Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിക്ഷ തൂക്കുകയർ വരെയെന്ന് അറിയാമോ? ജീവിക്കാൻ അനുവദിക്കണമെന്നും പ്രായമായ മാതാപിതാക്കൾ മാത്രമേയുള്ളൂവെന്ന് പ്രതിയും; കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ നാളെ ശിക്ഷാവിധി; വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും

ശിക്ഷ തൂക്കുകയർ വരെയെന്ന് അറിയാമോ? ജീവിക്കാൻ അനുവദിക്കണമെന്നും പ്രായമായ മാതാപിതാക്കൾ മാത്രമേയുള്ളൂവെന്ന് പ്രതിയും; കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ നാളെ ശിക്ഷാവിധി; വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ നാളെ ശിക്ഷ വിധിക്കും. കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണെന്നും ഇതേക്കുറിച്ച് എന്താണ് ഇരുവരുടെയും അഭിപ്രായമെന്നും കോടതി ചോദിച്ചു. ജീവിക്കാൻ അനുവദിക്കണമെന്നും രണ്ടു സെന്റു വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി ഉമേഷ് പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു. രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണം. വിദേശവനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം പറഞ്ഞു.

376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞു. വെവ്വേറെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു.

ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്‌ത്തിയെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP