Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തി; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തി; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിൽ യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്‌പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. മലപ്പുറം ചങ്ങരംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

പ്രവാസിയായ യാസറിനെ യുഎഇയിൽ നിന്നും ഡീപോർട്ട് ചെയ്യാൻ മന്ത്രി കെടി ജലീൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ സമ്മ‍ർദ്ദം ചെലുത്തിയതായി സ്വ‍ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. മന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് യാസ‍‍ർ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഓഫീസിന് മുന്നിൽ യാസ‍ർ എടപ്പാളിന്റെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു.

യാസിർ എടപ്പാളിനെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ​​​ദിവസം രം​ഗത്തെത്തിയിരുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദാണ് ഇതു സംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പാർട്ടിക്കു വേണ്ടി പോരാടാൻ ഏതെങ്കിലും സ്വതന്ത്ര വ്യക്തികളെയോ സംഘങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. മുസ്ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മറ്റി മുതൽ ദേശീയ കമ്മറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു എന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സിപിഎം അണികളുടെ സംസ്‌കാരം മുസ്ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹമാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയിലൂടെ പറഞ്ഞു.

യാസർ എടപ്പാളിനെ തള്ളി മുസ്ലിം ലീഗ് പ്രദേശിക നേതൃത്വവും നേരത്തേ രംഗത്തുവന്നിരുന്നു. യാസർ എടപ്പാൾ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അറിയിച്ചു. പ്രചരിക്കുന്നപോലെ മുസ്ലിം ലീഗ് സൈബർ വിങിന്റെ ചുമതലയും അദ്ദേഹത്തിനില്ല. യാസർ ചെയ്ത മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ നാളിതുവരെ പാർട്ടി പിന്തുണച്ചിട്ടില്ലെന്നും മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർകെ ഹമീദ്അറിയിച്ചു. എന്നാൽ മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിക്കുകയും വിവാദനായിക സ്വപ്നസുരേഷിനെ ഉപയോഗിച്ച് കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി യാസറിനെ നാട് കടത്താൻ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമ വിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ മുസ്ലിം ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന്റെ ഫോൺ ചോർത്തിയിരുന്നെന്ന ​ഗുരുതര വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് പ്രവർത്തകൻ യാസിർ എടപ്പാൾ രം​ഗത്തെത്തിയിരുന്നു. മീഡിയാ വണ്ണിന്റെ ചാനൽ ചർച്ചയിലായിരുന്നു യാതൊരു പേടിയുമില്ലാതെ തങ്ങളുടെ ഐടി ടീം മന്ത്രിയുടെ ഫോൺ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ ചോർത്തിയെന്ന് യാസിർ വെളിപ്പെടുത്തിയത്. കെഎംസിസിയെ അപകീർത്തിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പുകൾ താൻ ലീക്ക് ചെയ്തെന്നും യാസിർ ചാനൽചർച്ചയിൽ വെളിപ്പെടുത്തി.

ഒന്ന് രണ്ട് മാസങ്ങൾ മുൻപാണ് തങ്ങളുടെ ഐ.ടി സെൽ ജലീലിന്റെ ഫോൺ ഹാക് ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു. മറ്റൊരു ചാനലിനോടും പറയാത്ത കാര്യം വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ ഫോൺ ചോർത്തിയ കാര്യം യാസിർ ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയത്. ” അന്ന് നിർഭാഗ്യവശാൽ ഒരു ഫ്‌ളൈറ്റിന്റെ അനുമതി നിഷേധിക്കപ്പെട്ടപ്പോൾ അന്ന് കെ.ടി ജലീൽ അതിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തന്നെ ഒരാൾക്ക് പേഴ്‌സണലായി അയച്ച വോയ്‌സ് ക്ലിപ്പ് എന്നുപറയുന്നത് ഇങ്ങനെയായിരുന്നു, കെ.എം.സി.സിയുടെ ഫ്‌ളൈറ്റ് പൊക്കാൻ എസ്.ടി.യു എന്നു പറയുന്ന മുസ്‌ലിം ലീഗിന്റെ തൊഴിലാളി യൂണിയന്റെ തൊഴിലാളികൾ ആരും അവിടെയുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാണ് അധിക്ഷേപിച്ചത്,” എന്ന് യാസിർ പറഞ്ഞു.

മന്ത്രിയുടെ വാട്‌സ് ആപ്പാണ് സെൽ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും ഇയാൾ പറഞ്ഞു. എന്നാൽ താൻ നേരിട്ടോ യു.എ.ഇ യിൽ നിന്നോ അല്ല ഹാക്കിങ് നടത്തിയതെന്നും അതുകൊണ്ട് തന്നെ അതിന്റെ കുറ്റം തന്നിലേക്ക് വരില്ലെന്നും യാസിർ പറയുന്നുണ്ട്. മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിർ രംഗത്തെത്തിയിരുന്നു. മന്ത്രി തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് വീട്ടിൽ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാൻ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിർ ആരോപിച്ചിരുന്നു.മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാൻ കെ.ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്‌നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP