Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202123Saturday

പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരക്കോടി: ഉടമകൾ മുങ്ങിയതോടെ നഷ്ടപ്പെട്ടത് തിരിച്ചു വാങ്ങി നൽകാമെന്ന് പറഞ്ഞ് അടുത്തു കൂടിയവർ ചോദിച്ചത് 20 ശതമാനം കമ്മീഷൻ: കിട്ടാനുള്ള പണമോർത്ത് 5 ലക്ഷം നൽകി: കോഴഞ്ചേരിയിൽ വനിതാ ഡോക്ടർ രണ്ടു തവണ കബളിപ്പിക്കപ്പെട്ട കഥ

പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരക്കോടി: ഉടമകൾ മുങ്ങിയതോടെ നഷ്ടപ്പെട്ടത് തിരിച്ചു വാങ്ങി നൽകാമെന്ന് പറഞ്ഞ് അടുത്തു കൂടിയവർ ചോദിച്ചത് 20 ശതമാനം കമ്മീഷൻ: കിട്ടാനുള്ള പണമോർത്ത് 5 ലക്ഷം നൽകി: കോഴഞ്ചേരിയിൽ വനിതാ ഡോക്ടർ രണ്ടു തവണ കബളിപ്പിക്കപ്പെട്ട കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വലിയ മിടുക്കരൊക്കെ അങ്ങനെയാണ്. മിക്കവാറും കുഴപ്പത്തിൽ ചെന്ന് ചാടും. തട്ടിപ്പുകാരുടെ വാക്ക് വിശ്വസിക്കുകയും ചെയ്യും. അങ്ങനെ രണ്ടു വട്ടം തട്ടിപ്പിന് വിധേയ ആയിരിക്കുകയാണ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ.

ആദ്യം കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ 50 ലക്ഷം നിക്ഷേപിച്ചു. ഉടമകൾ പണവുമായി മുങ്ങിയതോടെ മനസമാധാനം നഷ്ടമായി. അപ്പോഴാണ് പണം തിരികെ വാങ്ങി നൽകാമെന്ന വാഗ്ദാനവുമായി ഏജന്റുമാർ സമീപിച്ചത്. അവർ തിരികെ കിട്ടുന്ന പണത്തിന്റെ 20 ശതമാനം കമ്മിഷനാണ് ചോദിച്ചത്. ഒന്നും കിട്ടാതെ വരുന്നതിനേക്കാൾ ഭേദമാണല്ലോ ഇതെന്ന് കരുതി ഓഫറിന് തല വച്ചു. ഏജന്റുമാർ കമ്മിഷൻ തുകയിൽ ഒരു വിഹിതം അഡ്വാൻസായി കൈപ്പറ്റി. പിന്നെ അനക്കമൊന്നുമില്ല. രണ്ടു തവണ ഒരേ പോലെ പറ്റിക്കപ്പെട്ട വനിതാ ഡോക്ടർ ആകെ ധർമ സങ്കടത്തിലുമായി.

നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകുന്ന മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ് കൂടുതൽ പലിശ മോഹിച്ച് പോപ്പുലറിൽ കൊണ്ടു പോയി പണം നിക്ഷേപിച്ചത്. കഴിഞ്ഞ വർഷമാണ് വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ആയിരം കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.

ഈ പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. ഇങ്ങനെ നിരവധി നിക്ഷേപകരെ ഏജന്റുമാർ സമീപിക്കുന്നുണ്ട്. അഡ്വാൻസായി ചിലർ പണം നൽകി. അതു പോയി. അവർ മിണ്ടുന്നില്ല. മറ്റു ചിലർ ഇതും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് തല വച്ചില്ല. പോപ്പുലർ തട്ടിപ്പിൽ 50 ലക്ഷം പോയ ആളാണ് വടക്കൻ ജില്ലയിൽ നിന്ന് വന്ന് കോഴഞ്ചേരിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ. ഇവർ ജോലി ചെയ്യുന്ന ആശുപത്രി ഉടമകളുടെ ഫിനാൻസ് സ്ഥാപനത്തിൽ പോലും നിക്ഷേപിക്കാതെയാണ് കൂടിയ ശതമാനം പലിശ മോഹിച്ച് പോപ്പുലറിൽ 50 ലക്ഷം ഇട്ടത്.

പ്രാദേശിക മാനേജരുടെ വാഗ്ധോരണിയിൽ ഡോക്ടർ വീണു പോവുകയായിരുന്നു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് നടത്തി അടച്ചു പൂട്ടിയതോടെ ധർമ സങ്കടത്തിലായ ഡോക്ടറുടെ മുന്നിൽ അവിടെ നിന്ന് പണം തിരികെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു ഏജന്റ് അവതരിച്ചു. ഡോക്ടർ വടക്കൻ ജില്ലക്കാരിയാണെന്ന് മനസിലാക്കി, തൃശൂരിൽ നിന്നെന്നു പറഞ്ഞാണ് പണം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏജന്റുമാർ വന്നത്. നിക്ഷേപകയും ഏജന്റുമാരും തമ്മിൽ കോഴഞ്ചേരിയിൽ ദിവസങ്ങൾ നീണ്ട ചർച്ചക്ക് ഒടുവിൽ ഡീൽ ഉറപ്പിച്ചു.

പോപ്പുലറിൽ നിന്ന് മടക്കി വാങ്ങി നൽകുന്ന തുകയുടെ 20 ശതമാനം ഏജന്റിന് കമ്മിഷന് നൽകണം. പണം തിരികെ വാങ്ങാനായി പോപ്പുലർ നിക്ഷേപത്തിന്റെ രേഖകൾ എല്ലാം ഏജന്റുമാർക്ക് നൽകി. ഇവർ ആവശ്യപ്പെട്ട കടലാസുകളിൽ എല്ലാം ഒപ്പിട്ട് നൽകുകയും ചെയ്തു. പണം തിരികെ അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള വിവരങ്ങളും കൈമാറി. എല്ലാം വിശ്വസിച്ച ഡോക്ടറുടെ പക്കൽ നിന്നും ഇരുപത് ശതമാനം കമ്മിഷന്റെ അഡ്വാൻസും ഇവർ കൈപ്പറ്റി.

പറഞ്ഞ സമയത്തൊന്നും തുക ബാങ്കിലേക്കോ നേരിട്ടോ എത്തിയില്ല. തട്ടിപ്പ് മണത്ത ഡോക്ടർ ഇവരെ തിരക്കി ഇറങ്ങി. അപ്പോഴാണ് ഇതേ സംഘം കോഴഞ്ചേരി, ആറന്മുള, തെക്കേമല അടക്കം ജില്ലയുടെ പല ഭാഗത്ത് നിന്നും ഇത്തരത്തിൽ പണം വാങ്ങിയതായി അറിയുന്നത്. ആദ്യം നിക്ഷേപം നഷ്ടപ്പെട്ടതിന് പുറമേ ഇപ്പോൾ കമ്മിഷൻ അഡ്വാൻസും നഷ്ടമായ സങ്കടത്തിലാണ് വനിതാ ഡോക്ടർ. ആശുപത്രി മാനേജ്മെന്റും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP