂഹ ബണ്ടിലുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനം ഉപയോഗിച്ച് കടത്തിയ സംഭവത്തിൽ കസ്റ്റംസ് സി ആപ്ട് മുൻ ഡയക്ടർ ഡോ എം അബ്ദുൾ റഹ്മാന്റെ മൊഴിയെടുക്കുമെന്ന് സൂചന. സംഭവത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇടതു പക്ഷത്തിന്റെ എതിർപ്പു പോലും അവഗണിച്ചാണ് സി ആപ്പിന്റെ എംഡിയായി അബ്ദുൾ റഹ്മാനെ മന്ത്രി കെടി ജലീൽ നിയമിച്ചതെന്നതാണ് വസ്തുത. നിലവിൽ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് അബ്ദുൾ റഹ്മാൻ.

യുഡിഎഫ് സർക്കാരിൽ രണ്ട് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു അബ്ദുൾ റഹ്മാൻ. അക്കാലത്ത് ഒരു സർവ്വകലാശാലയുടെ പിവിസിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പ്രൊഫസർ പോലുമല്ലാത്ത ആളെ പിവിസിയാക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഇടതു പക്ഷ സംഘടനകളായിരുന്നു ഇതിനെതിരെ ശബ്ദമുയർത്തിയത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജലീൽ അബ്ദുൾ റഹ്മാനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചത്. ഇദ്ദേഹം സിആപ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാദ പാഴ്‌സലുകൾ മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ഇതാണ് സംശയങ്ങൾക്ക് കാരണം.

Stories you may Like

സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വർണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാൻ സർക്കാർ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കർണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡയറക്ടറുടെ അറിവോടെയെന്നാണ് സൂചന. ഇപ്പോഴത്തെ ഡയറക്ടർ ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതാണ് അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഈ പാഴ്‌സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം അബ്ദുൾ റഹ്മാന് കൂടുതൽ നല്ല തസ്തികയിൽ നിയമനവും കിട്ടി.

സംസ്ഥാനത്ത് ഏറെ പ്രവേശന പരീക്ഷ നടത്തുന്ന സ്ഥാപനമാണ് എൽബിസ്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനം. സി ആപ്പിറ്റിൽ ഡയറക്ടറായി ഇരിക്കെ അബ്ദുൾ റഹ്മാനെ ഒരു വനിതാ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. അതിന് ശേഷമാണ് എൽബിഎസ് എന്ന തന്ത്രപ്രധാന സ്ഥാനത്തേക്ക് സ്ഥലം മാറ്റവും പ്രമോഷനും നൽകിയത്. ഇതും ദുരൂഹത ഉയർത്തുന്നതാണെന്ന അഭിപ്രായം സജീവമാണ്. ഇതിനിടെ അബ്ദുൾ റഹ്മാന്റെ നിയമനത്തിന് പിന്നിലെ വസ്തുതകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും മന്ത്രിയുടെ ആവശ്യ പ്രകാരമാണ് പാഴ്‌സൽ കൊണ്ടു പോയതെന്നുമാണ് അബ്ദുൾ റഹ്മാൻ പറയുന്നത്.

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ പിവിസിയായിരുന്നു ഇദ്ദേഹം. സർവ്വകലാശാലയുടെ വിസിയുടെ ചുമതലയും വഹിച്ചു. വിഎച്ച് എസ് ഇ ഡയറക്ടറുമായിരുന്നു. യുഎഇ കോൺസുലേറ്റിന്റെ മറവിൽ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തി കസ്റ്റംസും എൻഐഎയും മുന്നോട്ട് പോകുമ്പോൾ അബ്ദുൾ റഹ്മാന്റെ മൊഴി എടുക്കലും നിർണ്ണായകമാകും. റംസാൻ കിറ്റിനൊപ്പം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ ആണ് തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നാണ് ജലീൽ സ്വയം വെളിപ്പെടുത്തിയത്. എന്നാൽ, അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഖുറാൻ പോലെയുള്ള മതഗ്രന്ഥങ്ങൾ ഒന്നും പാഴ്സൽ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കോൺസുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങൾ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.

കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ,മഎന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്ന് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

മലപ്പുറത്തേക്ക് സർക്കാർ വാഹനത്തിൽ പാഴ്സൽ കൊണ്ടു പോയത് സംബന്ധിച്ചു ഫേസ്‌ബുക്കിലൂടെ ജലീലിന്റെ ന്യായീകരണം ഇത്തരത്തിലായിരുന്നു-മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയും പറയുന്നത്. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങൾ. വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക? സർക്കാർ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കിൽ, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.-ഇതായിരുന്നു ജലീലിന്റെ നിലപാട് വിശദീകരണം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP