Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്‌സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്‌ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി

ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്‌സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്‌ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി

എം മനോജ് കുമാർ

തിരുവനന്തപുരം: എന്താണ് ടെക്നോ പാർക്ക് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾക്ക് പറയാൻ ഒരു മറുപടിയേ കാണൂ. ലക്ഷങ്ങൾ ശമ്പളം നല്കുന്നയിടം, നന്നായി ജോലി ചെയ്താൽ കൂടുതൽ ശമ്പളം, ആകർഷകമായ വിദേശ യാത്രകൾ, ആൺ പെൺ വേർതിരിവില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന സ്ഥലം. ഇതൊക്കെയാണ് മലയാളികൾക്ക് ടെക്നോ പാർക്ക്. പക്ഷെ ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് ടെക്നോ പാർക്ക് എന്ന ഐടിയുടെ മായിക ലോകത്തിന്റെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെടുന്നത്. ഇത്തരം യഥാർത്ഥ ചിത്രമാണ് രാഖി അപ്പു അരവിന്ദ് എന്ന ടെക്നോ പാർക്ക് ജീവനക്കാരി ജില്ലാ ലേബർ ഓഫീസർക്ക് നൽകിയ പരാതിയിൽ അനാവരണം ചെയ്യപ്പെടുന്നത്.

ഏഴു വർഷമായി ടെക്നോപാർക്കിലെ ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിൽ തനിക്കുണ്ടായിരുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമായത് എങ്ങിനെയെന്നാണ് ഈ പരാതിയിൽ രാഖി വിശദമാക്കുന്നത്. കുടുംബവും കുട്ടികളും ആയി കഴിയുന്ന ഒരു യുവതിക്ക് യാതൊരു കാരണവുമില്ലാതെ ജോലി നഷ്ടമായാൽ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നും രാഖി ചോദിക്കുന്നു. ടെക്നോപാർക്ക് പകർന്നു നൽകുന്ന തൊഴിൽ സംസ്‌കാരം ജീവനക്കാരുടെ മേൽ കുതിര കയറുന്നതിന്റെയും മാനസികസംഘർഷങ്ങളിൽ കുടുങ്ങി ജീവിതം നരകതുല്യമായി മാറുന്നതെങ്ങിനെയെന്നും രാഖി നൽകിയ പരാതിയിലും രാഖിയുടെ വാക്കുകളിലും തെളിയുകയാണ്.

ജോലിയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ട് രാഖിയുടെ ജീവിതം നശിപ്പിച്ച ശേഷവും കമ്പനി ടെർമിനേഷൻ ലെറ്ററിൽ വീണ്ടും പകപോക്കൽ രീതി അനുവർത്തിക്കുന്ന ചെയ്യുന്നത്. ടെർമിനേഷൻ ലെറ്ററിൽ നിരത്തുന്ന ആരോപണങ്ങൾ വഴി ഒരു കമ്പനിയിലും രാഖിക്ക് ജോലി ലഭിക്കില്ലെന്നും കമ്പനി ഉറപ്പിക്കുന്നു. നിങ്ങളുടെ പെരുമാറ്റം ടീമിന് തൃപ്തികരമല്ല. അൺ പ്രൊഫഷണൽ സമീപനമാണ് രാഖിയുടെത്. നിങ്ങളുടെ ഭാഗത്ത് നിന്ന് വന്ന മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി നിങ്ങളെ പിരിച്ചുവിടുകയാണ്. പിരിച്ചുവിടൽ ലെറ്ററിൽ ക്രൂരമായി കമ്പനി എഴുതി ചേർക്കുന്നു. ടെക്നോ പാർക്കിലെ ഒരു കമ്പനിയിലും രാഖിക്ക് ജോലി ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ ലെറ്റർ വഴി കമ്പനി ചെയ്യുന്നത്. കമ്പനി ടെർമിനേഷൻ ലെറ്ററിൽ എഴുതിയ ഈ കാരണങ്ങൾ കണ്ടു നടുങ്ങിയാണ് കമ്പനിയിൽ ഇതുവരെ ഒരാളോടും മോശമായി പെരുമാറിയിട്ടില്ലാത്ത രാഖി നേരെ ലേബർ ഓഫീസറുടെ മുന്നിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമായ ആർഎം എഡ്യുക്കേഷൻ സൊല്യൂഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഏഴു വർഷമായി രാഖിയുടെ ജോലിയാണ് ഇക്കഴിഞ്ഞ മെയ് 14 നു യാതൊരു കാരണവുമില്ലാതെ തെറിച്ചത്. പ്രസവാവധി കഴിഞ്ഞു ഈ ഡിസംബറിൽ വന്നത് മുതൽ കമ്പനിയിൽ രാഖി റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന മാനേജർ സത്യന് രാഖിയുടെ കഴിവുകളിൽ സംശയം. തുടക്കക്കാരിയായ ഒരു യുവതിയെ വച്ചാൽ രാഖിയെക്കാളും കൂടുതൽ ജോലി ചെയ്യിക്കാമല്ലോ. ഇത്ര സീനിയർ ആയ യുവതി ജോലിക്ക് ആവശ്യമുണ്ടോ? ഏത് രീതിയിൽ എങ്കിലും രാഖിയെ പറഞ്ഞുവിടണം. അതിനു മാനേജർ കണ്ട വഴി ടീം ലീഡർ ആയ, സീനിയർ ആയ രാഖിയെക്കൊണ്ട് ജൂനിയർ എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യിക്കുകയായിരുന്നു. മാനസികമായി എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമോ? അത്രയും ബുദ്ധിമുട്ടിക്കൽ വേറെയും!. ജോലി രാജി വയ്ക്കാൻ രാഖി സന്നദ്ധത കാണിക്കാതെ മുന്നോട്ട് പോയപ്പോൾ ഒടുവിൽ നിർബന്ധിത ടെർമിനേഷനും. ടെക്കി ജോലിയുടെ ആകർഷണീയത മാറ്റി വച്ചാൽ തൊഴിൽ പീഡനത്തിന്റെയും മാനസികമായ ആക്രമണങ്ങളുടെയും വിളനിലമാവുകയാണ് നിളയെന്നും പമ്പയെന്നും ഭവാനിയെന്നും ഗംഗയെന്നും ലീലയെന്നും വിളിപ്പേരുള്ള തിരുവനന്തപുരത്തെ ടെക്നോപാർക്ക് ബിൽഡിംഗുകൾ.

ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ പീഡനങ്ങളെക്കുറിച്ച് രാഖി മറുനാടനോട് പറഞ്ഞതിങ്ങനെ:

2012 ഫെബ്രുവരി 15 നാണു ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമായ ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിൽ ടെക്നോ പാർക്കിൽ ഞാൻ ജോലിക്ക് കയറുന്നത്. ഈ ഫെബ്രുവരിയിൽ ഏഴു വർഷം ഞാൻ തികയ്ക്കുകയും ചെയ്തിരുന്നു. ടെക്നോ പാർക്കിലെ ഈ കമ്പനിയിൽ ഏഴു വർഷം തികഞ്ഞ വേളയിൽ കമ്പനി എനിക്ക് കൂടുതൽ പരിഗണനകളും ഉത്തരവാദിത്തങ്ങളുമാണ് ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ഏഴു വർഷം തികഞ്ഞ ഈ വേളയിൽ എനിക്ക് കമ്പനിയിൽ നിന്ന് നിരന്തര മാനസിക പീഡനവും നിർബന്ധിത പിരിച്ചുവിടലുമാണ് ലഭിച്ചത്. ഒരു കമ്പനിയും അനുവർത്തിക്കാത്ത മാനസിക ആക്രമണങ്ങൾക്ക് കമ്പനി എങ്ങിനെ വിധേയമാക്കുകയും എന്നെ ഈ മെയ് 14 നു പിരിച്ചു വിടുകയും ചെയ്തു. കമ്പനിയിലെ സത്യൻ എന്ന മാനേജരിൽ നിന്നാണ് എനിക്ക് നിരന്തരം പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. സീനിയർ ടീം ലീഡർ ആയിരിക്കെ ജൂനിയർ ചെയ്യേണ്ട ജോലികൾ സത്യൻ എന്നെ ഏൽപ്പിക്കുകയും മാനസികമായി നിരന്തരം ആക്രമണം എനിക്ക് മേൽ നടത്തുകയും ചെയ്തു. എന്നിട്ടും ജോലിയിൽ തുടർന്ന കമ്പനി എന്നെ പിരിച്ചുവിട്ടു. സത്യനെതിരെ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന് പരാതി നൽകിയെങ്കിലും എല്ലാവരും കൂടി ഒത്തുചേർന്നു ദുരാരോപണങ്ങൾ ഉന്നയിച്ച് എന്നെ പിരിച്ചുവിടുകയായിരുന്നു.

യുകെയിൽ ആണ് കമ്പനിയുടെ പ്രധാന ഓഫീസ്. തിരുവനന്തപുരത്ത് തന്നെ ആയിരത്തോളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണിത്. ബ്രിട്ടൻ കമ്പനി ആണെങ്കിലും ഇന്ത്യയിൽ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനിക്ക് ഓഫീസ് ഉള്ളത്. എഡ്യുക്കേഷൻ റിലേറ്റഡ് ആയിട്ടുള്ള സോഫ്റ്റ് വെയർ ഉണ്ടാക്കുന്ന കമ്പനിയാണ് ആർഎം എഡ്യുക്കേഷൻ സൊല്യൂഷൻ. യുകെയിലെ സ്‌കൂളുകളിൽ ആണ് കമ്പനി ഈ സോഫ്‌റ്റ്‌വെയർ വിറ്റഴിക്കുന്നത്. ഈ കമ്പനിയുടെ ഫിനാൻസിലാണ് ഞാൻ ജോലി ചെയ്യുന്നത്. സീനിയർ എക്‌സിക്യൂട്ടീവ് ആയാണ് ജോലി തുടങ്ങിയത്. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ടീം ലീഡർ ആയി പ്രൊമോഷൻ ലഭിച്ചു. പ്രോസസ് ലീഡർ എന്ന തസ്തികയിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്തിരുന്നത്. അക്കൗണ്ടന്റ്‌സ് ചെയ്യുന്ന അതെ ജോലി ചെയ്യണം. കൂടെ ടീം മെമ്പർമാരെ നോക്കുന്ന റെസ്‌പോൺസിബിലിറ്റി കൂടിയുണ്ട്. എനിക്ക് പക്ഷെ റെസ്‌പോൺസിബിലിറ്റി തന്നിരുന്നില്ല. പൊസിഷൻ ഫോറിൽ ആണ് ഞാൻ തുടർന്നത്. പുതുതായി വരുന്ന ആളുകൾ ചെയ്യുന്ന ജോലിയാണ് പക്ഷെ എനിക്ക് തന്നിരുന്നത്.

തസ്തിക പ്രകാരം ചെയ്യേണ്ടിരുന്നത് ഉയർന്ന ജോലി; തുടർന്നത് മനഃപൂർവമുള്ള ഇടിച്ചു താഴ്‌ത്തലുകൾ

ഇത്രയും പൊസിഷൻ മാറിയിട്ടും പുതിയ ടാസ്‌ക് അസൈൻ ചെയ്യാത്ത കാര്യം പല തവണ മാനേജർമാരോട് ഞാൻ ചോദിച്ചിരുന്നു. തസ്തിക പ്രകാരം ഉയർന്ന ജോലി. ചെയ്യുന്നത് പക്ഷെ താഴ്ന്ന ജോലിയും. റോൾ നോക്കിയാൽ ഞാൻ ചെയ്യേണ്ടിയിരുന്ന ജോലിയല്ല ഇത്. പല രീതിയിൽ ഇവർ എന്നെ ഒഴിവാക്കാൻ നോക്കുകയായിരുന്നു. അതിന്റെ ഭാഗമാണ് മനഃപൂർവം എന്നെ അപമാനിക്കുന്ന ജോലികൾ തന്നുകൊണ്ടിരുന്നത്. എല്ലാ സീനിയർ ജീവനക്കാരോടും കമ്പനി തുടർന്നിരുന്ന സ്ട്രാറ്റജി ഇതാണ്. എല്ലാവരോടും അവർ പയറ്റുന്ന രീതിയും ഇതാണ്. യോഗ്യത പ്രകാരം അവർ ഒന്നുകിൽ ജീവനക്കാർക്ക് ചെയ്യാൻ കഴിയാത്ത ജോലിനൽകും. എല്ലാം ജീവനക്കാരെ ഒഴിവാക്കാൻ ഇവർ പയറ്റുന്ന തന്ത്രങ്ങളുടെ ഭാഗം. ഇത് തന്നെയാണ് കമ്പനിയിൽ അവർ എന്നോടും പയറ്റിയതും.ജീവനക്കാരെകൊണ്ടു തനിയെ രാജിവയ്‌പ്പിക്കാൻ ലക്ഷ്യം വയ്ക്കുന്ന സ്ട്രാറ്റജിയാണിത്. എനിക്ക് മുൻപ് ഉണ്ടായിരുന്ന സീനിയേഴ്‌സ് എല്ലാം ജോലി രാജി വെച്ച് പോയി. പക്ഷെ ഞാനിത് റിപ്പോർട്ട് ചെയ്തു. കമ്പനി എച്ച്ആറിന് എന്റെ പരാതി പൊല്ലാപ്പായി.

ഞാൻ കമ്പനിക്ക് മൂല്യമില്ലാത്ത സ്റ്റാഫ് ആണെന്നാണ് എച്ച്ആർ വിഭാഗം എന്നെ വിളിപ്പിച്ചിട്ട് എന്നോട് പറഞ്ഞത്. രാഖി ചെയ്യുന്ന ജോലി ചെയ്യാൻ സീനിയർ ആയ ഒരാളെ ആവശ്യമില്ല. പുതുതായി ജോലി തുടങ്ങുന്ന ഒരാളെ മതി. അപ്പോൾ പുതിയ റോൾ ചോദിച്ചപ്പോൾ പറഞ്ഞു. പുതിയ റോൾ തരാൻ കഴിയില്ല. ഹൈ കോസ്റ്റ് കമ്പനിക്ക് താങ്ങാൻ കഴിയില്ല എന്നൊക്കെ പറഞ്ഞു മാനസികമായി തകർക്കും. കമ്പനി മാനേജേഴ്‌സിനു വേണ്ടത് അവരോടു കംഫർട്ട് ആയി സംസാരിക്കുന്ന ആളുകളെയാണ്. അത് ആണായാലും പെണ്ണായാലും. പ്രൊഫഷണൽ സമീപനം വെച്ച് പുലർത്തുന്ന ആളെ സത്യൻ എന്ന മാനേജർക്ക് ഇഷ്ടമല്ല. ഇതും സത്യന് എന്നോട് വിരോധം തോന്നാൻ ഒരു കാരണമായി. എല്ലാവർക്കും അവരെ ഈ രീതിയിൽ സുഖിപ്പിച്ച് നിർത്താൻ കഴിയുമോ? രാഖി ചോദിക്കുന്നു. ഇങ്ങിനെ പെരുമാറുന്ന വനിതാ ജീവനക്കാർക്ക് ഒരു ചുക്കും ഇപ്പോഴും സംഭവിച്ചിട്ടില്ല. ജോലിയല്ല ഈ കമ്പനിയിൽ പ്രധാനം. ജോലി എങ്ങിനെ ചെയ്താലും ഈ കാരണം ഉള്ളിൽ വെച്ച് അവർ തൃപ്തരല്ല എന്ന് പറയും. ഒരു പോയിന്റ് എത്തുമ്പോൾ എല്ലാവർക്കും പ്രശ്‌നം വരും. എനിക്കും ഇതേ പ്രശ്‌നം വന്നു. ഞാൻ മാറി നിന്നപ്പോൾ അവർ പറഞ്ഞു. ടീമുമായി കോർഡിനെറ്റ് ആകുന്നില്ല എന്നും പറയും. താഴെയുള്ളവരെക്കൊണ്ടു നമ്മെ ഭരിപ്പിക്കാൻ ശ്രമിക്കും. എല്ലാം മാനസികമായുള്ള ആക്രമണത്തിന്റെ ഭാഗം. ഇത്തരം ആക്രമണം പതിവായപ്പോൾ ഒടുവിൽ ഞാൻ എച്ച്ആർ വിഭാഗത്തിന് പരാതി അയച്ചു. എച്ച്ആറും പക്ഷെ എല്ലാത്തിനും കൂട്ടുനിൽക്കുന്നതായാണ് പിന്നീട് ഞാൻ കണ്ടത്.

ടീമുമായി യോജിച്ചു പോകുന്നില്ല; പിരിച്ചുവിടാൻ നിരത്തിയത് ദുരാരോപണങ്ങൾ

ഞാൻ എന്ത് ചെയ്താലും പിന്നെ എനിക്ക് കുറ്റമായി. സ്റ്റാഫുമായി യോജിച്ച് പോകുന്നില്ല എന്ന് എച്ച് ആർ വിഭാഗം പറഞ്ഞു. ഒടുവിൽ എനിക്ക് പിരിച്ചുവിടൽ ലെറ്ററും അടിച്ചു തന്നു. ടെക്നോ പാർക്കിലെ ഒരു കമ്പനിയും എനിക്ക് ജോലി തരില്ല എന്ന് ഉറപ്പിക്കുന്ന പിരിച്ചുവിടൽ ലെറ്ററാണ് കമ്പനി നൽകിയത്. ലെറ്ററിലെ വാക്കുകളും ഈ രീതിയിൽ ഉള്ളതാണ്. സത്യന് മുൻപിരുന്ന മാനേജർ അത്ര പ്രശ്‌നക്കാരിയല്ലായിരുന്നു. അവർക്ക് ഞാൻ ചെയ്യുന്ന ജോലിയും എന്റെ കമ്മിറ്റ്‌മെന്റും അറിയാമായിരുന്നു. അവരും ഈ പീഡനം മടുത്താണ് കമ്പനി വിട്ടത്. ഈ വനിതയ്ക്ക് പകരം വന്ന മാനേജർ സത്യനുമായി അടുപ്പമുള്ളയാൾ ആയിരുന്നു. ഇതോടെയാണ് ജോലിയിൽ, ജോലി സ്ഥലത്ത് എന്റെ ദുരിതം ഇരട്ടിച്ചത്. ഞാൻ അപ്പോൾ ഗർഭിണിയുമായിരുന്നു. ഈ സമയത്ത് എനിക്ക് ലീവും നിഷേധിക്കപ്പെട്ടു. കമ്പനി അനുവദിച്ച 22 ലീവുകൾ ഉണ്ട്. എന്നിട്ടാണ് ഈ അവസ്ഥ. പക്ഷെ എപ്പോൾ ലീവ് ചൂണ്ടിക്കാട്ടി പ്രശ്‌നമുണ്ടാക്കും. മനഃപൂർവം എടുക്കുന്ന ലീവ് അല്ലിത്. ലീവിന് ഫോൺ ചെയ്താൽ എടുക്കുകയുമില്ല.

പ്രസവം കഴിഞ്ഞു വന്നതോടെ പ്രശ്‌നങ്ങൾ കൂടുതലായി. ഡിസംബറിലാണ് ഞാൻ വീണ്ടും ജോയിൻ ചെയ്തത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കും എന്ന പ്രതീക്ഷയിലാണ് പ്രസവാവധി കഴിഞ്ഞു ഞാൻ വന്നത്. സത്യൻ ഈ സമയത്ത് എന്നോട് ഒരിക്കൽ മോശമായി ശബ്ദമുയർത്തി സംസാരിച്ചു. സത്യൻ നേരെ എന്റെ മാനേജർ അല്ല. എനിക്ക് തൊട്ടുമുകളിൽ ഉള്ള മാനേജരോടാണ് ഞാൻ റിപ്പോർട്ടു ചെയ്യേണ്ടത്. ആ മാനേജർ ആണ് സത്യന് റിപ്പോർട്ട് ചെയ്യേണ്ടത്. പക്ഷെ എല്ലാ തീരുമാനങ്ങളും സത്യന്റേതായിരുന്നു. ഇതെല്ലാം ഞാൻ എച്ച്ആറിന് നൽകിയ പരാതിയിൽ ഉണ്ട്. ലിംഗപരമായ പക്ഷപാതിത്വം കൂടിയുള്ളായിരുന്നു സത്യൻ. വനിത എന്ന നിലയിൽ ഇതും എനിക്ക് പ്രശ്‌നമായി. ഈ ഘട്ടത്തിൽ എക്‌സിക്യൂട്ടീവ് ലെവലിൽ ഉള്ള പയ്യൻ രാജിവെച്ചു. അതോടെ ആ ജോലി കൂടി എന്നോട് ചെയ്യാൻ സത്യൻ നിർദ്ദേശിച്ചു. തസ്തിക പ്രകാരമുള്ള വ്യത്യാസം പറഞ്ഞപ്പോൾ രാജി വെച്ച് പോകാനായിരുന്നു നിർദ്ദേശം. ഒരു തരത്തിലും രാജിവെച്ച് പോകില്ലെന്ന് ഞാൻ തീർത്ത് പറയുകയും ചെയ്തു. രാജി വയ്ക്കില്ലെന്നത് പറഞ്ഞത് സത്യന് രസിച്ചില്ല. ഇതോടെ എനിക്ക് നേരെ വന്നത് വേട്ടയാടലാണ്. എന്നെ രാജി വയ്‌പ്പിക്കാൻ വേറെ രീതിയിൽ പ്രഷർ വന്നു. പിന്നെയും മൂന്നു മാസം കൂടി ഞാൻ പിടിച്ചു നിന്നു. എച്ച്ആറിൽ ഞാൻ പരാതി നൽകിയപ്പോൾ എച്ച്ആർ ഒരു മീറ്റിങ് വെച്ചു.

ഫിനാൻസ് വിഭാഗത്തിൽ റോളില്ലെന്നു പറഞ്ഞു; ഒടുവിൽ നൽകിയത് നിർബന്ധപൂർവമുള്ള പിരിച്ചുവിടലും

ഞാൻ ടാർജറ്റ് അച്ചീവ് ചെയ്യുന്നില്ല എന്ന് മാനേജർമാർ പരാതി പറഞ്ഞു. ഞാൻ അത് കൗണ്ടർ ചെയ്തു. എല്ലാ രേഖകൾ സഹിതം ഞാൻ ചോദ്യം ചെയ്തു. എന്നോട് മോശമായി സംസാരിച്ചത് ഹൈലൈറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ എല്ലാവരും എനിക്ക് എതിരാകുന്ന കാഴ്ചയാണ് കണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാം എന്നാണ് എച്ച്ആർ പറഞ്ഞിരുന്നത്. പക്ഷെ മെയ് 14 നു എന്നെ വിളിച്ചു രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. ഞാൻ രാജി വയ്ക്കാം. എനിക്ക് മുകളിലുള്ള മാനേജർമാരുടെ മാനസിക ആക്രമണം കാരണം ഞാൻ രാജിവയ്ക്കുന്നു എന്ന് എഴുതി നൽകാം എന്നാണ് ഞാൻ പറഞ്ഞത്. ഇതവർ സമ്മതിച്ചില്ല. ഞാൻ മോശമായി പെരുമാറി എന്ന് ജീവനക്കാരുടെ പരാതിയുണ്ടെന്നു എച്ച്ആർ എന്നോട് പറഞ്ഞു. ആരോടാണ് ഞാൻ മോശമായി പെരുമാറുന്നത്. എങ്ങിനെ ഞാൻ മോശമായി പെരുമാറി അത് പറയാൻ അവർ എന്നോട് പറഞ്ഞു. ഒന്നിനും അവർക്ക് മറുപടിയുണ്ടായിരുന്നില്ല. സ്വന്തമായി രാജി വയ്ക്കാൻ അവർ പിന്നീടും ആവശ്യപ്പെട്ടു. രാജി വയ്ക്കാൻ തയ്യാറാകാത്തപ്പോൾ അവർ പറഞ്ഞു. രാഖിക്ക് ഇവിടെ ഫിനാൻസ് വിഭാഗത്തിൽ റോൾ ഒന്നുമില്ല എന്ന് പറഞ്ഞു ടെർമിനേഷൻ ലെറ്റർ നൽകുകയാണ് ചെയ്തത്- രാഖി പറയുന്നു.

ഏഴു വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്നാണ് രാഖിക്ക് പൊടുന്നനെ ജോലി നഷ്ടമായത്. വ്യാജ ആരോപണങ്ങൾ ചമച്ച് താൻ ജോലി ചെയ്ത കമ്പനി തന്നെ പുറത്താക്കിയതിൽ ഉള്ളുലഞ്ഞാണ് രാഖി മറുനാടനോട് സംസാരിച്ചത്. സീനിയർ ആയ ആളുകളെ പുകച്ചു പുറത്തു ചാടിക്കുന്ന ആർഎം എഡ്യുക്കേഷൻ സൊല്യൂഷന്റെ തനി നിറമാണ് പരാതിയിലൂടെയും വാക്കുകളിലൂടെയും രാഖി തുറന്നു കാട്ടുന്നത്. ജോലി നഷ്ടമായ വേദനകൾ ഉള്ളിലൊതുക്കി ലേബർ ഓഫീസറുടെ പരാതിയിൽ തീർപ്പുണ്ടാക്കുന്നതും കാത്തിരിക്കുകയാണ് രാഖി ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP