Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്ലാക്ക് മെയിലിംഗും പണംതട്ടലും പതിവ് പരിപാടി; കെണിയിൽ വീഴുന്ന ഇരകളെ കൈകാര്യം ചെയ്യാൻ മാളിൽ പ്രത്യേക ഇടിമുറി; ബ്ലാക്ക്‌മെയിലിങ് മുഖ്യസൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി; എൻഐടി പ്രൊഫസറെ കുടുക്കിയതിന് മുമ്പ് കഴിഞ്ഞ ദിവസം ഒരുപെൺകുട്ടിയെയും മോഷണം ആരോപിച്ച് അപമാനിച്ചു; കരുക്കൾ നീക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ; കോഴിക്കോട് ഫോക്കസ് മാളിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

ബ്ലാക്ക് മെയിലിംഗും പണംതട്ടലും പതിവ് പരിപാടി; കെണിയിൽ വീഴുന്ന ഇരകളെ കൈകാര്യം ചെയ്യാൻ മാളിൽ പ്രത്യേക ഇടിമുറി; ബ്ലാക്ക്‌മെയിലിങ് മുഖ്യസൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി; എൻഐടി പ്രൊഫസറെ കുടുക്കിയതിന് മുമ്പ് കഴിഞ്ഞ ദിവസം ഒരുപെൺകുട്ടിയെയും മോഷണം ആരോപിച്ച് അപമാനിച്ചു; കരുക്കൾ നീക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ; കോഴിക്കോട് ഫോക്കസ് മാളിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

കെ വി നിരഞ്ജൻ

 കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മാളിൽ എൻഐടി പ്രൊഫസറെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തെത്തുടർന്ന പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. മാളുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ്, അറസ്റ്റിലായ ഫോക്കസ് മാൾ ജീവനക്കാരെ അധികരിച്ചു നടക്കുന്ന അന്വേഷണം വെളിച്ചം വീശുന്നത്. ഖെരൊഖ്പൂർ എൻഐടി യിൽ പ്രഫസറായ പ്രശാന്ത് ഗുപ്തയായിരുന്നു കഴിഞ്ഞ ദിവസം മാവൂർ റോഡിലെ ഫോക്കസ് മാൾ ജീവനക്കാരുടെ തട്ടിപ്പിനിരയായത്. മാളിലെ നാല് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യസൂത്രധാരനും ഫോക്കസ് ഹൈപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജറും വടകര സ്വദേശിയുമായ യാഹ്യ, കവർച്ചയ്ക്ക് കൂട്ടു നിന്ന ഇവന്റ് മാനേജർ കമാൽ എന്നിവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിങ്, കൊള്ളയടി തുടങ്ങിയവകുപ്പുകൾ പ്രകാരം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.

പ്രൊഫസർ ഗുപ്തയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനു സമാനമായി മുൻപും പല സംഭവങ്ങളും നടന്നിട്ടുണ്ടെന്നും അവയ്ക്കു പിന്നിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് സൂചന. ഒരു പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഇവർ മോഷണം ആരോപിച്ച് അപമാനിച്ചിരുന്നു. മാളിനുള്ളിൽ ജീവനക്കാരുടെ കെണിയിലാകുന്ന ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഇടിമുറി തന്നെയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബ്ലാക്ക് മെയിലിംഗും പണം തട്ടലും നടന്നിരുന്നത്. തന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് യാഹ്യ ഇത്തരം സംഭവങ്ങൾ പുറത്തുവരാതെ നോക്കി. ഇതേ കാരണം കൊണ്ടു തന്നെ പരാതിപ്പെടാനും പലപ്പോഴും ഇരകളാകുന്നവർ ഭയന്നു. ഗുപ്തയുടെ സംഭവം ഉണ്ടായപ്പോഴും അത് പുറത്തു വരാതിരിക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നു. മാധ്യമങ്ങൾക്ക് പ്രതികളുടെ ഫോട്ടോ പോലും നൽകരുതെന്ന നിർദ്ദേശമാണ് പൊലീസിന് ലഭിച്ചത്.

പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ യാഹിയയും സംഘവും നിർബാധം തങ്ങളുടെ തട്ടിപ്പ് തുടർന്നേനെ. തന്റെ പരാതിയോട് ഉടനടി പ്രതികരിക്കുകയും പ്രതികളെ വലയിലാക്കുകയും ചെയ്ത പൊലീസിന് പ്രശാന്ത് ഗുപ്ത നന്ദി പറഞ്ഞു. ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ പല മാളുകളും ബാർ ഹോട്ടലുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കെണിയിലകപ്പെടുന്നവർ പരാതി നൽകാതെ പോകുന്നതാണ് സംഭവങ്ങൾ പുറത്തുവരാതിരിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. യാഹിയയെയും കമാലിനെയും അറസ്റ്റ് ചെയ്താൽ എത്ര പേർ ഇതുവരെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അറിയാൻ കഴിയുമെന്ന് പൊലീസ്് പ്രതീക്ഷിക്കുന്നു. പൊലീസ് നടപടിയെത്തുടർന്ന് കൂടുതൽ പേർ പരാതികളുമായി കടന്നു വരാനുള്ള സാധ്യതയുമുണ്ട്. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയുടേതാണ് ഹൈപ്പർമാർക്കറ്റ്. സ്ഥാപന ഉടമയുടെ അറിവോടെയായിരുന്നോ കൊള്ളസംഘം പ്രവർത്തിച്ചിരുന്നത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രൊഫസറുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വലിയ തോതിൽ പണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു പ്രൊഫസർ പ്രശാന്ത് ഗുപ്ത. ഷോപ്പിങിനിടെ ഫോൺ വന്നപ്പോൾ റേഞ്ച് കിട്ടാതെ സംസാരിക്കാൻ ഇദ്ദേഹം പുറത്തേക്കിറങ്ങി. നാട്ടിലുള്ള ഭാര്യക്കായി മുന്നു ലിപ്സ്റ്റിക്കുകൾ ഇദ്ദേഹം കൈയിലെടുത്തിരുന്നു. തുടർന്ന് പ്രൊഫസർ സാധനങ്ങൾ മോഷ്ടിക്കുവാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. സ്ഥിരമായി ഇദ്ദേഹം സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. ഇടിമുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വിലകൂടി വാച്ച്, മൊബൈൽ ഫോൺ, 7500 രൂപ, എടിഎം കാർഡ് എന്നിവ നിർബന്ധപൂർവം വാങ്ങുകയും ചെയ്തു. എടിഎം കാർഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സ്വൈപിങ് മെഷീൻ മുഖേന ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു.

പുറത്തു പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്ത വരുമെന്നും സമൂഹ മാധ്യമങ്ങളിൽ പടം സഹിതം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പ്രൊഫസർ ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഭാര്യയെയും മറ്റും വിളിച്ചു പറയുമെന്നും ഇവർ ഭീഷണി മുഴക്കി. മാനഹാനി ഭയന്ന ഗുപ്ത സംഭവിച്ചതെന്താണെന്ന് ആരോടും ആദ്യം പറഞ്ഞില്ല.

എന്നാൽ വ്യാഴാഴ്ച പ്രൊഫസറുമായി ബന്ധപ്പെട്ട ജീവനക്കാർ സിവിൽ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച കസബ പൊലീസ എസ്‌ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥാപനം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രൊഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും , പണം പിൻവലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപർ മാർക്കറ്റിന്റെ ലോക്കറിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. പ്രൊഫസറിൽ നിന്നും കവർന്ന ഒരു ലക്ഷം രൂപ തിരികെ നൽകാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

കോഴിക്കോട്ടെ കച്ചവടക്കാർക്ക് ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു ബന്ധവുമില്ലെന്നും വൻകിട മാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് കച്ചവടക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. നല്ല നിലയിൽ സത്യസന്ധമായി കച്ചവടം നടത്തുന്നവരാണ് കോഴിക്കോട്ടെ വ്യാപാരികൾ. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP