Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കുമേൽ മൊഴിമാറ്റാൻ ഭീഷണിയും സമ്മർദവും; നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്ന് ആവശ്യപ്പെട്ടു; അറസ്റ്റിലായ ജീവനക്കാരനെ രക്ഷിക്കാൻ സഹപ്രവർത്തകരുടെ നീക്കം; ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി യുവതി; അതിജീവിതയ്ക്ക് സുരക്ഷ ഏർപ്പെടുത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കുമേൽ മൊഴിമാറ്റാൻ ഭീഷണിയും സമ്മർദവും; നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്ന് ആവശ്യപ്പെട്ടു; അറസ്റ്റിലായ ജീവനക്കാരനെ രക്ഷിക്കാൻ സഹപ്രവർത്തകരുടെ നീക്കം; ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി യുവതി; അതിജീവിതയ്ക്ക് സുരക്ഷ ഏർപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്കുമേൽ മൊഴിമാറ്റാൻ ഭീഷണിയും സമ്മർദവും. പീഡിപ്പിക്കപ്പെട്ട യുവതിയെ മൊഴി മാറ്റാൻ പ്രതിയുടെ സഹപ്രവർത്തകരായ ജീവനക്കാർ പ്രേരിപ്പിക്കുന്നതായാണ് പരാതി. കേസിൽ അറസ്റ്റിലായ മെഡിക്കൽ കോളേജ് ജീവനക്കാരൻ എം.എം. ശശീന്ദ്രനെ തുടർനിയമ നടപടികളിൽനിന്ന് രക്ഷിക്കാനായാണ് സഹപ്രവർത്തകരിൽ ചിലർ യുവതിയെ ഭീഷണിപ്പെടുത്തിയത്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിലാണുള്ളത്. ഇതുസംബന്ധിച്ച് യുവതി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതിനൽകി.

ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, ദിവസവേതന ജീവനക്കാർ എന്നിവരടക്കമുള്ളവർ മൊഴി മാറ്റാനും നുണ പറയാനും പ്രേരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് ഉൾപ്പെടെയുള്ള പ്രലോഭനങ്ങളുണ്ടാകുന്നു. മോശമായും മാനസികമായി വിഷമമുണ്ടാക്കുന്ന തരത്തിലും സംസാരിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിലാണ് യുവതിയുടെ പരാതി സംബന്ധിച്ച വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്.

നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്നും സി.ആർ.പി.സി.-164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയധികൃതർക്കും നൽകിയ മൊഴി കളവാണെന്നുപറയണമെന്നുമാണ് ഇവർ നിർബന്ധിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇവർ ബുധനാഴ്ച പലവട്ടം യുവതിയെ സമീപിച്ചു. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോർട്ട് നൽകി.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. യുവതിയെ പ്രവേശിപ്പിച്ച മുറിയിൽ ചുമതലപ്പെട്ട ഡോക്ടർമാർ ഉൾപ്പടെയുള്ളവരെയല്ലാതെ മറ്റാരെയും ഇനി മുതൽ പ്രവേശിപ്പിക്കില്ല.

മുറിക്ക് പുറത്ത് വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കും. അനുമതി കൂടാതെ മുറിക്കുള്ളിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ നിയമനടിപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു. ചികിത്സയിൽ കഴിയുന്ന യുവതിക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കും. ദൈനംദിന ആരോഗ്യനില വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുവതിക്ക് എല്ലാചികിത്സയും സൗജന്യമായി നൽകണമെന്നും ദൈനംദിന ആരോഗ്യനില സൂപ്രണ്ടിന് റിപ്പോർട്ടുചെയ്യണമെന്നും സർജറി വകുപ്പുമേധാവിക്കുനൽകിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ വകുപ്പുമേധാവികൾക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലം സൂപ്രണ്ട് വിവരങ്ങൾ കൈമാറുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയക്കുശേഷം ഐ.സി.യു.വിൽ മയക്കത്തിൽ കിടക്കുമ്പോൾ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്.

മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞ് തിരികെ വന്നു. മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർധ ബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP