Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഞാനും ഭർത്താവുമായി നിലനിന്നിരുന്ന വഴക്ക് അവസാനിച്ചു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു; എന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വൈശാഖ് ഇട്ടു: കൃതിയെ ശ്വാസം മുട്ടിച്ച് കൊന്ന് പദ്ധതിയിട്ടത് അതീവ രഹസ്യമായി രക്ഷപ്പെടാൻ തന്നെ; കുണ്ടറയിലെ ഭാര്യയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവിന്റെ സ്വത്തിനോടുള്ള ആർത്തി തന്നെ; ഗൂഢാലോചനയ്ക്ക് തെളിവായി ഭാര്യയുടെ ഫോണിൽ നിന്ന് വൈശാഖ് അയച്ച എസ് എം എസുകരും; കൃതി കൊലക്കേസിൽ വൈശാഖിന്റെ ക്രൂരതകൾക്ക് പുതിയ തെളിവ്

ഞാനും ഭർത്താവുമായി നിലനിന്നിരുന്ന വഴക്ക് അവസാനിച്ചു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു; എന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വൈശാഖ് ഇട്ടു: കൃതിയെ ശ്വാസം മുട്ടിച്ച് കൊന്ന് പദ്ധതിയിട്ടത് അതീവ രഹസ്യമായി രക്ഷപ്പെടാൻ തന്നെ; കുണ്ടറയിലെ ഭാര്യയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവിന്റെ സ്വത്തിനോടുള്ള ആർത്തി തന്നെ; ഗൂഢാലോചനയ്ക്ക് തെളിവായി ഭാര്യയുടെ ഫോണിൽ നിന്ന് വൈശാഖ് അയച്ച എസ് എം എസുകരും; കൃതി കൊലക്കേസിൽ വൈശാഖിന്റെ ക്രൂരതകൾക്ക് പുതിയ തെളിവ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുണ്ടറ മുളവനയിൽ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സംശയം ഉണ്ടാകാതിരിക്കാൻ വൈശാഖ് ഭാര്യ കൃതിയുടെ മൊബൈൽ ഫോണിൽ നിന്നും കൂട്ടുകാരികൾക്ക് വാട്‌സാപ്പ് വഴി വഴി സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്കായി അയച്ചു.

നവംബർ പതിനൊന്നിന് കൊലപാതകത്തിന് ശേഷം ഭർത്താവ് വൈശാഖ് കൃതിയുടെ ഫോണിൽ നിന്നും കൂട്ടുകാരിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതോടെ കരുതി കൂട്ടിയാണ് കൊലയെന്നും വ്യക്തമായി. ''ഞാനും ഭർത്താവുമായി നിലനിന്നിരുന്ന വഴക്ക് അവസാനിച്ചു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വൈശാഖ് ഇട്ടു'', എന്നുമായിരുന്നു സന്ദേശങ്ങൾ. എന്നാൽ സന്ദേശങ്ങളിൽ ദുരൂഹത തോന്നിയ കൃതിയുടെ കൂട്ടുകാരി ബന്ധുക്കളെ വിവരം അറിയിച്ചു.

''സാധാരണ എന്റെ മോള് വോയ്‌സ് മെസ്സേജാ അയക്കാറ്. സന്ദേശങ്ങൾ ടൈപ്പ് ചെയ്ത രീതി വേറെയാ. അതോടെ ആ പെൺകുട്ടിക്ക് സംശയം തോന്നി. നീയെന്താ സംസാരിക്കാത്തേ എന്ന് വോയ്‌സ് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു, അതിന് മറുപടിയില്ല'', കൃതിയുടെ അച്ഛൻ മോഹനൻ പറയുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും വൈശാഖ് സന്ദേശം അയച്ചതായി സമ്മതിച്ചിട്ടുണ്ട്. കൃതിയുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണന്ന് കൃതിയുടെ അച്ഛൻ പറയുന്നു.

''അവൻ പല തവണ മർദ്ദിക്കാറുണ്ടായിരുന്നു. മർദ്ദനം തുടങ്ങിയപ്പോഴാ കൊച്ചിന് ഭയമായത്. അവൻ ഗൾഫിലേക്ക് പോയപ്പോ കൊച്ചിനെ ഇവിടെ കൊണ്ടാക്കിയാ പോയേ. പിന്നെ കൊച്ചങ്ങോട്ട് പോയിട്ടില്ല'', എന്ന് കൃതിയുടെ അച്ഛൻ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. വൈശാഖ് ഇപ്പോൾ റിമാന്റിലാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്.

വഴക്കിനിടയിൽതാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസിനു മൊഴിനൽകിയത്. കൊല നടന്ന ദിവസം വൈകിട്ട് ഏഴിന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും വൈശാഖ് പറയുന്നു. അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങിയത്- വൈശാഖ് മൊഴിയിൽ പറയുന്നു. കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പറയുന്നു.

കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും അയാൾ പറയുന്നു. എന്നാൽ കൂട്ടുകാരിക്ക് അയച്ച മെസേജിലുള്ള സൂചന മറിച്ചാണ്. മാനസികമായി തകർന്ന താൻ പിന്നീട് ഏതു മാർഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. തന്റെ സ്വത്തിന്റെ അവകാശി മകൾ മാത്രമാകുമെന്നും കൃതി ഡയറിയിൽ കുറിച്ചു വച്ചിരുന്നു. അതിനിടെ ഭർത്താവ് കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായുള്ള കൃതിയുടെ കത്ത് പൊലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ മനപ്പൂർവ്വമല്ല കൊലയെന്ന പ്രതിയുടെ വാക്കുകൾ പൊലീസിന് വിശ്വസിക്കാനും കഴിയുന്നില്ല. സ്വത്തിനോടും പണത്തിനോടുമുള്ള ആർത്തിമൂലം വൈശാഖ് തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തിൽ ഉള്ളത്. താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും വൈശാഖിന് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്നും കത്തിൽ വ്യക്തമാക്കന്നു. വൈശാഖുമായുള്ള വിവാഹം തനിക്ക് ദുരിതം മാത്രമാണു നൽകിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്.

നാലു വർഷം മുൻപ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് വൈശാഖുമായി ഫേസ്‌ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. 2018ൽ ഇവർ രജിസ്റ്റർ വിവാഹം നടത്തി. കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങിനെ 9 മാസങ്ങൾക്കു മുൻപ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹ ശേഷം ഗൾഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി 25 ലക്ഷത്തിലധികം രൂപാ വാങ്ങിയതായി കൃതിയുടെ വീട്ടുകാർ പറയുന്നു.

തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് കൃതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ അച്ഛൻ മോഹനനും ഭാര്യ ബിന്ദുവും കണ്ടെത്തിയത്. ഭർത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം രക്ഷപ്പെട്ട ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കൾ വൈശാഖിന് നൽകിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതേത്തുടർന്ന് പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് വൈകീട്ട് മുളവനയിലെ വീട്ടിലെത്തി. വൈശാഖിൽനിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കൃതി അമ്മയെ അറിയിച്ചിരുന്നു. കൃതിയുമൊത്ത് കിടപ്പുമുറിയിൽ കയറിയെങ്കിലും വാതിൽ അകത്തുനിന്ന് അടയ്ക്കാൻ കുടുംബാംഗങ്ങൾ സമ്മതിച്ചില്ല.

രാത്രി 9.30-ഓടെ കൃതിയുടെ അമ്മ അത്താഴം കഴിക്കാനായി ഇരുവരെയും വിളിച്ചു. വാതിൽതുറന്ന വൈശാഖ്, തങ്ങൾ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45-ന് വീണ്ടും മുട്ടിവിളിച്ചു. വാതിൽതുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും വൈശാഖ് പറഞ്ഞെങ്കിലും കാർ സ്റ്റാർട്ടുചെയ്ത് രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP