Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്ന് പ്രോട്ടോകോൾ; സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ അത് ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമാകണം; എല്ലാം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നതും ചട്ടം; സ്വപ്‌നാ സുരേഷിന്റെ ഫോൺ വിളിക്ക് പുറമേ മറ്റൊരു ഊരാക്കുടുക്ക്; കിറ്റിന് യുഎഇ സഹായം വാങ്ങിയ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്ന് പ്രോട്ടോകോൾ; സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ അത് ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമാകണം; എല്ലാം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നതും ചട്ടം; സ്വപ്‌നാ സുരേഷിന്റെ ഫോൺ വിളിക്ക് പുറമേ മറ്റൊരു ഊരാക്കുടുക്ക്; കിറ്റിന് യുഎഇ സഹായം വാങ്ങിയ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീൽ വാങ്ങിയെങ്കിൽ അതു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ ലംഘനം. ഔദ്യോഗിക രഹസ്യ നിയമവും വിദേശബന്ധങ്ങളിലെ പ്രോട്ടോകോളും മന്ത്രി ലംഘിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങും. വിദേശകാര്യമന്ത്രാലയവും പ്രശ്‌നത്തിൽ ഇടപെടും. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളിൽ നിന്നും സഹായമൊന്നും വാങ്ങാൻ ആർക്കും അവകാശമില്ല.

1000 കിറ്റുകൾ യുഎഇ കോൺസുലേറ്റിന്റെ ചെലവിൽ കൺസ്യൂമർഫെഡിൽ നിന്നു സംഘടിപ്പിച്ചു 2 പഞ്ചായത്തുകളിൽ വിതരണം ചെയ്‌തെന്നും അതിനാണു താൻ സ്വപ്ന സുരേഷിനെ വിളിച്ചതെന്നുമാണു കഴിഞ്ഞ ദിവസം ജലീൽ വെളിപ്പെടുത്തിയത്. കിറ്റ് വിതരണം ചെയ്തുവന്നും ഇതിനായി ബിൽ എംബസിക്ക് അയച്ചുവെന്നും ജലീൽ പറഞ്ഞിരുന്നു. ഇതിനൊന്നും മന്ത്രിക്ക് അവകാശമില്ല. വിദേശ സഹായം സ്വീകരിക്കാനുള്ള ്‌പ്രോട്ടോകോൾ മന്ത്രി ലംഘിച്ചു. ഇത്തരം ഇടപെടലുകളാണ് ജലീലിന് വിനയാകുക. കേന്ദ്ര സർക്കാർ ഇക്കാര്യങ്ങളിൽ കർശന നിലപാടും താക്കീതും എടുക്കുമെന്നാണ് സൂചന.

ഇക്കാര്യത്തിൽ സംഭവിച്ചത് എന്തെന്ന് മന്ത്രിയോട് വിശദീകരണവും തേടും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിന്റെ 18ാം അധ്യായത്തിൽ, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അധ്യായത്തിലും നിയന്ത്രണങ്ങൾ വിശദീകരിക്കുന്നു. സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമായിരിക്കണം. അതുകൊണ്ട് തന്നെ കിറ്റ് വിതരണത്തിന് എങ്ങനെ പണം വാങ്ങിയെന്നതാകും അന്വേഷിക്കുക. ഇതെല്ലാം എൻഐഎയും പരിശോധിക്കും.

എന്ത് ഇടപാട് നടത്തിയാലും വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം. സംസ്ഥാന മന്ത്രിമാർ പദവിയുടെ അന്തസ്സ് പാലിക്കണമെന്നതിനാൽ ഇത്തരം കാര്യങ്ങൾക്കു സർക്കാരിന്റെ പ്രോട്ടോക്കോൾ വിഭാഗം വഴിയാണു ബന്ധപ്പെടേണ്ടത്. വ്യക്തിപരമായി വിളിച്ചു സാധനങ്ങൾ ആവശ്യപ്പെടുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. വാട്‌സാപ്പിൽ നയതന്ത്ര പ്രതിനിധികളുമായി സഹായങ്ങൾ തേടുന്നതും ശരിയല്ല. ഇതും രാജ്യ താൽപ്പര്യത്തിന് വിരുദ്ധമാണ്. ഇതും വിദേശകാര്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രശ്‌നമായതു കൊണ്ട് കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തൂ.

വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്ന കാര്യത്തിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതെല്ലാം പാലിച്ചാണോ ജലീൽ കോൺസുലേറ്റുമായും സ്വപ്ന സുരേഷുമായും ഇടപെട്ടതെന്നും മന്ത്രി ജലീൽ വ്യക്തമാക്കേണ്ടി വരും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ജലീൽ രംഗത്ത് വന്നിരുന്നു. യുഎഇ കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശ പ്രകാരമാണ് താൻ സ്വപ്നയുമായി ബന്ധപ്പെട്ടതെന്ന് ജലീൽ പറഞ്ഞു. അടിയന്തിരമായി വിളിച്ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടെയാണ് കോൺസുലേറ്റുമായുള്ള ചർച്ച പുറത്തു വിട്ടത്.

റംസാനോട് അനുബന്ധിച്ച് യുഎഇയിൽ നിന്നും കേരളത്തിന് ഭക്ഷണ കിറ്റുകൾ ലഭിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെയ് 27 ന് യുഎഇ കോൺസുലേറ്റ് ജനറലിൽ നിന്നും സന്ദേശം ലഭിച്ചു. ലോക് ഡൗൺ ആയതിനാൽ കേരളത്തിലേക്ക് ഭക്ഷണ കിറ്റുകൾ നൽകാൻ കഴിഞ്ഞില്ല. തങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യാൻ താത്പര്യമുണ്ട്. തിരിച്ചും താത്പര്യമുണ്ടെങ്കിൽ അറിയിക്കണം എന്നായിരുന്നു സന്ദേശം. ഭക്ഷണപ്പൊതികൾ കൺസ്യൂമർ ഫെഡിൽ നിന്നും സംഘടിപ്പിക്കാം എന്ന് സന്ദേശത്തിന് മറുപടി നൽകിയെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി സ്വപ്ന താങ്കളുമായി ബന്ധപ്പെടുമെന്നും കൗൺസിൽ ജനറൽ അറിയിച്ചു. തുടർന്നാണ് സ്വപ്നയുമായി സംസാരിക്കുന്നത്. പിന്നീട് 1000 ഭക്ഷ്യ കിറ്റുകൾ കിട്ടി. ഈ കിറ്റുകൾ എടപ്പാൽ, തൃപ്രങ്ങോട് പ്രദേശങ്ങളിൽ വിതരണം ചെയ്തു.

എടപ്പാൾ കൺസ്യൂമർ ഫെഡിൽനിന്നുമാണ് കോൺസുലേറ്റിലേക്ക് ഭക്ഷ്യ കിറ്റുകൾ വാങ്ങിയതിന്റെ ബില്ല് അയച്ചത്. എന്നാൽ കോൺസുലേറ്റിൽ നിന്നും പണം ലഭിച്ചില്ല. തുടർന്ന് പണം നൽകാൻ ആവശ്യപ്പെട്ട് കൗൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടു. ജനറലിന്റെ നിർദ്ദേശ പ്രകാരം പണം അയക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വെളിപ്പെടുത്തൽ എല്ലാം ചട്ട ലംഘനമാണ്. അതാണ് ജലീലിന് പുതിയ കുരുക്കാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP