Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൺപത്തെട്ടു വയസ്സുള്ള കുഞ്ഞുലക്ഷ്മിയമ്മയെ വേലക്കാരി കൊലപ്പെടുത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടിച്ചും വെട്ടിയും; തെളിവ് നശിപ്പിക്കാൻ സ്ഥലത്ത് മുളക് പൊടിവിതറി; സ്വർണാഭരണം കവരാൻ നടത്തിയ കൊടുംപാതകത്തിനൊടുവിൽ പിടിയിലായി; അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വിധിക്കുന്നത് കാത്തുനിൽക്കാതെ മകനും മരണത്തിന് കീഴടങ്ങി

എൺപത്തെട്ടു വയസ്സുള്ള കുഞ്ഞുലക്ഷ്മിയമ്മയെ വേലക്കാരി കൊലപ്പെടുത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടിച്ചും വെട്ടിയും; തെളിവ് നശിപ്പിക്കാൻ സ്ഥലത്ത് മുളക് പൊടിവിതറി; സ്വർണാഭരണം കവരാൻ നടത്തിയ കൊടുംപാതകത്തിനൊടുവിൽ പിടിയിലായി; അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വിധിക്കുന്നത് കാത്തുനിൽക്കാതെ മകനും മരണത്തിന് കീഴടങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ തിരുവേഗപ്പുറ ചെമ്പ്ര പഴനെല്ലിപ്പുറം കൊല്ലയിയിലെ 88വയസ്സുകാരിയായ കുഞ്ഞുലക്ഷ്മിയമ്മയെ വേലക്കാരി കൊലപ്പെടുത്തിയത് സ്വർണാഭരണം മോഷ്ടിക്കാൻവേണ്ടിയായിരുന്നു. ആളില്ലാത്ത സമയത്ത് അടിച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്, ശേഷം തെളിവ് നശിപ്പിക്കാൻ സ്ഥലത്ത് മുളക് പൊടിവിതറി നോക്കിയെങ്കിലും പിടിയിലായ പ്രതിക്ക് ഇന്ന് മഞ്ചേരി കോടതി ജീവപര്യന്തം തടവിനും 55000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

പാലക്കാട് ചെമ്പ്ര പഴനെല്ലിപ്പുറം അരങ്ങൻ പള്ളിയാളിയിൽ വാസുവിന്റെ ഭാര്യ ശാന്തകുമാരി എന്ന ശാന്ത (61)യാണ് പ്രതി.എന്നാൽ ആറു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, അമ്മയുടെ കൊലപാതകിക്ക് കോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പ് മകനും മരിച്ചു. കുഞ്ഞിലക്ഷ്മിയമ്മയുടെ മകൻ സത്യനാരായണൻ(60) ഇന്ന് രാവിലെ ആറിനാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഇയാളുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു പ്രതി ശാന്തകുമാരി. ദീർഘകാലമായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു എൽ.ഐ.സി. ഏജന്റായ സത്യനാരായണൻ. തുടർന്ന് ഇന്നു ഉച്ചയോടെയാണ് പ്രതിക്ക് ശാന്തകുമാരിക്ക മഞ്ചേരി ഒന്നാം സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത് .

2013 മാർച്ച് നാലിനാണ് കുഞ്ഞിലക്ഷ്മിയമ്മ മകൾ സതിയുടെ വീട്ടിൽ വച്ച് കൊല്ലപ്പെടുന്നത്. ആളില്ലാത്ത സമയത്ത് അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാനും ശ്രമം നടന്നിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശാന്തകുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിലക്ഷ്മിയമ്മയെ കാണാനെന്ന മട്ടിൽ മകളുടെ വീട്ടിലെത്തിയ ശാന്തകുമാരി അവരെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലും കൈയിലുമുണ്ടായിരുന്ന നാലു പവൻ സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.സത്യനാരായണന്റെ സംസ്‌കാരം ഇന്നുരാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരിശങ്കർ, സിന്ധു. മരുമകൻ: ബിജു.

കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകൾ നെന്മിനി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. മാതാവിനെ ശുശ്രൂഷിക്കുന്നതിനും വീട്ടു ജോലിക്കുമായി നിയമിച്ചതായിരുന്നു ശാന്തകുമാരിയെ. കുഞ്ഞുലക്ഷ്മിയമ്മയുടെ വള, മാല തുടങ്ങി 34 ഗ്രാം സ്വർണ്ണാഭരണങ്ങൾ കവരുന്നതിനാണ് കൊലപാതകം നടത്തിയത്. മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണങ്ങൾ പ്രതി അന്നുതന്നെ വിൽപ്പന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ് 25000 രൂപ പിഴ, 449 പ്രകാരം കൊലപാതകത്തിനായി അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം കഠിന തടവ്, 10000 രൂപ പിഴ, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് അഞ്ചുവർഷം കഠിന തടവ്, 10000 രൂപ പിഴ, 394 വകുപ്പ് പ്രകാരം കവർച്ച നടത്തിയതിന് അഞ്ചുവർഷം കഠിന തടവ്, 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം.

പിഴയടക്കുന്ന പക്ഷം തുക ദിലീപ് സേട്ടിന് നൽകണം. പ്രതിയിൽ നിന്നും സ്വർണം വാങ്ങിയയാളാണ് ദിലീപ് സേട്ട്. ഇയാളിൽ നിന്നും അന്വേഷണ സംഘം ആഭരണങ്ങൾ ഉരുക്കി മാറ്റിയ സ്വർണ്ണ കട്ടികൾ കണ്ടെടുത്തിരുന്നു. ഈ സ്വർണം കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകളും ഇപ്പോൾ വളാഞ്ചേരി എം ഇ എസ് സെൻട്രൽ സ്‌കൂളിലെ അദ്ധ്യാപികയുമായ സതി ടീച്ചർക്ക് നൽകാനും കോടതി വിധിച്ചു.

33 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി രാജേഷും രണ്ട് സാക്ഷികളെ പ്രതിഭാഗവും കോടതി മുമ്പാകെ വിസ്തരിച്ചു. 50 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയപ്പോൾ അഞ്ച് രേഖകൾ പ്രതിഭാഗവും ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP