Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മതഗ്രന്ഥങ്ങളുടെ കടത്തും ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗൺഡൗൺ തുടങ്ങി; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനം; മുൻകൂർ ജാമ്യ സാധ്യതകൾ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ട്

മതഗ്രന്ഥങ്ങളുടെ കടത്തും ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗൺഡൗൺ തുടങ്ങി; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനം; മുൻകൂർ ജാമ്യ സാധ്യതകൾ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതൽ അറസ്റ്റിന് കേന്ദ്ര ഏജൻസികൾ. മന്ത്രി കെ.ടി. ജലീലിനെ ഇഡിക്കും എൻഐഎക്കും പിന്നാലെ കസ്റ്റംസും ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ജലീലിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന.

ചോദ്യം ചെയ്ത് തെളിവ് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. അടുത്ത ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകുന്നത് ജലീലിന്റെ പരിഗണനയിലുണ്ട്. മുൻകൂർ ജാമ്യ ഹർജി നൽകിയ ശേഷം അറസ്റ്റ് ചെയ്താൽ അതിൽ രാഷ്ട്രീയ പകപോക്കൽ ആരോപിക്കാനാകില്ല. അതുകൊണ്ട് തന്നെ കരുതലോടെ മുമ്പോട്ട് പോകാനാണ് ജലീലിന്റെ നീക്കം.

യുഎഇ കോൺസുലേറ്റിൽനിന്നു ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം, റമസാൻ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ സംബന്ധിച്ചാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യൽ. കോൺസൽ ജനറൽ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുൻപു ജലീലിന്റെ വിശദീകരണം. എന്നാൽ, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ജലീലിന്റെ മൊഴിക്ക് വിരുദ്ധമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതാണ് ജലീലിന് വിനയാകുന്നത്. ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

മതഗ്രന്ഥം വിതരണം ചെയ്തതിനു വിദേശസംഭാവന നിയന്ത്രണ ചട്ട (എഫ്‌സിആർഎ) ലംഘനത്തിനു കേസെടുത്തിരുന്നു. ജലീലിന്റെ പഴ്‌സനൽ അസിസ്റ്റന്റിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗൺമാന്റെ ഫോൺ മലപ്പുറത്തെ വീട്ടിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ജലീലിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനമായ സിആപ്റ്റിന്റെ മുൻ എംഡി എം.അബ്ദുൽ റഹ്മാനെയും കസ്റ്റംസ് വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇദ്ദേഹവും കേസിൽ പ്രതിയാകൻ സാധ്യതയുണ്ട്. എൽബിസിന്റെ ഡയറക്ടറാണ് നിലവിൽ ഇദ്ദേഹം.

ജലീൽ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ 2 കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിച്ചിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാൻ യുഎഇ കോൺസൽ ജനറലിന്റെ സഹായം തേടിയെന്നതാണ് ഒരു കാര്യം. ഇയാൾ ദുബായിൽ ജലീലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന്റെ പേരിലാണത്രെ നാടുകടത്തിപ്പിക്കാൻ ശ്രമിച്ചത്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാൻ ശ്രമിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടൽ മന്ത്രി നടത്തിയിട്ടുണ്ടെങ്കിൽ കുറ്റകരമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അലാവുദീൻ എന്നയാൾക്കു കോൺസുലേറ്റിൽ ജോലി ലഭിക്കാൻ ജലീൽ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം.

സ്വപ്ന സുരേഷിന്റെ മൊഴിയാണ് ജലീലിന് വിനയാകുന്നത്. ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശിയെ യു.എ.ഇയിൽ നിന്ന് നാട് കടത്താൻ മന്ത്രി യു.എ.ഇ. കോൺസൽ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായിരിക്കുന്നത്. മൊഴിയിൽ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ.ടി. ജലീൽ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.

കോൺസുലേറ്റിൽ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വപ്ന സുരേഷിന്റ വെളിപ്പെടുത്തിയിരുന്നു. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീൽ ആവശ്യപ്പെട്ടിരുന്നു. കെ.ടി ജലീലിന്റെ ഫോൺ നമ്പർ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോൾ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നും റമദാൻ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നൽകി. അലാവുദ്ദീൻ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയിൽ കേസിൽ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോർട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നൽകിയെന്നും സ്വപ്ന മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP