Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിംസിനെ തൊട്ടാൽ വിവരമറിയുമെന്ന് പറയുന്നത് വെറുതെ! കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയുടെ ലൈസൻസ് തടഞ്ഞുവച്ചത് ചുണക്കുട്ടികൾ വന്നതോടെ; ലൈസൻസ് പുതുക്കാതെ പഞ്ചായത്ത് ചൊടിച്ചത് പൊതുവഴി കയ്യേറിയുള്ള അഹന്ത കണ്ടിട്ട് തന്നെ; കയ്യേറി സ്ഥാപിച്ചത് ഒരുഭാഗത്ത് ട്രാൻസ്‌ഫോർമറും മറ്റൊരിടത്ത് കാന്റീനും; നാട്ടുകാർ ഇളകിയതോടെ രണ്ടും ഇളക്കിമാറ്റും; ലൈസൻസ് പുതുക്കി നൽകിയാലും അനധികൃത കയ്യേറ്റങ്ങൾക്ക് കിംസിനെ വെറുതെ വിടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി മറുനാടനോട്

കിംസിനെ തൊട്ടാൽ വിവരമറിയുമെന്ന് പറയുന്നത് വെറുതെ! കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയുടെ ലൈസൻസ് തടഞ്ഞുവച്ചത് ചുണക്കുട്ടികൾ വന്നതോടെ; ലൈസൻസ് പുതുക്കാതെ പഞ്ചായത്ത് ചൊടിച്ചത് പൊതുവഴി കയ്യേറിയുള്ള അഹന്ത കണ്ടിട്ട് തന്നെ; കയ്യേറി സ്ഥാപിച്ചത് ഒരുഭാഗത്ത് ട്രാൻസ്‌ഫോർമറും മറ്റൊരിടത്ത് കാന്റീനും; നാട്ടുകാർ ഇളകിയതോടെ രണ്ടും ഇളക്കിമാറ്റും; ലൈസൻസ് പുതുക്കി നൽകിയാലും അനധികൃത കയ്യേറ്റങ്ങൾക്ക് കിംസിനെ വെറുതെ വിടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി മറുനാടനോട്

എം മനോജ് കുമാർ

കോട്ടയം: കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രി പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന ആരോപണം ചൂടുപിടിക്കുന്നു. ലൈസൻസ് ഇല്ലാത്ത ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഇൻഷുറൻസ് സംരക്ഷണം കിട്ടില്ല. അതുകൊണ്ട് ഇവിടെ എത്തുന്ന രോഗികളെ സംബന്ധിച്ച് ചികിത്സ വലിയ പ്രശ്‌നം തന്നെ. കിംസിന്റെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയതോടെയാണ് ലൈസൻസ് തടഞ്ഞുവച്ചതെന്നും സൂചനയുണ്ട്. കിംസിന് ലൈസൻസ് ഇപ്പോൾ ഉണ്ടോയെന്ന മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:

ഏപ്രിലിൽ പുതുക്കാനുള്ള കിംസ് ആശുപത്രിയുടെ ലൈസൻസ് ഇതുവരെ പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ മറുനാടനോട് പറഞ്ഞു. ലൈസൻസ് നൽകുന്നത് ഒരു വർഷത്തേക്കാണ്. ഏപ്രിലിൽ കാലാവധി അവസാനിക്കുന്നതിനാൽ പുതുക്കാനുള്ള എല്ലാ രേഖകളും സഹിതം കിംസ് പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പുതുക്കികൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ ലൈസൻസ് കിംസിന് കൈമാറുമെന്നും പഞ്ചായത്ത് സെക്രട്ടറി മറുനാടനോട് പറഞ്ഞു.

എന്നാൽ, പ്രശ്‌നം അവിടം കൊണ്ടുതീരുന്നില്ല. കിംസിന്റെ അനധികൃത കയ്യേറ്റങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അതെല്ലാം പഞ്ചായത്ത് തിരികെ പിടിക്കുക തന്നെ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ആശുപത്രിയുടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് അയ്മനം പഞ്ചായത്ത് സ്വീകരിക്കുന്നത്. പുതിയ പഞ്ചായത്ത് സെക്രട്ടറി വന്നതോടെയാണ് കിംസിന്റെ കയ്യേറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കിംസ് കയ്യേറിയ പഞ്ചായത്തിന്റെ പൊതുവഴി തിരിച്ച് പിടിക്കാനുള്ള നടപടിയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. കിംസിന് സമീപമുള്ള യാത്രാ വഴി കിംസ് അധികൃതർ സ്വന്തമാക്കി മാറ്റുകയായിരുന്നു. ഇതിനെ തുടർന്ന് വാർഡ് തലത്തിൽ പരാതി വരുകയും പൊതുജനം രംഗത്ത് വരുകയും ചെയ്തതോടെയാണ് പഞ്ചായത്ത് ശക്തമായ നടപടികളുമായി മുന്നോട്ടു വന്നത്.

പൊതുവഴി കയ്യേറിയാണ് കിംസ് ട്രാൻസ്ഫർ സ്ഥാപിച്ചിട്ടുള്ളത്. പൊതുവഴിയിലാണ് ട്രാൻസ്‌ഫോർമർ കിംസിന്റെ നിർദ്ദേശ പ്രകാരം മുൻപ് കെഎസ്ഇബി സ്ഥാപിച്ചത്. ഈ ട്രാൻസ്‌ഫോർമർ മാറ്റി നൽകാൻ കെഎസ്ഇബിക്ക് കത്ത് നല്കിയതിന് പിന്നാലെയാണ് ആളുകളുടെ വഴി തടസ്സപ്പെടുത്താതിരിക്കാൻ നടപടി സ്വീകരിക്കാൻ കിംസ് അധികൃതരോട് പഞ്ചായത്ത് ആവശ്യപ്പെട്ടത്. അതുപ്രകാരം കിംസ് കവർന്നെടുത്ത വഴിക്ക് പകരം താത്ക്കാലിക അടിസ്ഥാനത്തിൽ കിംസിന്റെ സ്ഥലം തന്നെ വിട്ടുകൊടുക്കാനാണ് നിർദ്ദേശിച്ചത്. അത് പ്രകാരം തങ്ങളുടെ സ്ഥലം ആളുകൾക്ക് വഴി നടക്കാൻ വിട്ടുകൊടുക്കാൻ കിംസും സമ്മതിച്ചു. കെഎസ്ഇബി ട്രാൻസ്‌ഫോർമർ കിംസിന്റെ സ്ഥലത്തേക്ക് മാറ്റി താമസിക്കുന്ന കാലയളവ് വരെയാണ് കിംസിന്റെ വഴി ആളുകൾക്ക് സഞ്ചരിക്കാൻ നൽകുക. അതേസമയം ട്രാൻസ്ഫർ മാറ്റി സ്ഥാപിക്കാൻ നിർദ്ദേശിച്ച് പഞ്ചായത്ത് അധികൃതർക്ക് കെഎസ്ഇബി നൽകിയ മറുപടി പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. അത് പക്ഷെ പഞ്ചായത്ത് സമിതിക്ക് മുൻപാകെ വന്നിട്ടില്ല.

അതേസമയം തന്നെ കിംസ് കയ്യേറി കാന്റീൻ നിർമ്മിച്ച പൊതുസ്ഥലവും ഉടനടി പഞ്ചായത്തിന് വിട്ടു നൽകണമെന്ന് പഞ്ചായത്ത് കിംസിനു നിർദ്ദേശം നല്കി. നിലവിൽ പഞ്ചായത്ത് സ്ഥലത്താണ് കാന്റിനിന്റെ ഒരു വശവും കെട്ടിയിരിക്കുന്നത്. ഈ ഭാഗം ഉടനടി പൊളിച്ച് മാറ്റണമെന്നാണ് നിർദ്ദേശം നൽകിയത്. പഞ്ചായത്തിന്റെ രണ്ടു നിർദ്ദേശങ്ങളും ലംഘിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് കിംസ് അധികൃതർ പഞ്ചായത്ത് ആവശ്യപ്പെട്ടപ്രകാരം രണ്ടു കയ്യേറ്റങ്ങളും ഒഴിവാക്കും. സ്ഥലം പഞ്ചായത്തിന് തന്നെ തിരികെ നൽകും.

അതിനിടെ, കോട്ടയം കിംസുമായി ബന്ധപ്പെട്ട കേസുകളും നിയമനടപടികളും പുരോഗമിക്കുകയാണ്. കിംസ് നടത്തിയ ചതിയിൽപ്പെട്ടു വഞ്ചിതനായി തന്റെ സ്വന്തം ആശുപത്രി നഷ്ടമാകുന്നത് വേദനയോടെ കണ്ടു നിയമനടപടികളുമായി കോട്ടയം കിംസിന്റെ ഡയറക്ടറും യഥാർത്ഥ ഉടമയുമായി പ്രവാസി വ്യവസായി ജൂബി ദേവസ്യ മുന്നോട്ടു വന്നതോടെയാണ് കോട്ടയം കിസ് ആരോപണങ്ങളുടെ വിവാദ ഭൂമികയായി മാറിയത്. തുടർന്ന് വിവിധ കേസുകളും നിയമ നടപടികളും കിംസുമായി ബന്ധപ്പെട്ടു ഉയരുകയായിരുന്നു.

ബെൽ റോസ് കിംസ് ആയതോടെ ജൂബി ദേവസ്യ കുടുങ്ങിയ ചതിയുടെ കഥ:

കോട്ടയം കിംസ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കോട്ടയം കിംസ് ബെൽറോസ് ആശുപത്രിയുടെ സംരംഭകനാണ് അമേരിക്കൻ പ്രവാസി വ്യവസായി ജൂബി.എം.ദേവസ്യ. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് പദ്ധതി മുന്നോട്ടു നീക്കിയത്.

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു. നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ ജൂബിയുടെ പരാതിക്ക് പിന്നിലുണ്ട്. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രധാനമന്ത്രിക്ക് വരെ നീളുന്ന പരാതിയും അതുവഴിയുള്ള അന്വേഷണങ്ങളുമൊക്കെയാണ് ഇപ്പോൾ ഈ കേസിൽ നടക്കുന്നതും.

ബെൽറോസ് കിംസിന്റെ കയ്യിൽ എത്തിയപ്പോൾ കിംസ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 43 കോടി വായ്പയെടുത്തു. കിംസ് ആയി മാറിയ ബെൽറോസ് വികസിപ്പിക്കാനാണ് വായ്പ എടുത്തത്. ഈ വായ്പ കോട്ടയം കിംസിൽ വരാതി തിരുവനന്തപുരം കിംസിലേക്കും വിദേശ സംരംഭങ്ങളിലേക്കും ഒഴുകിപ്പോയി എന്നാണ് ജൂബി ദേവസ്യ ആരോപിക്കുന്നത്. ബെൽറോസ് അതേപടി നിന്നപ്പോൾ വായ്പ പുറത്തേക്ക് ഒഴുകിയെന്ന ജൂബിയുടെ പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഏഴിനാണ് കോട്ടയം കിംസിൽ നടത്തിയ തട്ടിപ്പിനും വഞ്ചനയുടെയും പേരിൽ കിംസിന്റെ ഡയറക്ടർമാരായ ഇ.എം.നജീബും, ഡോക്ടർ എം.ഐ.സഹദുള്ള, പ്രമുഖ കാർഡിയോളജിസ്റ്റ് ജി.വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സലിം കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, വി.ജി..മാത്യു എന്നിവരെ ഒന്നുമുതൽ എട്ടുവരെ പ്രതികളാക്കി കോട്ടയം ക്രൈംബ്രാഞ്ച് എഫ്‌ഐആർ ഫയൽ ചെയ്തത്.

കിംസ് ബെൽറോസിന്റെ പേരിൽ 43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഈ തുക കിംസ് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയതിനെ തുടർന്ന് ജൂബി ദേവസ്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹൈക്കോടതിയിലുമായി നല്കിയ ക്രിമിനൽ-സിവിൽ കേസുകളുടെ ബാക്കിപത്രമായാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത്. ക്രിമിനൽ കേസ് ചാർജ് ചെയ്യാൻ കോട്ടയം എസ്‌പിക്ക് ജൂബി പരാതി നൽകിയിരുന്നു. കോട്ടയം എസ്‌പി പരാതി അന്വേഷിച്ചു. റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ നാല് കോടി രൂപയുടെ തിരിമറിയാണ് എസ്‌പിക്ക് ബോധ്യപ്പെട്ടത്. കോട്ടയം കിംസ് കേന്ദ്രമാക്കി നജീബും കൂട്ടരും നടത്തിയ വൻ ചതിയിൽ ഉലഞ്ഞാണ് ജൂബി ദേവസ്യ നജീബിനും ഉന്നതരായ നജീബിന്റെ പങ്കാളികൾക്കെതിരെയും ക്രിമിനൽ-സിവിൽ കേസുകളുമായി നീങ്ങിയത്.

സിവിൽ-ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന കോട്ടയം കിംസിൽ കേസുകൾക്കും നീക്കങ്ങൾക്കും തടയിടാൻ വേണ്ടി കിംസ് ഡയറക്ടറായ ഇ.എം.നജീബ് സ്വതന്ത്ര ഡയറക്ടർ പദവിയിൽ ശ്രീവാസ്തവയെ നിയമിച്ചിരുന്നു. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നിൽക്കുന്ന സിവിൽ ക്രിമിനൽ കേസുകളിൽ താൻ കൂടി പ്രതിയാകും എന്ന അവസ്ഥ മുൻകൂട്ടി കണ്ട് രമൺ ശ്രീവാസ്തവ ഡയറക്ടർ പദവി വിടുകയായിരുന്നു. ഡയറക്ടർ പദവിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന ഈ നിയമനം രണ്ടു മാസം പിന്നിടുമ്പോൾ തന്നെയാണ് രാജിക്കത്ത് നൽകി രമൺ ശ്രീവാസ്തവ പടിയിറങ്ങിയത്. വലിയ ഒരു തട്ടിപ്പിന് കൂട്ട് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന സൂചനകൾ കൂടി രമൺ ശ്രീവാസ്തവയുടെ രാജിക്ക് പിന്നിലുണ്ടായിരുന്നു. കോട്ടയം കിംസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു മുന്നിലുള്ള വലിയ തടസമായിരുന്നു കോട്ടയം കിംസിലെ സ്വതന്ത്ര ഡയറക്ടർ ആയ രമൺ ശ്രീവാസ്തവയുടെ സാന്നിധ്യം. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു കഴിയുന്ന ഒരവസ്ഥകൂടിയാണ് ശ്രീവാസ്തവയുടെ രാജി വഴി സൃഷ്ടിക്കപ്പെട്ടത്.

കിഫ്ബിയുടെ ഓംബുഡ്സ്മാനായത് കിംസ് കേസിലെ പ്രതിയായ സലിം ഗംഗാധരൻ

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സലിം ഗംഗാധരനെ കിഫ്ബിയിൽ ഓംബുഡ്സ്മാനായി നിയമിച്ചത് വിവാദമായിട്ടുണ്ട്. കോട്ടയം കിംസിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ ഏഴാം പ്രതിയാണ് കിഫ്ബി ഓംബുഡ്സ്മാനായി നിയമിച്ച സലിം ഗംഗാധരൻ. കോട്ടയം കിംസിലെ ഡയറക്ടർ ആയിരുന്ന ജൂബി ദേവസ്യ നൽകിയ പരാതിയെ തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് എടുത്ത കേസിലെ ഏഴാം പ്രതിയാണ് സലിം ഗംഗാധരൻ. കിംസ് ബെൽറോസിന്റെ പേരിൽ 43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഈ തുക അതേപടി കിംസ് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയതിനെ തുടർന്ന് ജൂബി ദേവസ്യ നൽകിയ കേസിലെ പ്രതിയാണ് സലിം ഗംഗാധരൻ. പക്ഷെ ഈ കേസിൽ സലിം ഗംഗാധരൻ, വി.ജി..മാത്യു എന്നിവരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്. എഫ്‌ഐആർ റദ്ദ് ചെയ്യാൻ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലും തീരുമാനം വന്നിട്ടില്ല. ഹൈക്കോടതി സ്റ്റേ നൽകിയതുകൊണ്ട് മാത്രമാണ് ഏഴും എട്ടും പ്രതികളിൽപ്പെട്ട സലിം ഗംഗാധരനും മാത്യുവും തത്ക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത്. സ്റ്റേ നീങ്ങിയാൽ അറസ്റ്റ് ഭീഷണിയുടെ നിഴലിൽ കിഫ്ബി ഓംബുഡ്സ്മാനും വരും. കിഫ്ബിയിലെ ചൂണ്ടിക്കാട്ടപ്പെട്ട പദ്ധതികളിലെ അഴിമതികൾ പരിശോധിക്കുകയാണ് ഓംബുഡ്സ്മാന്റെ ദൗത്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP