Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കമ്പി വരിഞ്ഞ് ഷോക്കേൽപിക്കാനുള്ള ബുദ്ധി ഒരു വിദഗ്ധന് മാത്രമേ ഉണ്ടാകൂ എന്ന നിഗമനം എത്തിയത് ബിലാലിൽ'; പെട്രോൾ പമ്പിലെ സിസി ക്യാമറയിൽ പതിഞ്ഞ ദൃശ്യം നിർണായക തെളിവായി; പൊലീസ് നടത്തിയത് മാസ് ഓപ്പറേഷൻ; 48 മണിക്കൂറിനുള്ളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം; തുമ്പുണ്ടാക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പ്രത്യേകം ചോദ്യം ചെയ്തു; അയൽക്കാരനായ ബിലാലിനെ കുടുക്കിയത് പൊലീസിന്റെ സൂപ്പർ ബുദ്ധി; കൊട്ടയത്തെ അരും കൊല തെളിയിച്ചത് രണ്ട് പകൽ മാത്രമെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:  താഴത്തങ്ങാടിയിൽ പാട്ടാപ്പകൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് പൊലീസ് ബുദ്ധിതന്നെ. സി.സി. ടിവീ ദൃശ്യങ്ങളും ഷോക്കേൽപ്പിക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രതിയിലേക്ക് വേഗത്തിൽ അന്വേഷണ സംഘത്തിന് എത്തിച്ചേരാൻ സാധിച്ചതും. കൊലപാതകത്തിന് ശേഷം ഷീബയുടെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറുമായാണ് പ്രതി മുഹമ്മദ് ബിലാൽ കടന്നുകളഞ്ഞത്. എന്നാൽ പിടിക്കപ്പെടില്ലെന്ന് ബിലാൽ കരുതിയെങ്കിലും പെട്രോൾ പമ്പിൽ കുടുങ്ങിയ തന്റെ സി.സി ടിവിദൃശ്യങ്ങൾ തന്നെ പൊലീസിന് തുണയായി.

പ്രതി കൊലനടത്തിയ ശേഷം ഇന്ധനം നിറയ്ക്കാനായി എത്തിയപ്പോൾ ക്യാമറയിൽ പതി്ഞ മുഖം ബിലാലിനോട് സാദൃശ്യം തോന്നി. ഇത് ബിലാലാണ് കൃത്യത്തിന് പിന്നിലെന്ന സംശയം വർധിപ്പിച്ചു.ഇതിന് പുറമേ വീട്ടമ്മയെയും ഭർത്താവ് മുഹമ്മദ് സാലിയെയും ഷോക്കേൽപ്പിക്കാനുള്ള ശ്രമവും പ്രതി ബിലാൽ തന്നെയാണ് എന്ന സംശയം ബലപ്പെടുത്തി. വിദഗ്ധനായ ഒരാൾക്ക് മാത്രമേ ശരീരത്തിൽ കമ്പി ചുറ്റി ഷോക്കേൽപ്പിക്കുക എന്ന ആശയം ഉയർന്നുവരികയുള്ളൂ. ഹോട്ടൽ ജോലി അടക്കം നിരവധി തൊഴിലുകൾ ചെയ്ത് ശീലമുള്ള ആളാണ് ബിലാൽ. പ്ലംബിങ് ,വയറിങ് പോലുള്ള ജോലികൾക്കും ബിലാൽ പോകാറുണ്ട്. ഇതെല്ലാം കൂട്ടിയിണക്കി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

48 മണിക്കൂറിനുള്ളിൽ പ്രതിയിലേക്ക് നിർണായക സൂചന ലഭിക്കാനിടയാക്കിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണം തന്നെയായിരുന്നു.
പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മൂന്നു സിഐ. മാരുടെയും രണ്ടു ഡിവൈ.എസ്‌പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനൽകി.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുൺ, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവർക്കായിരുന്നു നേതൃത്വം.കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനൽ പശ്ചാത്തലമുള്ളവരെ മുഴുവൻ പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.

താഴത്തങ്ങാടി സ്വദേശി തന്നെയായ 23 കാരനായ മുഹമ്മദ് ബിലാൽ ഷീബയുടെ അയൽവാസിയാണ്. അതിനാൽ തന്നെ ഇവർ പരിചയക്കാരാണ്.
മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കോട്ടയം എസ്‌പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷീബയുടെ അയൽവാസിയാണ് ബിലാൽ. അതിനാൽ ഇവർ പരിചയക്കാരാണ്. ഈ പരിചയം മുതലാക്കിയാണ് ബിലാൽ രാവിലെ വീട്ടിൽ എത്തിയത്. മോഷണശ്രമം തടയാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ആദ്യം ഭർത്താവിനെയാണ് ആക്രമിച്ചത്. തുടർന്നാണ് ഷീബയ്ക്ക് നേരെ ആക്രമണം നടന്നത്. ടീപോയ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ ടീപോയി ഒടിഞ്ഞതിനെ തുടർന്ന് ഒടിഞ്ഞ ഭാഗം ഉപയോഗിച്ച് വീണ്ടും ആക്രമിച്ച് മരണം ഉറപ്പാക്കാൻ പ്രതി ശ്രമിച്ചതായി എസ്‌പി പറയുന്നു.

മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. ഷീബയുമായി സാമ്പത്തിക ഇടപാടുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഷീബ കൊല്ലപ്പെട്ട ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ഇതിന് പുറമേ ഷോക്കേൽപ്പിച്ച് കൊല്ലാനുള്ള ശ്രമവും നടത്തിയതായി എസ് പി പറയുന്നു. ഷീബ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ പ്രതി മുറിയിൽ കയറി സ്വർണാഭരണങ്ങൾ കവർന്നു. തുടർന്ന് ഷീബ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും കൈക്കലാക്കി. തുടർന്ന് മുൻവശത്തെ വാതിൽ വഴിയാണ് പുറത്തേയ്ക്ക പോയത്. ഇതിന് മുന്നോടിയായി വീട്ടിനകത്ത് നിന്ന് കാറിന്റെ താക്കോൽ കൈവശപ്പെടുത്തി. മുൻവശത്ത് കിടന്നിരുന്ന വാഗൺ ആർ കാർ എടുത്തുകൊച്ചിയിലേക്ക് പ്രതി കടന്നുകളയുകയായിരുന്നു. ഏകദേശം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്നും എസ്‌പി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ മുഹമ്മദ് ബിലാലിനോടുള്ള സാദൃശ്യമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കൊച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹോട്ടൽ ജീവനക്കാരനാണ് ബിലാൽ. ഇതിന് പുറമേ പ്ലംബിങ് പോലുള്ള പണികളും ചെയ്തിരുന്നു. ഷോക്കേൽപ്പിക്കാൻ കമ്പി ശരീരത്തിൽ ചുറ്റിയത് ഉൾപ്പെടെയുള്ള സംഭവികാസങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദഗ്ധനായ ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് മനസിലായി. ഈ അന്വേഷണം ബിലാലാണ് കൃത്യത്തിന് പിന്നിലെന്ന സംശയം വർധിപ്പിച്ചതായി എസ്‌പി പറയുന്നു.

കുമരകം- വൈക്കം-ആലപ്പുഴ വഴി കൊച്ചിയിലേക്ക് കടന്ന യുവാവിനെ അന്വേഷണത്തിനിടെ പിടികൂടുകയായിരുന്നു. കൊച്ചിയിലേക്ക് വരുംവഴി രണ്ട് പെട്രോൾ പമ്പുകളിൽ പ്രതി കയറിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇന്ധനം നിറയക്കാനാണ് ഇദ്ദേഹം പമ്പിലെത്തിയത്. കോട്ടയം ആലപ്പുഴ അതിർത്തിയിലെ പെട്രോൾ പമ്പിൽവച്ചായിരുന്നു ഇന്ധനം നിറച്ചത്. കേസിൽ കൂട്ടുപ്രതികൾ ഇല്ലെന്നും എസ്‌പി ജയദേവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP