Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം എൻഐഎ ചോദ്യം ചെയ്യുന്ന അധികാരത്തിലുള്ള മന്ത്രി; അതീവ രഹസ്യമായ ചോദ്യം ചെയ്യൽ അനിൽ ഇമാനുവലിന് ചോർന്ന് കിട്ടിയത് പുലർച്ചെ നാലരയ്ക്ക്; അഞ്ചു മണിയോടെ എൻഐഎ ഓഫീസിന്റെ പരിസരത്ത് എത്തിയത് ട്രാക് സ്യൂട്ട് ഇട്ട് പ്രഭാത നടത്തത്തിനുള്ള പരിസരവാസിയെ പോലെ; പുലർച്ചെ ആറു മണിക്ക് മന്ത്രി എത്തിയങ്കിലും ചോദ്യം ചെയ്യേണ്ടവർ എത്തിയത് എട്ട് മണിക്ക് ശേഷവും; കാർ യാത്രയിൽ നിറച്ചതു മുഴുവൻ നാടകീയത; കെടി ജലീൽ ചോദ്യം ചെയ്യലിന് എത്തി അപൂർവ്വത സ്വന്തമാക്കുമ്പോൾ

ആദ്യം എൻഐഎ ചോദ്യം ചെയ്യുന്ന അധികാരത്തിലുള്ള മന്ത്രി; അതീവ രഹസ്യമായ ചോദ്യം ചെയ്യൽ അനിൽ ഇമാനുവലിന് ചോർന്ന് കിട്ടിയത് പുലർച്ചെ നാലരയ്ക്ക്; അഞ്ചു മണിയോടെ എൻഐഎ ഓഫീസിന്റെ പരിസരത്ത് എത്തിയത് ട്രാക് സ്യൂട്ട് ഇട്ട് പ്രഭാത നടത്തത്തിനുള്ള പരിസരവാസിയെ പോലെ; പുലർച്ചെ ആറു മണിക്ക് മന്ത്രി എത്തിയങ്കിലും ചോദ്യം ചെയ്യേണ്ടവർ എത്തിയത് എട്ട് മണിക്ക് ശേഷവും; കാർ യാത്രയിൽ നിറച്ചതു മുഴുവൻ നാടകീയത; കെടി ജലീൽ ചോദ്യം ചെയ്യലിന് എത്തി അപൂർവ്വത സ്വന്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ദേശീയ അന്വേഷണ ഏജൻസി അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം. ടി.ആർ. സെലിയാങ്ങിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ അദ്ദേഹം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ചോദ്യം ചെയ്യൽ നടക്കുമ്പോഴേക്കും പദവി നഷ്ടമായിരുന്നു. 2009 ൽ രൂപീകരിച്ച ശേഷം ആദ്യമായി എൻഐഎ ചോദ്യം ചെയ്ത മന്ത്രിയായി അതുകൊണ്ട് തന്നെ ജലീൽ മാറുകയാണ്. ജമ്മുകശ്മീരിൽ ഒമർ അബ്ദുല്ല മന്ത്രിസഭയിൽ അംഗമായിരുന്ന ഗുലാം മുഹമ്മദ് സരൂരിക്കെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്. 2 തവണ മന്ത്രി ആയിരുന്നു സരൂരി. ഭീകരസംഘടന ഹിസ്ബുൽ മുജാഹിദീന് ധനസഹായം നൽകി എന്നായിരുന്നു കേസ്.

മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ എൻഐഎയ്ക്കു രൂപം നൽകിയത്. ഭീകരസംഘടനകളെക്കുറിച്ചും അവർക്കു ലഭിക്കുന്ന വിദേശസഹായത്തെക്കുറിച്ചുമാണ് ആദ്യകാലത്ത് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് അന്വേഷണ പരിധി വിപുലീകരിക്കുന്ന ഭേദഗതികൾ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എൻഐഎ ഓഫിസിലേക്കും തിരിച്ചുമുള്ള മന്ത്രി കെ.ടി. ജലീലിന്റെ കാർ യാത്രകളിൽ നാടകീയത നിറഞ്ഞിരുന്നു. അതീവരഹസ്യമായി തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുലർച്ചെ കളമശേരി പത്തടിപ്പാലം ഗവ. ഗെസ്റ്റ് ഹൗസിലെത്തി. ഔദ്യോഗിക വാഹനം പക്ഷേ, ഗെസ്റ്റ് ഹൗസിൽ പാർക്ക് ചെയ്തില്ല.

അവിടെനിന്ന് മുൻ എംഎൽഎ എ.എം. യൂസഫിന്റെ കാറിലാണ് 6 മണിക്ക് കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിയത്. ഔദ്യോഗിക വാഹനം മുപ്പത്തടം ഭാഗത്ത് പഴ്‌സനേൽ സ്റ്റാഫിന്റെ വീട്ടുപരിസരത്ത് നിർത്തിയിട്ടതായാണു സൂചന. ചോദ്യം ചെയ്യലിനു ശേഷം എൻഐഎ ഓഫിസിൽ നിന്നു മടങ്ങിയ മന്ത്രി, കുണ്ടന്നൂരിൽ വച്ച് ഔദ്യോഗിക വാഹനത്തിലേക്കു മാറിക്കയറി. മന്ത്രി ജലീൽ തന്റെ വീട്ടിൽ വന്നില്ലെന്നും പുലർച്ചെ 3 മണി കഴിഞ്ഞപ്പോഴാണു വിളിച്ചതെന്നും മുൻ എംഎൽഎ എ.എം.യൂസഫ് പ്രതികരിച്ചിട്ടുണ്ട്. ഡ്രൈവറെ വിളിക്കാമോ എന്നു ചോദിച്ചു. അര മണിക്കൂറിനകം ഡ്രൈവറെത്തി. 10 മിനിറ്റിനകം ഗെസ്റ്റ് ഹൗസിനു സമീപത്തെത്തുമെന്നും അവിടേക്കു വണ്ടി വിടാനും ആവശ്യപ്പെട്ടു.

മന്ത്രി ഗെസ്റ്റ്ഹൗസിനു പുറത്തുവച്ച് കാറിൽ മാറിക്കയറുകയാണു ചെയ്തത്. ഡ്രൈവറും വണ്ടിയുമായി പോവുകയാണെന്നും എൻഐഎ ഓഫിസിൽ രാവിലെ എത്തണമെന്നും വീണ്ടും വിളിച്ച് അറിയിച്ചു. '2006 11 ൽ നിയമസഭയിൽ ഒരേ ബെഞ്ചിലാണു ഞാനും ജലീലും ഇരുന്നത്. അക്കാലത്തും മന്ത്രിയായ ശേഷവും നല്ല സൗഹൃദത്തിലാണ്. വാഹനം ചോദിച്ചപ്പോൾ തരില്ലെന്നു പറയാൻ കഴിയില്ല' യൂസഫ് പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലോടെയാണ് മനോരമ ന്യൂസിലെ അനിൽ ഇമാനുവലിന് ജലീലിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ വിവരം ലഭിക്കുന്നത്. പ്രഭാത നടത്തത്തിനെന്ന മട്ടിൽ 5 മണിയോടെ എൻഐഎ ഓഫിസ് പരിസരത്തെത്തി. ഓഫിസിനു മുൻവശം റോഡ് 20 മീറ്റർ നീളത്തിൽ രണ്ടു ഭാഗത്തും ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ഇതോടെ, മന്ത്രി എത്തുമെന്നുറപ്പായി.

ഒരു മണിക്കൂറെങ്കിലും പിന്നിട്ടപ്പോഴാണ് ഒരു കാർ പതിയെ വരുന്നതു ശ്രദ്ധയിൽ പെട്ടത്. മാസ്‌ക് ധരിച്ചതിനാലും അരണ്ട വെളിച്ചമായതിനാലും ജലീലിനെ തിരിച്ചറിയാൻ പെട്ടെന്നു സാധിക്കുമായിരുന്നില്ല. കാറിനു പിറകെ 100 മീറ്ററോളം മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു നടന്നു. കാർ എത്തിയതോടെ, എൻഐഎ ഓഫിസിൽ നിന്നു 2 പേർ ഇറങ്ങി ബാരിക്കേഡുകൾ മാറ്റി. പോർച്ചിൽ കാർ നിർത്തി അൽപം കഴിഞ്ഞാണു മന്ത്രി ഇറങ്ങിയത്. ആർക്കും മുഖം കൊടുക്കാൻ ഇഷ്ടപ്പെടാത്തതു പോലെ നേരെ ഓഫിസിനകത്തേക്ക്. 'മിനിസ്റ്ററേ' എന്നുറക്കെ വിളിച്ചുവെങ്കിലും തിരിഞ്ഞുനോക്കാതെ നടന്നു.

ഇതിനിടെ, അദ്ദേഹത്തിന് ഒരു ഉദ്യോഗസ്ഥൻ സാനിറ്റൈസർ നൽകി. തുടർന്ന് അദ്ദേഹം അകത്തേക്കു കയറിപ്പോയി. കാറിന്റെ നമ്പർ വച്ച് അന്വേഷിച്ചപ്പോഴാണ് ആലുവയിലെ മുൻ എംഎൽഎ എ.എം. യൂസഫിന്റേതാണെന്ന് അറിഞ്ഞതെന്ന് അനിൽ ഇമാനുവൽ പറയുന്നു.മന്ത്രി എത്തിയ വാർത്ത മനോരമ ന്യൂസ് ബ്രേക്ക് ചെയ്തതോടെ, കൂടുതൽ മാധ്യമപ്രവർത്തകർ ഓഫിസ് പരിസരത്തെത്തി. ഡിസിപി ജി. പൂങ്കുഴലി, എസിപിമാരായ കെ. ലാൽജി, ജിജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം.

എൻഐഎ ഓഫിസിന്റെ ഭാഗത്തേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 8 മണിയോടെ എൻഐഎ ഉദ്യോഗസ്ഥർ എത്തി. ബുധനാഴ്ച മന്ത്രിസഭാ യോഗമടക്കമുള്ള പരിപാടികളിൽ പതിവു പോലെ പങ്കെടുത്ത മന്ത്രി അർധരാത്രിയോടടുപ്പിച്ചാണ് തിരുവനന്തപുരം വിട്ടത്. ഒന്നരയോടെ കളമശേരി സർക്കാർ അതിഥി മന്ദിരത്തിൽ എത്തി. പുലർച്ചെ സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫിസിലേക്കു പുറപ്പെട്ടുകയായിരുന്നു.

മന്ത്രി വളരെ നേരത്തേ എത്തിയെങ്കിലും എൻഐഎ ഉദ്യോഗസ്ഥർ സാധാരണ ഓഫിസ് സമയത്തു മാത്രമേ നടപടികൾ തുടങ്ങിയുള്ളൂ എന്നാണു വിവരം. ചോദ്യം ചെയ്യലിന്റെ ഇടവേളകളിൽ മന്ത്രിയുടെ വേറെയും വാട്‌സാപ് സന്ദേശങ്ങൾ മാധ്യമ പ്രവർത്തകർക്കു ലഭിച്ചു.ചോദ്യംചെയ്യൽ കഴിഞ്ഞ് ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയ മന്ത്രി വന്ന കാറിൽ തന്നെ മടക്കയാത്ര തുടങ്ങി. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലേക്കു വരുമെന്നറിഞ്ഞു മാധ്യമ പ്രവർത്തകർ അവിടെ കാത്തുനിന്നെങ്കിലും കാറിൽ മന്ത്രിയുണ്ടായിരുന്നില്ല. ഇടയ്ക്കു വഴിയിലിറങ്ങിയ അദ്ദേഹം സ്വന്തം കാറിൽ തിരുവനന്തപുരത്തേക്കു പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP