Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറു വർഷത്തിലേറെ പാരമ്പര്യം; കോട്ടയം നഗരമധ്യത്തിൽ കോടികൾ വിലയുള്ള സ്ഥലവും ജൂവലറിയും; കണ്ണായ സ്ഥലത്ത് ഒട്ടേറെ ആസ്തികൾ; കുന്നത്തുകളത്തിൽ ഫിനാൻസും ചിട്ടിഫണ്ടും അടച്ചു പൂട്ടി പാപ്പർ ഹർജി നൽകി മുങ്ങിയത് ഇടപാടുകാരുടെ കോടികളുമായി; റിസീവറെ നിയമിച്ച കോടതി ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് 1600ഓളം വരുന്ന പരാതിക്കാർ; കാരാപ്പുഴ വിശ്വനാഥനേയും ഭാര്യയേയും പടിക്കാൻ ലുക്കൗട്ട് നോട്ടിസ്; കുന്നത്തുകളത്തിൽ ജുവല്ലറി ഉടമയെ സംരക്ഷിക്കുന്നത് ആര്?

നൂറു വർഷത്തിലേറെ പാരമ്പര്യം; കോട്ടയം നഗരമധ്യത്തിൽ കോടികൾ വിലയുള്ള സ്ഥലവും ജൂവലറിയും; കണ്ണായ സ്ഥലത്ത് ഒട്ടേറെ ആസ്തികൾ; കുന്നത്തുകളത്തിൽ ഫിനാൻസും ചിട്ടിഫണ്ടും അടച്ചു പൂട്ടി പാപ്പർ ഹർജി നൽകി മുങ്ങിയത് ഇടപാടുകാരുടെ കോടികളുമായി; റിസീവറെ നിയമിച്ച കോടതി ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് 1600ഓളം വരുന്ന പരാതിക്കാർ; കാരാപ്പുഴ വിശ്വനാഥനേയും ഭാര്യയേയും പടിക്കാൻ ലുക്കൗട്ട് നോട്ടിസ്; കുന്നത്തുകളത്തിൽ ജുവല്ലറി ഉടമയെ സംരക്ഷിക്കുന്നത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആയിരം കോടിയുടെ നിർമ്മൽചിട്ടി തട്ടിപ്പിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് മറ്റൊരു ചിട്ടി തട്ടിപ്പു കൂടി പുറത്തുവന്നിരുന്നു. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത കോടികളുമായി കോട്ടയത്തെ കുന്നത്തുകളത്തിൽ ജുവല്ലറി ഉടമയും മുങ്ങിയിരുന്നു. നിരവധി പേരിൽനിന്നു നിക്ഷേപം സ്വീകരിച്ചശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങിയെന്നു കാണിച്ച് നിക്ഷേപകർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതിയും നല്കിയിരിന്നു. അതിനിടെ സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിട്ടിക്കമ്പനിപൊട്ടി പാപ്പർ ഹർജി നൽകിയ കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് സബ് കോടതി റീസീവറെ നിയമിച്ചു. 1600 പേരാണ് നിക്ഷേപം നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. 50 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്.

ചിട്ടികമ്പനി പൊട്ടിയതിനു പിന്നാലെ ഒളിവിൽപോയ കമ്പനി ഉടമ കെ.വി. വിശ്വനാഥ(68)നെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരിക്കുകയാണ്. കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചതിനു പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതു വരെ മാത്രം 22 കോടി രൂപയുടെ ബാധ്യത ചിട്ടി ഉടമയ്ക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അതിനിടെ വിശ്വനാഥനേയും കുടുംബത്തേയും കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാർ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലും സജീവമാണ്.

കോട്ടയം വെസ്റ്റ് എച്ച എസ് ഓ നിർമൽ ബോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിനാണ് കേസിന്റെ ചുമതല. സ്ഥാപന ഉടമകളായ കെ വി വിശ്വാനാഥനെ കൂടാതെ ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കൾ ഡോ. സുനിൽബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് ലുക് ഔട്ട് നോട്ടിസ്. ഇവർ വിദേശത്തേക്കു കടക്കാതിരിക്കാൻ പാസ്പോർട്ടുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതോടെ ഇയാളുമായി ബന്ധപ്പെട്ട അടുത്ത ബന്ധുക്കളിലേക്കും അന്വേഷണം നീളുകയാണ്. ആലപ്പുഴ, ഹരിപ്പാട്, ചിങ്ങോലിൽ വിശ്വനാഥന്റെ മൂത്ത മരുമകൻ ഡോ. സുനിൽ ബാബുവിന്റെ പേരിലുള്ള ഡെന്റൽ ആശുപത്രിക്കു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

വിനോദ് കുമാറിനെയാണ് കോടതി റിസീവർ ആയി നിയമിച്ചത്. പാപ്പർ ഹർജിയിൽ റിസീവറെ നിയമിച്ച കോടതി, സ്ഥാപന ഇടപാടുകാർക്ക് സമൻസ് അയയ്ക്കാനും ഉത്തരവായി. നടപടികൾ അവസാനിക്കും വരെ ജൂവലറി ഉടമയ്ക്കും കുടുംബത്തിനും നിലവിൽ താമസിക്കുന്ന വീട്ടിൽ തുടരാനും അനുമതി നൽകി. അതിനിടെ കെ.വി. വിശ്വനാഥൻ, ഭാര്യ രമണി എന്നിവർക്കുവേണ്ടി മുൻകൂർ ജാമ്യത്തിനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. പണം നഷ്ടപ്പെട്ട നിക്ഷേപകർ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.

ഏതാനും ദിവസങ്ങളായി കുന്നത്തുകളത്തിൽ ജൂവലറിയുടെ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്. ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകൾക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാർത്ത പരന്നതോടെ വ്യാഴാഴ്ച രാവിലെ മുതൽ കുന്നത്തുകളത്തിൽ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നിൽ ഇടപാടുകാരായ നിരവധി പേർ തടിച്ചുകൂടിയരുന്നു. കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരിൽനിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെൻട്രൽ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭർത്താവും പാപ്പർ ഹർജി സമർപ്പിച്ചതായും അറിയാൻ സാധിച്ചത്.

നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വൻകിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ ജൂവലറി. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവർത്തിക്കുന്നതും. സ്വർണ്ണക്കടകൂടാതെ കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവർക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സി.എസ്ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവർക്കു ഓഫിസുകൾ നിലവിലുണ്ട്.

കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകൾ. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകൾ നടക്കുന്നുണ്ട്. ജില്ലയിലെ വൻകിടക്കാൻ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു.

എന്നാൽ, സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നതായി വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നിക്ഷേപകർ പൊലീസിനെ സമീപിച്ചെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP