Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിടാക് എംഡിക്കൊപ്പം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് ഡയറക്ടറായ ഭാര്യയ്ക്കും; സന്ദേശം മനസിലായപ്പോൾ ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും സിബിഐയ്ക്ക് നൽകി സന്തോഷ് ഈപ്പൻ; ഉറച്ച് നിൽക്കുന്നത് കൈക്കൂലിയല്ല നൽകിയത് കമ്മിഷനെന്ന വാദത്തിൽ; റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച്; ധാരണാപത്രം തയ്യാറാക്കിയത് ലൈഫ് മിഷനല്ലെന്ന് മൊഴിയുമായി സിഇഒ; അന്വേഷണം എത്തുക ശിവശങ്കരനിലേക്ക്; അന്വേഷണത്തിന് സർക്കാർ തടയിടുമ്പോഴും ഏറെ മുന്നേറി സിബിഐ

യൂണിടാക് എംഡിക്കൊപ്പം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് ഡയറക്ടറായ ഭാര്യയ്ക്കും; സന്ദേശം മനസിലായപ്പോൾ ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും സിബിഐയ്ക്ക് നൽകി സന്തോഷ് ഈപ്പൻ; ഉറച്ച് നിൽക്കുന്നത് കൈക്കൂലിയല്ല നൽകിയത് കമ്മിഷനെന്ന വാദത്തിൽ; റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച്; ധാരണാപത്രം തയ്യാറാക്കിയത് ലൈഫ് മിഷനല്ലെന്ന് മൊഴിയുമായി സിഇഒ; അന്വേഷണം എത്തുക ശിവശങ്കരനിലേക്ക്; അന്വേഷണത്തിന് സർക്കാർ തടയിടുമ്പോഴും ഏറെ മുന്നേറി സിബിഐ

എം മനോജ് കുമാർ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ഇടപാടുകളുടെ അന്വേഷണത്തിൽ സിബിഐ ഏറെ മുന്നേറിക്കഴിഞ്ഞതായി സൂചന. ലൈഫ് മിഷന്റെ നിർമ്മാണകരാർ ലഭിച്ച സന്തോഷ് ഈപ്പനെ തന്നെയാണ് സിബിഐ ആയുധമാക്കുന്നത്. മിഷനുമായി ബന്ധപ്പെട്ടു അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ഭാര്യ യൂണിടാക് ഡയരക്ടർ ആണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭാര്യയെ കൂടി സിബിഐ വിളിച്ചു വരുത്തിയിരുന്നു. ഇത് സന്തോഷ് ഈപ്പനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു വഴി കൂടിയായിരുന്നു.

സന്തോഷ് ഈപ്പനെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ പ്രതി ചേർത്തത് ലെഫ് മിഷൻ എംഡി സന്തോഷ് ഈപ്പനെ മാത്രമാണ്. കൃത്യമായ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ ഭാര്യയെ സാക്ഷിയാക്കുകയോ പ്രതിപ്പട്ടികയിൽ നിന്ന് മാറ്റുകയോ ചെയ്യുമെന്ന സൂചനകളാണ് സിബിഐ നൽകിയത്. ഇതിന്റെ സന്ദേശം മനസിലായതിനാൽ അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഴ നൽകിയില്ല കമ്മിഷൻ നൽകി എന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്. ഇടനിലക്കാർക്ക് കമ്മിഷൻ നൽകുക സ്വാഭാവികമാണ്. അതിനാൽ കമ്മിഷൻ നൽകി. ഈ കമ്മിഷൻ ഒരു കൈക്കൂലിയല്ല എന്നാണ് ഈപ്പൻ പറഞ്ഞത്.

ലെഫ് മിഷനെ കുറിച്ചും അതിന്റെ ഉള്ളുകള്ളികളെക്കുറിച്ചും വ്യക്തമായ ചിത്രം സന്തോഷ് ഈപ്പന്റെ കയ്യിലുണ്ട് എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ സിബിഐയ്ക്ക് മനസിലാക്കാൻ കഴിഞ്ഞത്. ലൈഫ് മിഷൻ കമ്മിഷന്റെ കാര്യങ്ങൾ, സ്വപ്ന സുരേഷ് സുരേഷ് ബന്ധം തുടങ്ങി എല്ലാ കാര്യങ്ങളും ഈപ്പൻ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി എന്ന നിലയിൽ കരാർ ലഭിക്കാൻ ഏതറ്റം വരെയും പോകേണ്ടി വരും എന്ന കാര്യമാണ് സിബിഐയ്ക്ക് മുന്നിൽ ഈപ്പൻ വെളിപ്പെടുത്തിയത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ നീങ്ങുമ്പോൾ ഇതിനു ഇടനിലക്കാരായി ആളുകൾ ഉണ്ടാകും.

കരാർ ലഭിക്കുമ്പോൾ വിയർപ്പിന്റെ വില അവർക്ക് കമ്മിഷൻ എന്ന രീതിയിൽ നൽകും. പക്ഷെ ഇത് കൈക്കൂലിയല്ല. സ്വപ്ന ഇടനിലക്കാരിയാണ്. സ്വപ്ന വഴിയാണ് തനിക്ക് കമ്മിഷൻ ലഭിച്ചത്. അതുകൊണ്ട് തന്നെ സ്വപ്ന പറഞ്ഞ രീതിയിൽ കമ്മിഷൻ ആയി തുക നൽകി. വടക്കാഞ്ചേരി പ്രോജക്റ്റ് ഒരു തുടക്കം മാത്രം. മറ്റു ലൈഫ് മിഷൻ പ്രോജക്ടുകളും ലഭിക്കും. അതിനൊക്കെ കമ്മിഷൻ തുകയും നൽകേണ്ടി വരും. ഇത് നൽകാൻ കമ്പനി എന്ന നിലയിൽ തങ്ങൾ തയ്യാറാണ്. ഏത് കമ്പനിയും കരാർ എടുത്താൽ ഇടനിലക്കാർക്ക് കമ്മിഷൻ നൽകും. ആ രീതിയിലുള്ള ഇടപാടാണ് നടന്നത്.

സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുമ്പോൾ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ സിബിഐ മുകളിൽ ആരൊക്കെ എന്ന രീതിയിൽ ചോദ്യങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഈ മൊഴിയിൽ നിന്നാണ് ലൈഫ് മിഷൻ സിഇഒ യു.വി.ജോസിലെക്കും ശിവശങ്കറിലേക്കും സഞ്ചരിച്ചത്. ശിവശങ്കറിലേക്ക് സഞ്ചരിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ ആയ മുഖ്യമന്ത്രിയിലേക്കും സ്വാഭാവികമായി അന്വേഷണം നീങ്ങും. അവതാരങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അകറ്റി നിർത്തും എന്ന് പ്രഖ്യാപനം നടത്തിയിട്ട് സ്വപ്ന പോലുള്ള അവതാരങ്ങൾ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് വന്നും എന്നും കമ്മിഷൻ കൈപ്പറ്റി എന്നും ചോദിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐയ്ക്ക് മുന്നിൽ മറുപടി പറയേണ്ടി വരും. അത് റെഡ് ക്രസന്റും യൂണിറാക്കും തമ്മിലുള്ള ഇടപാടാണ് എന്ന് മുഖ്യമന്ത്രിക്ക് പറഞ്ഞ ഒഴിയാൻ കഴിയില്ല. കാരണം കരാർ ഒപ്പ് വെച്ചിരിക്കുന്നത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലാണ്. ധാരണാപത്രം ഒപ്പ് വെച്ചതും മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചും.

യു.വി.ജോസ് സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പറഞ്ഞത് മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്. സിഇഒ എന്ന നിലയിൽ പദ്ധതി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. കരാർ എല്ലാം മുകളിൽ നിന്നും വന്നതാണ്. സ്വയം രക്ഷപ്പെടാനുള്ള ശക്തമായ മൊഴികൾ യു.വി.ജോസിന്റെ കയ്യിൽ നിന്നും വന്നപ്പോൾ കൂടുതൽ കുരുക്കിലാകുക ലൈഫ് മിഷനിൽ യു.വി.ജോസിനെ നിയന്ത്രിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നെയാണ്. സിബിഐ വന്നതിനാൽ ശിവശങ്കർ അറസ്റ്റിലാകാനുള്ള സാധ്യതകൾ ഏറെയാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയാൽ ശിവശങ്കറിന്റെ അറസ്റ്റ് വന്നേക്കും.

എഫ്‌സിആർഎ ചട്ടലംഘന പ്രകാരമുള്ള വകുപ്പുകൾ ആണെങ്കിൽ നിയമനടപടികൾ അഭിമുഖീകരിച്ചാൽ മതിയാകും. എഫ്‌സിആർഎ ചട്ടലംഘനം നടന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അത് പ്രകാരമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയതത്. പ്രതിയായി ചേർത്തത് സന്തോഷ് ഈപ്പനെ മാത്രമാണ്. പിസി ആക്റ്റ് കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്. ഇത് മനസിലാക്കിയാണ് സിബിഐയുടെ വരവ് സർക്കാരും സിപിഎമ്മും എതിർക്കുന്നത്. ശിവശങ്കറിൽ നിന്നും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയിൽ നിന്നും എത്താനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനു തടയിടുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സിബിഐ പ്രധാനമായും അന്വേഷിക്കുന്നത് സ്വപ്ന എങ്ങനെ ലൈഫ് മിഷൻ പദ്ധതിയുടെ ഇടനിലക്കാരിയായി എന്ന കാര്യമാണ്. സ്വപ്ന ശിവശങ്കറിൽ മാത്രം ഒതുങ്ങി നിൽക്കുമോ അതോ അതിനും മുകളിലേക്ക് നീങ്ങുമോ എന്നാണ് സിബിഐ നോക്കുന്നത്. ഇത് സർക്കാരും സിപിഎമ്മും ഭയപ്പെടുന്നത്.

അതേസമയം ലൈഫ് മിഷൻ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടിസ് നൽകിയിട്ടുണ്ട്. അടുത്തമാസം 5ന് കൊച്ചി സിബിഐ ഓഫിസിൽ ഹാജരാകാനാണ് നോട്ടിസിൽ നിർദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാ പത്രം ഉൾപ്പടെ ഏഴ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ലൈഫ് മിഷൻ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് യു.വി.ജോസിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP