Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് എഴുതിയ കത്ത് ലൈഫ് മിഷനെ കുടുക്കും; സർക്കാർ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമാക്കി മൂന്ന് രേഖകൾ; എല്ലാം വിരൽ ചൂണ്ടുന്നത് ആ അജ്ഞാത ഇടപെടലിലേക്ക്; യുവി ജോസിനെ ചോദ്യം ചെയ്താൽ ചുരുൾ അഴിയും; ഫ്‌ളാറ്റ് നിർമ്മാണ അഴിമതിയിൽ പിണറായി സർക്കാർ പ്രതിക്കൂട്ടിൽ തന്നെ

യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് എഴുതിയ കത്ത് ലൈഫ് മിഷനെ കുടുക്കും; സർക്കാർ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമാക്കി മൂന്ന് രേഖകൾ; എല്ലാം വിരൽ ചൂണ്ടുന്നത് ആ അജ്ഞാത ഇടപെടലിലേക്ക്; യുവി ജോസിനെ ചോദ്യം ചെയ്താൽ ചുരുൾ അഴിയും; ഫ്‌ളാറ്റ് നിർമ്മാണ അഴിമതിയിൽ പിണറായി സർക്കാർ പ്രതിക്കൂട്ടിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ലൈഫ് മിഷനിൽ സർക്കാർ കുടുങ്ങുമെന്ന് സൂചന. യൂണിടാക്കിനു വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണം കൈമാറിയതുമായി ബന്ധപ്പെട്ട് 3 നിർണായക രേഖകൾ സിബിഐക്കു ലഭിച്ചതായി സൂചന. സർക്കാർ അംഗീകൃത സ്ഥാപനമായ ഹാബിറ്റാറ്റിനെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കി യൂണിടാക്കിനെ കൊണ്ടുവന്നതു വ്യക്തമാക്കുന്നതാണ് ഈ രേഖകൾ. കെട്ടിട നിർമ്മാണ ഫണ്ട് സംഭാവന ചെയ്ത റെഡ് ക്രസന്റിനു യൂണിടാക്കിനെ കൊണ്ടുവരുന്നതിൽ പങ്കില്ലായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഇവ. ഇത് പിണറായി സർക്കാരിന്റെ വാദങ്ങളെ ദുർബ്ബലമാക്കും.

യുഎഇയിലെ സ്‌പോൺസർ 15 കോടി രൂപ തരുന്നുണ്ടെന്നും ഇതിനു പറ്റുന്ന വിധത്തിൽ വീടുകളുടെ പ്ലാൻ സമർപ്പിക്കണമെന്നും കാണിച്ചു 2019 ഏപിൽ 30നു ലൈഫ് മിഷൻ ഹാബിറ്റാറ്റിനു 'കോൺഫിഡൻഷ്യൽ' എന്നു രേഖപ്പെടുത്തി എഴുതിയ കത്ത് അതീവ നിർണ്ണായകമാണ്. സംസ്ഥാന സർക്കാരിന്റെ ഏജൻസി ലൈഫ് മിഷനാകുമെന്നും കത്തിലുണ്ട്. ഇതാണ് ആദ്യ രേഖ. രണ്ടാമത്തെ കത്തും അതിനിർണ്ണായകമാണ്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും പറയുന്ന കത്താണ് ഇത്. 2019 ഓഗസ്റ്റ് 18നാണു കത്തയയ്ക്കുന്നത്. ഇതും സിബിഐയ്ക്ക് കിട്ടി കഴിഞ്ഞു. പിണറായി സർക്കാരിനെ വെട്ടിലാക്കുന്നതാണ് ഈ രേഖകൾ.

യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തിനു ശേഷം റെഡ് ക്രസന്റിനു ലൈഫ് മിഷൻ അയച്ച കത്ത് അതീവ നിർണ്ണായകാണ്. ഇതാണ് അഴിമതിയുടെ സാധ്യത ചർച്ചയാക്കുന്നതും. യൂണിടാക്കിനെ പണി ഏൽപ്പിച്ചത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖയെന്നാണഅ സിബിഐ വിലയിരുത്തുന്നത്. യൂണിടാക്കുമായി നടത്തിയ ഇമെയിൽ ഇടപാടുകളും കത്തിലുണ്ട്. ഇതോടെയാണു ഹാബിറ്റാറ്റ് പുറത്തായത്. ഇത് തീർത്തും ദുരൂഹമാണ്. അങ്ങനെ ഹാബിറ്റാറ്റിൽ നിന്നും പദ്ധതി തട്ടിയെടുത്താണ് യൂണിടാകിനെ പണി ഏൽപ്പിക്കുന്നത്.

സർക്കാർ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എന്നതാണ് ഈ ഫയലുകൾക്കിടയിൽ ബാക്കിയാകുന്ന ചോദ്യമെന്ന് മനോരമയും വിശദീകരിക്കുന്നു. രേഖകൾ കാണിക്കുന്നത് ഇതെല്ലാം തീരുമാനിച്ചത് ലൈഫ് മിഷനാണെന്നാണ്. ഇത് സർക്കാരിനെ തീർത്തും വെട്ടിലാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും ലൈഫ് മിഷനില്ല. യൂണിടാക്കിനെ ചുമതല ഏൽപിക്കാൻ ലൈഫ്മിഷൻ സിഇഒയോടു ആരെങ്കിലും വാക്കാൽ നിർദ്ദേശിച്ചോ എന്ന ചോദ്യമാണു നിർണായകം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറാണ് ഇത് ചെയ്തതെന്ന സംശയവും സജീവമാണ്.

അതിനിടെ യൂണിടാക് നേരിട്ടു വിദേശധന സഹായം കൈപ്പറ്റിയെന്ന കേസിൽ ലൈഫ് മിഷൻ സിഇഒ: യു.വി.ജോസിനെ ചോദ്യംചെയ്യാൻ സിബിഐ നിയമോപദേശം തേടി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥനായ യു. വി. ജോസിനെ ചോദ്യം ചെയ്യാൻ കഴിയുമോ എന്നറിയാനാണു നിയമോപദേശം. സാധാരണ നിലയിൽ അഴിമതി നിരോധന നിയമ (പിസി) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണു സിബിഐ സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാറുള്ളത്. അതിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോ ഹൈക്കോടതി ഉത്തരവോ ലഭിക്കാറുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന എഫ്‌സിആർഎ ചട്ടലംഘനത്തിൽ സിബിഐ നേരിട്ടു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജോസിനെ ചോദ്യം ചെയ്യുന്നത് കേസിൽ അതീവ നിർണ്ണായകമാണ്. ജോസ് പറയുന്നത് കേസിനെ സ്വാധീനിക്കും. അഴിമതിയുടെ യഥാർത്ഥ ചിത്രം ഇതോടെ വ്യക്തമാകും.

20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമ്മാണക്കരാർ തുടക്കം മാത്രമെന്നു സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. നിർമ്മാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്നും സന്തോഷ് മൊഴി നൽകി. നിർമ്മാണക്കരാർ ലഭിച്ചതിന്റെ കമ്മിഷൻ തുകയിൽ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകൾ യൂണിടാക്കിന്റെ ഓഫിസിൽ സിബിഐ കണ്ടെത്തി.

എന്നാൽ സ്വപ്നയുടെ രഹസ്യ ലോക്കറിൽ എൻഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നൽകിയ തുകയാണെന്നു അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിർദ്ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായർ, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത്.

ഖാലിദിനു കൈമാറിയ തുക വിദേശകറൻസിയായാണു നൽകിയത്. റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ യഥാർഥത്തിൽ എത്ര രൂപയുടെ നിർമ്മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും. വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയിൽനിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പൻ മൊഴി നൽകി.

അതിനിടെ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി നീളുന്നതു മുഖ്യമന്ത്രിയിലേക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്. ലൈഫ് മിഷനെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം രോഷാകുലനാകുന്നത് അതു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതരും കുടുങ്ങുമെന്ന് ഉറപ്പായതിനാലാണു സിബിഐ അന്വേഷണത്തെ സിപിഎം എതിർക്കുന്നതും കോൺഗ്രസ്ബിജെപി ബന്ധം ആരോപിക്കുന്നതും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും ചേർന്നു ഭരണം അട്ടിമറിക്കാൻ നോക്കുന്നെന്ന വാദം തടിതപ്പാനുള്ള ശ്രമമാണ്. മാസങ്ങൾ മാത്രം ആയുസ്സുള്ള ഈ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് ഒരു ശ്രമവുമില്ല. ലൈഫ് ക്രമക്കേടിലെ സിബിഐ അന്വേഷണം സംബന്ധിച്ച സിപിഎം പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണു താൻ പരസ്യമായി പ്രതികരിച്ചത്. മന്ത്രിമാർക്കോ, ഉദ്യോഗസ്ഥർക്കോ ഒരു പങ്കുമില്ലെന്നു സർക്കാർ പറയുന്ന കേസ് വിജിലൻസ് അന്വേഷിക്കുന്നത് എന്തിനാണ്. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് ഈ വിജിലൻസ് അന്വേഷണം.

മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും വിദേശയാത്ര നടത്തിയ ശേഷം കേരളത്തിലേക്കു പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്കു വേറെ പണവും എത്തിയിട്ടുണ്ട്. അതും അന്വേഷിക്കണം. അഴിമതിപ്പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്നു സംശയിക്കണമെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP