Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചതിന്റെ പ്രതിഫലത്തുക; കമ്മീഷൻ തുക നൽകിയത് യുണിടെക്ക് കമ്പനി; മുഖ്യമന്ത്രിയെയും സർക്കാറിനെയും വെട്ടിലാക്കി സ്വപ്‌ന സുരേഷിന്റെ അതി നിർണായക മൊഴി; സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല പണമെന്നു വരുത്തി തീർക്കാൻ സ്വപ്‌ന പയറ്റിയത് അതിഗംഭീര തന്ത്രം; പണം കൈപ്പറ്റിയത് യുഎഇ കോൺസുലേറ്റിന്റെ അനുമതിയോടെയെന്നും സ്വപ്ന; മുഖ്യമന്ത്രിയാണ് ചെയർമാനായ ലൈഫ് മിഷൻ പദ്ധതിയും വിവാദത്തിൽ

ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചതിന്റെ പ്രതിഫലത്തുക; കമ്മീഷൻ തുക നൽകിയത് യുണിടെക്ക് കമ്പനി; മുഖ്യമന്ത്രിയെയും സർക്കാറിനെയും വെട്ടിലാക്കി സ്വപ്‌ന സുരേഷിന്റെ അതി നിർണായക മൊഴി; സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല പണമെന്നു വരുത്തി തീർക്കാൻ സ്വപ്‌ന പയറ്റിയത് അതിഗംഭീര തന്ത്രം; പണം കൈപ്പറ്റിയത് യുഎഇ കോൺസുലേറ്റിന്റെ അനുമതിയോടെയെന്നും സ്വപ്ന; മുഖ്യമന്ത്രിയാണ് ചെയർമാനായ ലൈഫ് മിഷൻ പദ്ധതിയും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ കൂടുതലായി പുറത്തുവരുമ്പോൾ സംസ്ഥാന സർക്കാർ വെട്ടിലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർത്തുകെട്ടാവുന്ന വിധത്തിലേക്കാണ് സ്വപ്‌നയുടെ ഒരു മൊഴി ഉണ്ടായിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസർക്കാരിന്റെ 'ലൈഫ്മിഷൻ'' പദ്ധതിയിലെ കരാർ സ്വകാര്യ കമ്പനിക്കു നൽകിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നത്.

ലൈഫ്മിഷന്റെ ഭാഗമായി വീടുകൾ പണിതുനൽകാൻ യുണിടെക് എന്ന സ്വകാര്യ നിർമ്മാണക്കമ്പനിക്കു കരാർ നൽകിയതിന്റെ കമ്മീഷൻ തുകയാണിതെന്നു തെളിയിക്കുന്ന രേഖകൾ സ്വപ്ന എൻ.ഐ.എ. കോടതിയിൽ ഹാജരാക്കി. സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീർക്കാൻ വേണ്ടിയാണ് സ്വപ്‌ന സുരേഷ് ഈ നീക്കം നടത്തിയത്. ഇതോടെ സർക്കാറും പ്രതിരോധത്തിലാകുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ.

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിർമ്മിക്കാൻ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്സ് റെഡ് ക്രസന്റ്'' (ഇ.ആർ.സി) ഒരുകോടി ദിർഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസർക്കാരുമായി ചേർന്ന് യു.എ.ഇ. കോൺസുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയിൽനിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകൾ നിർമ്മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നൽകിയത്.

2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാർ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. സ്വപ്നയാണ് ഈ ചടങ്ങിന് മേൽനോട്ടം വഹിച്ചത്.

ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നത്. ഇതിനു കരാർ നൽകിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോൺസൽ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോൺസൽ ജനറൽ തുക നൽകുകയായിരുന്നെന്നും അത്തരം കമ്മീഷൻ ഇടപാടുകൾ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു. ഇതിൽ സ്വപ്ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് നിർമ്മാണ കരാർ നൽകിയത്. ഇതിനുള്ള പാരിതോഷികമായിട്ടാണ് ഒരു കോടി ലഭിച്ചത്. എന്നാൽ പണം കിട്ടിയിത് കോൺസൽ ജനറലിനാണെന്നാണ് സ്വപ്നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാൻ കോൺസൽ ജനറൽ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നാണ് കമ്മീഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്നയുടെ മൊഴി.

ലോക്കറിൽ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷൻ ഇനത്തിൽ ലഭിച്ചതാണെന്നു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചു. വിസ് സ്റ്റാമ്പിങ് അടക്കമുള്ള നടപടികൾക്ക് കോൺസുലേറ്റിൽ ഇന്ത്യൻ കറൻസി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിനായി രണ്ട് മണി എക്‌സ്‌ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മീഷൻ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ അറിവോടെയായിരുന്നോ എന്നും പുരിശോധിക്കുന്നുണ്ട്. മിക്കവാറും അടുത്തയാഴ്ചതന്നെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും.

സ്വപ്നയ്‌ക്കൊപ്പം ബാങ്ക് ലോക്കർ എടുക്കണമെന്നു നിർദ്ദേശിച്ചത് ശിവശങ്കർ ആണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൂടി കമ്മിഷൻ കിട്ടിയെന്ന് സൂചന നൽകുന്ന വെളിപ്പെടുത്തൽ സർക്കാരിനെ വൻ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ വിഷയം സർക്കാറിനെ വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേക്ക് നയിച്ചേക്കും.

അധികാരത്തിന്റെ ഇടനാഴിയിൽ സ്വപ്നാ സുരേഷിന് വൻ സ്വാധീനമുണ്ടെന്നാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേരളാ പൊലീസിൽ അവർക്ക് വൻ സ്വാധീനശക്തിയുണ്ട്. ഉന്നതബന്ധങ്ങളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പൊലീസിനെയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെയുമെല്ലാം വരച്ച വരയിൽ നിറുത്താനുള്ള സ്വാധീനം സ്വപ്നയ്ക്ക് എങ്ങനെ കിട്ടി? ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. യു.എ.ഇ പോലൊരു രാഷ്ട്രത്തിന്റെ കോൺസുലേറ്റ് സ്വപ്നയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന സ്ഥിതിയാണ്. കോൺസുലേറ്റിൽ നിന്ന് പുറത്തായിട്ടും, സ്വപ്നയ്ക്ക് പ്രതിമാസം ആയിരം ഡോളർ (75,000രൂപയോളം) കോൺസുലേറ്റ് പ്രതിഫലം നൽകുന്നതും കൗതുകകരമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

കോൺസുലേറ്റിലെ സ്വാധീനമുപയോഗിച്ച് സ്വർണക്കടത്ത് മാത്രമല്ല സ്വപ്ന നടത്തിയത്. കോൺസുലേറ്റ് ഉന്നതരുമായി ചേർന്ന് വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി. കമ്മിഷനായി കോടികൾ കൈയിലെത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള പൊലീസിലെ ഉന്നതനെ വലയിൽ വീഴ്‌ത്തിയത് ഇങ്ങനെയാണ്. മക്കൾക്ക് സ്‌കൂൾ, കോളേജ് പ്രവേശനത്തിനും ലോക്ക് ഡൗണിൽ പിടിയിലായ ഹോം നഴ്‌സിനെ വിട്ടയയ്ക്കാനുമെല്ലാം ഈ ഉന്നതൻ നേരിട്ട് ഇടപെട്ടു. പ്രളയ പുനർനിർമ്മാണത്തിന് സ്വപ്ന ഇടനിലക്കാരിയായാണ് യു.എ.ഇയിലെ സന്നദ്ധസംഘടനകൾ പണമെത്തിച്ചത്. പുനർനിർമ്മാണത്തിന് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച ശേഷമായിരുന്നു ഈ ഇടപാടുകൾ. മന്ത്രിമാരുടെ ഓഫീസുകളിൽ സ്വപ്നയും സരിത്തും നിത്യസന്ദർശകരായിരുന്നെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ തെളിവുതേടിയാണ് സെക്രട്ടേറിയറ്റിലെ ഒരുവർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടത്.വമ്പന്മാരുടെ ബിനാമിസ്വപ്നാ സുരേഷ് നിരവധി ഉന്നതരുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്വപ്നയ്ക്കും നിരവധി ബിനാമി നിക്ഷേപമുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സ്വപ്നയുമായി ചേർന്ന് റിയൽ എസ്റ്റേറ്ര് ഇടപാടുകളുണ്ടായിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിവരം കിട്ടി. സ്വപ്നയുടെ മക്കൾക്ക് തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലും പ്രവേശനം വാങ്ങിനൽകിയതും ഇദ്ദേഹമാണ്. പൊലീസിലേതടക്കം ഉന്നതർക്ക് വിദേശത്ത് ബിനാമി നിക്ഷേപത്തിന് സൗകര്യമൊരുക്കുക സ്വപ്നയുടെ രീതിയായിരുന്നു. സ്വപ്നയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ച് കസ്റ്റംസും എൻഫോഴ്‌സ്മെന്റും അന്വേഷിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP