Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അൽഖ്വയ്ദയിൽ ആകൃഷ്ടനായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജിഹാദിയാകാൻ ഇറങ്ങിത്തിരിച്ചു; 2010 ഡിസംബറിൽ ക്രിസ്മസ് ദിനത്തിൽ ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖരെ ബോംബ് വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയിൽ ജയിലിൽ അകത്തായി; അതീവ അപകടകാരിയെന്ന് കോടതി പറഞ്ഞിട്ടും പരോൾ അനുവദിച്ചത് ശരീരത്തിൽ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച്; തലങ്ങും വിലങ്ങും കത്തിവീശി ലണ്ടൻ നഗരത്തിൽ രണ്ടുപേരെ കൊന്നുതള്ളിയ ഉസ്മാൻഖാൻ പാക് വംശജനായ ഭീകരൻ

അൽഖ്വയ്ദയിൽ ആകൃഷ്ടനായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജിഹാദിയാകാൻ ഇറങ്ങിത്തിരിച്ചു; 2010 ഡിസംബറിൽ ക്രിസ്മസ് ദിനത്തിൽ ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖരെ ബോംബ് വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയിൽ ജയിലിൽ അകത്തായി; അതീവ അപകടകാരിയെന്ന് കോടതി പറഞ്ഞിട്ടും പരോൾ അനുവദിച്ചത് ശരീരത്തിൽ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച്; തലങ്ങും വിലങ്ങും കത്തിവീശി ലണ്ടൻ നഗരത്തിൽ രണ്ടുപേരെ കൊന്നുതള്ളിയ ഉസ്മാൻഖാൻ പാക് വംശജനായ ഭീകരൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വെള്ളിയാഴ്ചയുണ്ടായ കത്തിയാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് സംഭവത്തിന്റെ ദുരൂഹതയഴിച്ച് സ്‌കോട്ട്ലൻഡ്യാർഡ് പൊലീസ്. രണ്ടുപേരുടെ മരണത്തിനും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് 28 കാരനായ അൽഖ്വയ്ദ ഭീകരൻ ഉസ്മാൻ ഖാൻ ആണ്. ബ്രിട്ടീഷ് പൗരത്വം കിട്ടിയ പാക് വംശജനാണ് ഇയാൾ. ലണ്ടൻ ബ്രിഡ്ജിന് സമീപം തലങ്ങും വിലങ്ങും കത്തിവീശി നിരപരാധികളെ അരിഞ്ഞിട്ട ഇയാളെ സ്‌കോട്ട്ലൻഡ് യാർഡ് വെടിവെച്ച് മിനിട്ടുകൾക്കുള്ളിൽ കൊലപ്പെടുത്തിയിരുന്നു. കൗമാരകാലം രോഗിയായ അമ്മയോടൊപ്പം ഉസ്മാൻ ഖാൻ പാക്കിസ്ഥാനിലാണ് കഴിഞ്ഞിരുന്നത്. ഭീകര സംഘടനയായ അൽ ഖ്വയ്ദയിൽ ആകൃഷ്ടനായ ഉസ്മാൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജിഹാദിയാകാൻ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സ്‌കോട്ട്ലൻഡ് യാർഡിന്റെ ഭീകരവിരുദ്ധ സേന അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസുവിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് സ്‌കോട്ട്ലൻഡ് യാർഡ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭീകരവിരുദ്ധ സേനയ്ക്ക് നേതൃത്വം നൽകുന്ന നീൽ ബസു ഇന്ത്യൻ വംശജനായ പൊലീസ് ഓഫീസറാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിലാണ് ഉസ്മാൻ ഖാൻ കൊല്ലപ്പെട്ടത്. ലണ്ടൻ ബ്രിഡ്ജിനടുത്തുള്ള ചരിത്ര പ്രധാന്യമുള്ള ഫിഷ്മോംഗേഴ്സ് ഹാളിൽ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയിൽ ഉസ്മാൻ ഖാൻ പങ്കെടുത്തതായി നീൽ ബസു പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങി പകൽ 1.58നാണ് ആക്രമണം തുടങ്ങിയത്. വൈകാതെ ഇയാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു.

പുറത്തുവിടരുതെന്ന കോടതി നിർദ്ദേശം അവഗണിച്ചു

സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച ഇയാൾ ചെറുപ്പം മുതലേ ജിഹാദി അനുഭാവിയാണെന്ന് പൊലീസ് പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇയാൾ, രോഗിയായ അമ്മയോടൊപ്പം പാക്കിസ്ഥാനിലാണ് കൗമാരകാലത്ത് കഴിഞ്ഞിരുന്നത്. ഇവിടെവച്ചാണ് ജിഹാദി ആശയങ്ങൾ അയാളുടെ തലയിൽ കയറിയത്.

2010ലാണ് ഉസ്മാൻ ഖാൻ ജയിലിലാവുന്നത്. ആ വർഷത്തെ ക്രിസ്മസ് ദിനത്തിൽ അന്നത്തെ ബ്രിട്ടീഷ് മേയർ ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖരെ ബോംബുവെച്ച് കൊല്ലാനുള്ള ഇവരുടെ ഗൂഢാലോചന പൊലീസ് പൊളിക്കയായിരുന്നു. വിചാരണക്കോടതി ഇയാൾ ലക്ഷണമൊത്ത ജിഹാദിയാണെന്നും അതിനാൽ പറുത്തുവിടരുത് എന്നും പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് പരോളിൽ പുറത്തിറങ്ങിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണൽ നീൽ ബസു പറഞ്ഞു. ശരീരത്തിൽ ഇലക്ട്രോണിക് ടാഗ് ധരിക്കാമെന്ന് സമ്മതിച്ച ശേഷമാണ് ഉസ്മാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. ടാഗ് ധരിച്ചാൽ ഇയാളുടെ ചലനങ്ങൾ പൊലീസ് കൃത്യമായി മനസ്സിലാക്കാനാകും. എന്നാൽ ഉസ്മാൻ ലണ്ടൻ ബ്രിഡ്ജിന് സമീപമെത്തുന്നത് പൊലീസ് അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. ജയിലിൽ നിന്നിറങ്ങിയ ഉസ്മാൻ സ്റ്റഫോഡിലായിരുന്നു താമസിച്ചിരുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 2012-ൽ എട്ട് വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി ഉസ്മാന് വിധിച്ചത്. ഇതിനെതിരെ ഉസ്മാൻ അപ്പീൽ നൽകി. 2013-ൽ അപ്പീൽ പരിഗണിച്ച കോടതി 16 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

അതിനിടെ ഇയാൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഭീകരരെ ജയിൽ മോചിതരാക്കുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ ഭീകരന്റെ കാര്യത്തിൽ ഇങ്ങനെയൊരു തെറ്റാണ് സംഭവിച്ചതെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഭീകരനെന്ന് തെളിയിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞയാൾ പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് ഗുരുതരമായ പ്രശ്നമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ തന്റെ മണ്ഡലത്തിൽ നിന്ന് ഡൗണിങ് സ്ട്രീറ്റിൽ തിരിച്ചെത്തിയ ജോൺ കോബ്ര കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. പൊലീസും ജനങ്ങളും അടിയന്തര സേവന വിഭാഗവും നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിന് നേരെ നിന്ന് അതിനെ കീഴടക്കുന്നത് അത്ഭുതകരമായ ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനം കാണിച്ചത് അസാമാന്യ ധൈര്യം

പ്രാദേശിക സമയം വെള്ളിയാഴ്ച പകൽ 1.58നാണ് ഒരു യുവാവ് കത്തിയുമായി ആൾക്കൂട്ടത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുത്തത്. ലണ്ടൻ ബ്രിഡ്ജിന്റെ വടക്കുഭാഗത്ത് ഫിഷ്മോംഗേഴ്സ് ഹാളിന് മുന്നിലാണ് സംഭവം. ജനക്കൂട്ടം പരിഭ്രാന്തരായി ഓടിയപ്പോൾ യുവാവ് കത്തി വീശിക്കൊണ്ടിരിക്കുയായിരുന്നു. ഒരു സ്ത്രീയും പുരുഷനും കത്തിക്കുത്തേറ്റ് മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ലണ്ടൻ ബ്രിഡ്ജ് പരിസരമാകെ ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായാൻ തുടങ്ങി. രണ്ട് മിനിട്ടിനകം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സ്ഥലത്തെത്തി.അപ്പോഴേക്ക് ജനങ്ങൾ തന്നെ അക്രമിയെ പിടിച്ചുനിർത്തിയിരുന്നു. പിന്നീട് പൊലീസ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി. വെടിവെക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ഭീകരാക്രമണം ഉണ്ടായപ്പോൾ ജനങ്ങളും പൊലീസും പ്രകടിപ്പിച്ച ധൈര്യത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൊതുജനങ്ങളും പൊലീസും കാണിച്ച അസാമാന്യ ധൈര്യം കാരണമാണ് അക്രമിയെ കൊലപ്പെടുത്താൻ സാധിച്ചതെന്ന് ബോറി ജോൺസൺ പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ, ഡിക്ക് തുടങ്ങിയവരും ജനങ്ങളെയും പൊലീസിനെയും അഭിനന്ദിച്ചു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 2017-ൽ ലണ്ടർ ബ്രിഡ്ജിൽ ആക്രമണം നടത്തിയപ്പോൾ 11 പേരായിരുന്നു കൊല്ലപ്പെട്ടത്. ആ സംഭവത്തിന് ശേഷം ലണ്ടൻ ബ്രിഡ്ജിൽ സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP