Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വിവാഹസമയത്ത് നൽകിയത് 70 പവൻ സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും; ഭാര്യയുടെ മാതാപിതാക്കളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുപ്പിച്ചത് 25 ലക്ഷത്തോളം രൂപ; അമ്മയുടെ പേരിലുള്ള സ്ഥലം കൂടി പണയപ്പെടുത്തണമെന്ന് വന്നതോടെ വഴക്ക് മൂത്തു; ഒടുവിൽ കൃതിയെ ഭർത്താവ് വൈശാഖ് കൊന്നത് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്; കുണ്ടറ കൃതി കേസിൽ വൈശാഖിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ

വിവാഹസമയത്ത് നൽകിയത് 70 പവൻ സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും; ഭാര്യയുടെ  മാതാപിതാക്കളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുപ്പിച്ചത് 25 ലക്ഷത്തോളം രൂപ; അമ്മയുടെ പേരിലുള്ള സ്ഥലം കൂടി പണയപ്പെടുത്തണമെന്ന് വന്നതോടെ വഴക്ക് മൂത്തു; ഒടുവിൽ കൃതിയെ ഭർത്താവ് വൈശാഖ് കൊന്നത് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്; കുണ്ടറ കൃതി കേസിൽ വൈശാഖിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: 96പവൻ സ്വർണ്ണവും അവശ്യത്തിന് പണവും മറ്റും നൽകിയിട്ടും കൂടുതൽ സ്വത്തിനായി ആർത്തിപിടിച്ച സൂരജ് കരിമൂർഖനെകൊണ്ട് കൊത്തിച്ച് ഭാര്യ അഞ്ചൽ ഉത്രയെ കൊന്നതിന്റെ ഞെട്ടൽ കേരളീയ സമൂഹത്തിൽ ഇപ്പോഴും മാറിയിട്ടില്ല. ഈ കേസിന്റെ അന്വേഷണം ഫലപ്രദമായി മുന്നേറുമ്പോൾ സമാനമായ രീതിയിൽ പണത്തിനുവേണ്ടി കൊല്ലം ജില്ലയിൽതന്നെ ഏഴുമാസംമുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിൽ പൊലീസ് ഉഴപ്പുകയാണെന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ നിരന്തരം ആരോപിക്കുന്നു. കുണ്ടറ മുളവനാൽ ചരുവിള പുത്തൻവീട്ടിൽ കൃതി (25)യെ ഭർത്താവ് വൈശാഖ് ബൈജു(28) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസാണ് എങ്ങുമെത്താത്ത്. ഉത്ര കൊലക്കേിസിപോലെ ഭർതൃവീട്ടുകാരുടെ പങ്കും അന്വേഷണിക്കണമെന്ന് കൃതിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. രണ്ടു കൊലപാതങ്ങളും ഒരുപോലെ ഭാര്യവീട്ടിലാണ് നടന്നത്. ഉത്ര കൊലക്കേസിൽ ഭാര്യ വീട്ടുകാർ ഡിവോഴ്സ് ആവശ്യപ്പെട്ടാൽ താൻ എങ്ങനെ സ്വർണം തിരിച്ചുകൊടുക്കും എന്നതാണ് സൂരജിനെ അലട്ടിയിരുന്നെങ്കിൽ, കൃതി കൊലക്കേസിൽ അവരുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകൾ ആയിരിക്കും സ്വത്തിന്റെ അവകാശിയെന്ന ചിന്തയാണ് വൈശാഖിനെ കൊലക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം. ഇക്കാര്യങ്ങൾ ശരിവെക്കുന്ന കൃതിയുടെ ഡയറിയും കണ്ടെടുത്തിട്ടുണ്ട്.

കൃതിയുടെ വീട്ടിൽ കഴിഞ്ഞ നവംബർ 11 നായിരുന്നു സംഭവം.7മാസം കഴിഞ്ഞിടും. കുറ്റപത്രം പോലും സമർപ്പിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ജാമ്യത്തിലിറങ്ങിയ ഭർത്താവ് വൈശാഖ് ഇപ്പോൾ സസുഖം ജീവിക്കയാണെന്നണ് കൃതിയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഉത്രവധക്കേസിലെന്നപോലെ ഭാര്യവീട്ടുകാരെ ഒരു കറുവപ്പശുവാക്കുകയായിരുന്നു വൈശാഖും ചെയ്തിരുന്നത്. വിവാഹസമയത്ത് 70 പവനോളം സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും വൈശാഖ് വാങ്ങിയതായി കൃതിയുടെ പിതാവ് മോഹനൻ പറയുന്നു. പിന്നീട് ബിസിനസ് ആവശ്യങ്ങൾക്കും വസ്തു വാങ്ങാനുമായി കൃതിയുടെ മാതാപിതാക്കളെ കൊണ്ട് പല ബാങ്കുകളിൽ നിന്നായി 25 ലക്ഷത്തോളം രൂപ വൈശാഖ് വായ്പ എടുപ്പിച്ചിരുന്നു. കൃതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തണമെന്ന ആവശ്യത്തെത്തുടർന്നാണ് ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായത്.

തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ കൃതിയെ അനുനയിപ്പിക്കാനെന്ന ഭാവത്തിൽ എത്തിയ വൈശാഖ് വീട്ടുകാരുടെ സാന്നിധ്യത്തിലാണു കൊല നടത്തിയതെന്നും മോഹനൻ പറഞ്ഞു. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവായി നിലനിൽക്കെ ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായ വൈശാഖ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും കുടുംബം ആരോപിക്കുന്നു.

കീഴടങ്ങിയ വൈശാഖ് കുടുംബ പ്രശ്നത്തെത്തുടർന്ന് താൻ തന്നെയാണ് കൊല നടത്തിയതെന്ന് മൊഴിയും നൽകിയിരുന്നു. എന്നാൽ, റിമാൻഡിൽ കഴിയവേ വൈശാഖിനു 44 ദിവസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. വൈശാഖിനു ജാമ്യം അനുവദിച്ച ശേഷം കേസ് അന്വേഷണം മരവിച്ച നിലയിലാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും കൃതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു മുൻപ് തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച കൃതി മകൾക്ക് 4 മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തുകയും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വൈശാഖിനെ 2018ൽ വിവാഹം കഴിക്കുകയുമായിരുന്നു.

അതേസമയം, കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസം കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. വൈശാഖിനു ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

വൈശാഖിന്റെ മാതപിതാക്കളുടെ പങ്കും അന്വേഷിക്കണം

വൈശാഖിന്റെ മാതാപിതാക്കളെക്കൂടി നിർബന്ധമായും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നുമാണ് കൃതിയുടെ പിതാവ് മോഹനന്റെ ആവശ്യം. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ പറയുന്നു.

ആദ്യ വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്ന കൃതി വൈശാഖുമായി ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടാണ് അടുപ്പത്തിലായത്. ആദ്യ വിവാഹം പരാജയപ്പെട്ടതിൽ തകർന്നിരുന്ന കൃതിയെ ആശ്വാസവാക്കുകൾ പറഞ്ഞ് അടുപ്പിക്കുകയായിരുന്നെന്ന് പിതാവ് മോഹനൻ പറഞ്ഞു. 2018ൽ ഇവർ തമ്മിൽ രജിസ്റ്റർ വിവാഹം നടത്തി. പിന്നീട് ഫെബ്രുവരിയിൽ കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടത്തി. വിവാഹ ശേഷം ഗൾഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾറ്റന്റായി പ്രവർത്തിക്കുകയായിരുന്നുവെന്നാണു വിവരം.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 25 ലക്ഷം രൂപ വാങ്ങിയിരുന്നു. സംഭവത്തിന് രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. പിന്നീട് കൃത്യം നടന്ന ദിവസം വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് അമ്മ ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു.

രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു അമ്മ വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തു. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി. പിന്നീട് ഓടുകയും ചെയ്തു. ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്‌ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

വഴക്കിനിടയിൽതാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴിനൽകിയത്. കൊല നടന്ന ദിവസം വൈകിട്ട് ഏഴിന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും വൈശാഖ് പറയുന്നു. അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങിയത്- വൈശാഖ് മൊഴിയിൽ പറയുന്നു.

കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. തന്റെ സ്വത്തിന്റെ അവകാശി മകൾ മാത്രമാകുമെന്നും കൃതി ഡയറിയിൽ കുറിച്ചു വച്ചിരുന്നു. അതിനിടെ ഭർത്താവ് കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായുള്ള കൃതിയുടെ കത്ത് പൊലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ മനപ്പൂർവ്വമല്ല കൊലയെന്ന പ്രതിയുടെ വാക്കുകൾ പൊലീസിന് വിശ്വസിക്കാനും കഴിയുന്നില്ല. സ്വത്തിനോടും പണത്തിനോടുമുള്ള ആർത്തിമൂലം വൈശാഖ് തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തിൽ ഉള്ളത്. താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും വൈശാഖിന് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

.വൈശാഖുമായുള്ള വിവാഹം തനിക്ക് ദുരിതം മാത്രമാണു നൽകിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്. ഇത്രയും തെളിവുകൾ ഉണ്ടായിരിന്നിട്ടും പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വിലസുന്നത് പൊലീസിന്റെ പിടിപ്പു കേടാണെന്നാണ് കൃതിയുടെ പിതാവ് മോഹനൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP