Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒലീവ് മല' യുടെ മറവിൽ നടത്തിയത് 18 കോടിയുടെ യൂഗോസ്ലോവാക്യൻ കറൻസി ഇടപാട്; 2013 ൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വിലങ്ങണിഞ്ഞപ്പോഴും പൊലീസിന്റെ വിഐ പി പരിഗണന; ജയിലിലേക്ക് പോകുംവഴി ബാർ ഹോട്ടലിൽ സൽക്കാരം; ബിഷപ്പ് യോഹന്നാന്റെ സഹോദരന് അറസ്റ്റ് പുത്തരിയല്ല; കെപി പുന്നൂസ് വീണ്ടും അകത്ത്

'ഒലീവ് മല' യുടെ മറവിൽ നടത്തിയത് 18 കോടിയുടെ യൂഗോസ്ലോവാക്യൻ കറൻസി ഇടപാട്;  2013 ൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വിലങ്ങണിഞ്ഞപ്പോഴും പൊലീസിന്റെ വിഐ പി പരിഗണന; ജയിലിലേക്ക് പോകുംവഴി ബാർ ഹോട്ടലിൽ സൽക്കാരം; ബിഷപ്പ് യോഹന്നാന്റെ സഹോദരന് അറസ്റ്റ് പുത്തരിയല്ല; കെപി പുന്നൂസ് വീണ്ടും അകത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വഞ്ചനാ കേസിൽ അറസ്റ്റിലായ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരൻ കെ പി പുന്നൂസിനെതിരെ ഉയരുന്നത് ഗൗരവ ആരോപണങ്ങൾ. പത്തനംതിട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത വിദേശ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് 2013 ഓഗസ്റ്റിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് തിരുവല്ല പൊലീസാണ് ഇയാളെ പഞ്ചായത്തിൽ നിന്നും കൈവിലങ്ങണിയിച്ചു അഴിക്കുള്ളിലാക്കിയത്. 18 കോടിയുടെ യൂഗോസ്ലോവാക്യൻ കറൻസിയുമായി തിരുനൽവേലി സ്വദേശി ബിമൽ രാജിനെ തിരുവല്ല പൊലീസ് പിടികൂടുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് കെ പി പുന്നൂസിലേയ്ക്ക് വിരൽ ചൂണ്ടിയത്.

2012-13 കാലഘട്ടത്തിൽ ഇവർ വിദേശ പണമിടപാട് നടത്തിവരുന്നതായി പൊലീസ് പറഞ്ഞിരുന്നു. കെ പി പുന്നൂസിന്റെ ഒലീവ് മല എന്ന സംഘടനയുടെ പേരിലാണ് ഇടപാടുകൾ നടത്തിയിരുന്നത്. കെ പി പുന്നൂസിന് നൽകുന്നതിനായാണ് പണം കൊണ്ടുവന്നതെന്ന് വിമൽ രാജ് പൊലീസിനോട് സമ്മതിച്ചിരുന്നു. 50 കോടിയുടെ രണ്ടും 5 കോടിയുടെ ഒന്നും യൂഗോസ്ലാവ്യൻ കറൻസികളാണ് വിമലിന്റെ കയ്യിൽ നിന്നും പൊലീസ് പിടികൂടിയത്. ഇടനിലക്കാരനായി വിമലും കെ പി പുന്നൂസും തമ്മിൽ കമ്മീഷനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവം പുറത്തുവരാൻ കാരണമായത്.

അന്ന് കെ പി പുന്നൂസിന് പൊലീസിന്റെ വിഐ പി പരിഗണന ലഭിച്ചതും ഏറെ വിവാദമായിരുന്നു. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് പത്തനംതിട്ട ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നവഴി മുന്തിയ ബാർ ഹോട്ടലിൽ പുന്നൂസിന് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കിയാണ് കേരളാ പൊലീസ് കൂറ് പുലർത്തിയിരുന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന കെ പി പുന്നൂസിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.

തിരുവല്ലയിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വഴി കോഴഞ്ചേരിയിലെ പാർക്ക് ഹോട്ടലിലാണ് പുന്നൂസിന് ഭക്ഷണം ഒരുക്കിയിരുന്നത്. കോഴഞ്ചേരി നഗരത്തിലെ വൺവേ സംവിധാനത്തെ മറികടന്ന് ഈ ബാർഹോട്ടലിലെത്താൻ പൊലീസിന് നഗരത്തിന് ഒരു പ്രദക്ഷിണം വയ്ക്കേണ്ടി വന്നു. നഗരത്തിലെ പ്രധാന റോഡിന് വശത്ത് മറ്റ് ഹോട്ടലുകളുണ്ടെങ്കിലും വാഹനം പാർക്ക് ചെയ്തിരുന്നത് പൊതുജനം കാണാതിരിക്കുവാൻ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഉള്ള ഹോട്ടലിലേക്ക് പൊലീസ് പ്രതിയുമായി പോകുകയായിരുന്നു. ഇത്തരത്തിൽ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരൻ തട്ടിപ്പിനും വെട്ടിപ്പിനും പേരുകേട്ട ചരിത്രമുള്ള ആളാണ്.

ഇതിനുപിന്നാലെയാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായുള്ള വാർത്തയും ഇപ്പോൾ പുറത്തുവരുന്നത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ മകൾക്ക് സീറ്റ് വാങ്ങിനൽകാമെന്ന് പറഞ്ഞ് കോട്ടയം പുതുപ്പള്ളി സ്വദേശിയിൽനിന്ന് 25 ലക്ഷം തട്ടിയെന്നാണ് കേസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിപരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ നവംബർ 15ന് പുന്നൂസ് ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് തവണകളായി പരാതിക്കാരൻ പണം കൈമാറി എന്ന് പരാതിയിൽ പറയുന്നു. എന്നാൽ എം.ബി.ബി.എസിന് സീറ്റ് ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗമാണ് കെ.പി. പുന്നൂസ്. ഈ പദവി ഉപയോഗിച്ചാണ് പണം വാങ്ങുകയും സീറ്റ് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തതും.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് കെ.പി. പുന്നൂസ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പുറമെ മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിൽ സ്‌പോട്ട് അഡ്‌മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു പുന്നൂസ്. പുന്നൂസ് പറഞ്ഞതിൻ പ്രകാരം മധ്യവയസ്‌കൻ പലതവണയായി 25 ലക്ഷം രൂപ ഇയാൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP