Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

അബോർഷൻ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ആരിഫയുടെ ഉപദേശം വിനയാകും; ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ച് റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത് ലക്ഷ്മി പ്രമോദും; റംസിയുടെ ആത്മഹത്യാ പ്രേരണാക്കേസിൽ കേസ് ഡയറിയും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്: സീരിയൽ നടിയും ഭർത്താവും ഇപ്പോഴും ഒളിവിൽ തന്നെ

അബോർഷൻ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ആരിഫയുടെ ഉപദേശം വിനയാകും; ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ച് റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത് ലക്ഷ്മി പ്രമോദും; റംസിയുടെ ആത്മഹത്യാ പ്രേരണാക്കേസിൽ കേസ് ഡയറിയും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്: സീരിയൽ നടിയും ഭർത്താവും ഇപ്പോഴും ഒളിവിൽ തന്നെ

അഡ്വ നാഗരാജ്

തിരുവനന്തപുരം: ഏഴുവർഷം പ്രണയിച്ച ശേഷം പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതിൽ മനംനൊന്തുകൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസിന്റെ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. റംസിയെ ഗർഭഛിദ്രം നടത്തിയതിന് അറസ്റ്റ് ഭയന്ന് പ്രതിശ്രുത വരന്റെ ജ്യേഷ്ഠൻ അസറുദീനും ഇയാളുടെ ഭാര്യയും ടെലിവിഷൻ സീരിയൽ താരവുമായ ലക്ഷ്മി. പി. പ്രമോദും അറസ്റ്റ് ഭയന്ന് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതി ഉത്തരവ്. ജാമ്യഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. സുരേഷ് കുമാർ ഉത്തരവിട്ടു.

സെപ്റ്റംബർ 3നാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാളത്തുങ്കൽ പടിഞ്ഞാറ്റതിൽ നിന്നും കൊട്ടിയത്ത് വാടകക്ക് താമസിക്കുന്ന റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) യാണ് വീട്ടിൽ തൂങ്ങി മരിച്ചത്. എന്നാൽ സംഭവത്തിൽ ജനരോഷമുണ്ടായപ്പോൾ പ്രതിശ്രുത വരൻ കൊല്ലം പള്ളിമുക്ക് ഇക്‌ബാൽനഗർ ഹാരിഷ് മൻസിലിൽ ഹാരിഷ് മുഹമ്മദിനെ (26) മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത്. കേസന്വേഷണ വീഴ്ചക്ക് കൊട്ടിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ പിന്നീട് സസ്‌പെന്റ് ചെയ്തു.

ഹരീഷും റംസിയും ജുമാ മസ്ജിദിൽ വച്ച് വിവാഹിതരായതായുള്ള ജമാഅത്തിന്റെ മഹല്ല് കമ്മിറ്റി നൽകിയ വ്യാജ വിവാഹ സാക്ഷ്യപത്രം ഉപയോഗിച്ചാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ റംസിയെ നടി കൊണ്ടു പോയി അബോർഷൻ നടത്തിയത്. ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ചാണ് റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത്. ഷൂട്ടിങ് വേളയിൽ നടിയുടെ കുഞ്ഞിനെ നോക്കാനെന്ന വ്യാജേനയാണ് ഗൂഢാലോചന നടത്തി റംസിയെ നടി കൂട്ടിക്കൊണ്ടു പോയത്.

ഹരീഷിനെ കൂടാതെ സംഭവത്തിൽ പങ്കുള്ള ഹാരീഷിന്റെ മാതാവ് ആരിഫയേയും ജ്യേഷ്ഠനെയും ഭാര്യ സീരിയൽ നടിയേയും റംസിയെ ഗർഭച്ഛിദ്രം ചെയ്യാൻ കൂട്ടുനിന്ന മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും റംസിയുടെ കുടുംബം പൊലീസ് മേലധികാരികൾക്ക് പരാതി സമർപ്പിച്ചതിനെ തുടർന്നാണ് സീരിയൽ നടിയും ഭർത്താവും ഒളിവിൽ പോയി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.

ഹാരിഷുമായി ഏഴു വർഷങ്ങളായി പ്രണയത്തിലായിരുന്നു റംസി. ഇയാളുമായുള്ള വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഹാരീഷും കുടുംബവും വിവാഹ തീയതി മാറ്റി വച്ച് റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഹരീഷിന്റെ ജ്യേഷ്ഠ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദുമായും റംസി സൗഹൃദത്തിലായിരുന്നു. ഇവർ സമൂഹമാധ്യമങ്ങളിൽ ഒന്നിച്ച് ടിക് ടോക് വീഡിയോകളും ചെയ്തിട്ടുണ്ട്. വിവാഹ ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളിൽ റംസി പങ്ക് വെച്ച് ടിക് ടോക് വീഡിയോകൾ ഇപ്പോൾ വൈറലാണ്.

റംസിയും ഹാരിഷും പഠിക്കുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയ ബന്ധം ഇരു വീട്ടുകാരും അറിയുകയും എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവെക്കുകയുമായിരുന്നു. ഹാരീഷിന് ജോലി ലഭിക്കുന്ന മുറക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരു കുടുംബവും.

ഒന്നര വർഷം മുമ്പ് ധാരണ പ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ബിസിനസ് ആവശ്യത്തിന് ആഭരണവും പണവും നൽകി. വീട്ടുകാരറിയാതെയും റംസി തന്റെ സ്വർണ്ണ കമ്മലടക്കം ഹാരീഷിന് നൽകി പകരം മുക്കുപണ്ടമണിഞ്ഞ് സ്വന്തം വീട്ടുകാരിൽ നിന്ന് വിവരം മറച്ചുവെച്ചു. പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോൾ ഹാരിഷ് പല ഒഴിവു കഴിവുകൾ പറയാൻ തുടങ്ങി. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരീഷിന് കൂടുതൽ പണവും സമ്പത്തുമുള്ള മറ്റൊരു വിവാഹാലോചന വന്നതോടെ റംസിയെ ബോധപൂർവ്വം കരുക്കൾ നീക്കി തഴയുകയായിരുന്നു. അതി ലേക്കായാണ് രഹസ്യമായി ഗർഭച്ഛിദ്രം ചെയ്യിച്ചത്.

ഹാരീഷിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റംസി. ഇത് സംബന്ധിച്ച് റംസിയും ഹാരീഷും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകൾ പൊലീസിന് ലഭിച്ചു. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിലൂടെ ഹാരിഷിന് റംസി അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീഷിന്റെ മാതാവ് അരീഫയെ റംസി ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു. എന്നാൽ അബോർഷൻ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ഉപദേശമാണ് ആരിഫ നൽകിയത്. തുടർന്നാണ് പകൽ 11.30 മണിയോടെ റംസി ആത്മഹത്യ ചെയ്തത്. ആരിഫയുമായുള്ള സംഭാഷണവും സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം കൊട്ടിയം പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 മാത്രം ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗർഭച്ഛിദ്രം നടത്തിയതിനും വ്യാജ വിവാഹ രേഖയുണ്ടാക്കിയതിനും ഉള്ള കുറ്റങ്ങൾ ചുമത്തി അഡീഷണൽ റിപ്പോർട്ട് നാളിതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. എന്നാൽ നാമമാത്രമായി ലക്ഷ്മി പ്രമോദിന്റെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്യാതെ കൊട്ടിയം പൊലീസ് വിട്ടയക്കുകയായിരുന്നു. അന്വേഷണം നടത്തിയതായി പ്രഹസനം നടത്തി അന്വേഷണ ഉദ്യോഗസ്ഥരായ കൊട്ടിയം - കണ്ണനല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർമാർ ലക്ഷ്മിയുടെ മൊബൈൽ ഫോൺ മാത്രം ബന്തവസിലെടുക്കുകയായിരുന്നു. കൈയിൽ കിട്ടിയ പ്രതിയെ മൊബൈൽ ഫോൺ മാത്രം കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വഴി പെട്ടിയുടെ താക്കോൽ പൊലീസിന്റെ കൈയിലും പെട്ടി കള്ളൻ കൊണ്ടുപോയ അവസ്ഥയിലുമാണെന്നാണ് പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നത്. പരസ്പര ധാരണയിൽ പൊലീസ് ഒത്താശയോടെയാണ് പ്രതികൾ ഒളിവിൽ പോയി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതെന്ന ആരോപണവുമുണ്ട്.

തങ്ങൾ നിരപരാധികളാണെന്നും കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് നിർദ്ദേശം കൊടുക്കണമെന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ ലക്ഷ്മി പ്രമോദും ഭർത്താവ് അസറുദീനും ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP