Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമുണ്ട്, താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കും; രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ല; മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്'; കുണ്ടറയിൽ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്; കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം നൽകിയിട്ടും വൈശാഖിന് ആർത്തി തീർന്നില്ല; വീടിന്റെ ആധാരം വേണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ഭാര്യയെ വകവരുത്തി

'ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമുണ്ട്, താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കും; രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ല; മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്'; കുണ്ടറയിൽ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്; കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം നൽകിയിട്ടും വൈശാഖിന് ആർത്തി തീർന്നില്ല; വീടിന്റെ ആധാരം വേണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ഭാര്യയെ വകവരുത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കുണ്ടറയിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൃതി ഭർത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ള ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവൾ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താൻ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തിൽ പങ്കുവെച്ചിരിക്കുന്നത്.

'താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്' എന്നും കൃതി കത്തിൽ വ്യക്തമായി പറയുന്നു. രണ്ടാം വിവാഹം കൃതിയെ സംബന്ധിച്ചിടത്തോളം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കത്ത്.

ഫ്രെബുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ യുവതിക്ക് മൂന്ന് വയസുള്ള മകളുണ്ട്. വിവാഹ ശേഷം വൈശാഖ് ജോലി തേടി വിദേശത്തേയ്ക്ക് പോയെങ്കിലും ഒന്നര മാസത്തിന് ശേഷം തിരികെയെത്തി. ഇതിനിടെ, കേരളത്തിന് പുറത്ത് പ്രൊഫഷണൽ കോഴ്സുകൾക്ക് സീറ്റ് തരപ്പെടുത്തി നൽകുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കൾ 25 ലക്ഷം രൂപയോളം വൈശാഖിന് നൽകിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. ഇതേച്ചൊല്ലി പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തി.

വൈശാഖിൽ നിന്നും തനിക്ക് ഭീഷണിയുള്ളതായി കൃതി അമ്മയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിലെത്തിയ വൈശാഖ് കൃതിയുമൊത്ത് കിടപ്പുമുറിയിൽ കയറിയെങ്കിലും വാതിൽ അകത്തു നിന്നും അടയ്ക്കാൻ കുടുംബാംഗങ്ങൾ അനുവദിച്ചില്ല. രാത്രി 9.30 തോടെ കൃതിയുടെ അമ്മ ഇരുവരെയും അത്താഴം കഴിക്കാനായി വിളിച്ചു. വാതിൽ തുറന്ന വൈശാഖ് തങ്ങൾ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45 ആയിട്ടും ഇരുവരും പുറത്ത് വരാതിരുന്നതിനെ തുടർന്ന് വീണ്ടും മുട്ടിവിളിച്ചു. വാതിൽ തുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ കൃതി കുഴഞ്ഞു വീണതാണെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും പറഞ്ഞ് കാറിൽ കയറിയ വൈശാഖ് വാഹനം ഓടിച്ച് പോകുകയായിരുന്നു.

രക്ഷപെട്ട ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് വൈശാഖ് കീഴടങ്ങിയത്. ചോദ്യം ചെയ്യലിൽ കുറ്റ സമ്മതവും നടത്തി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടു കീഴടങ്ങിയത്. കൃതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്‌കാരം നടത്തി. സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന് തടയിട്ടതോടെയാണ് കൃതിയെ വൈശാഖ് കൊന്നത്. വൈശാഖിന്റേത് ആദ്യ വിവാഹമായിരുന്നു കൃതിയുമായി ഉണ്ടായിരുന്നത്.

വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിലേക്ക് നയിച്ചതും സ്വത്ത് തർക്കമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP