Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ

രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കുടുംബത്തിലെ 7 പേരാണ് കരമന കാലടി ഉമാമന്ദിരം(കൂടത്തിൽ കുടുംബം) എന്ന വീട്ടിൽ 25 വർഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. ജയമാധവൻ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ രണ്ടു ജ്യേഷ്ഠന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് 1991-2017 കാലയളവിൽ മരിച്ചത്. ഇവരെല്ലാം ഗൂഢാലോചനയുടെ ഇരകളാണെന്ന സംശയമുണ്ട്. ഇതിലേക്കാണ് ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന വസ്തുത വിരൽ ചൂണ്ടുന്നത്.

കേസിൽ വഴിത്തിരിവായ ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കാര്യസ്ഥൻ രവീന്ദ്രൻ നായരെ വീണ്ടും ചോദ്യം ചെയ്യും. 2017 ഏപ്രിൽ 2 നാണ് ജയമാധവൻ നായർ മരിച്ചത്. കാടു പിടിച്ച വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിൽ കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ജയമാധവൻ നായർ ഏകനായി കഴിയുകയായിരുന്നു. കട്ടിളപ്പടിയിൽ തട്ടി വീണു പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും തുടർന്നു മരണം സംഭവിച്ചെന്നുമാണു കാര്യസ്ഥൻ മൊഴി നൽകിയത്. ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവർ സുമേഷ്, കള്ളമൊഴി നൽകാൻ രവീന്ദ്രൻ നായർ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പൊലീസിനോടു സമ്മതിച്ചു.

രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി. ഇതു ഫൊറൻസിക് പരിശോധനയ്ക്കു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച ഫൊറൻസിക് റിപ്പോർട്ട് കൊലപാതകം സ്ഥിരീകരിച്ചതോടെയാണു കൊലക്കുറ്റം ചുമത്തിയത്. ഇദ്ദേഹത്തിന്റെ 200 കോടിയോളം വില മതിക്കുന്ന സ്വത്തുക്കൾ മരണശേഷം കാര്യസ്ഥൻ രവീന്ദ്രൻ നായരും അകന്ന ചില ബന്ധുക്കളും ചേർന്നു പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. തുടർന്നു കുടുംബാംഗങ്ങളിൽ ഒരാൾ പരാതിപ്പെടുകയും ഒരു പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്കു പരാതി അയയ്ക്കുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. കൂടത്തായി കേസിനേക്കാൾ വലിയ ഗൂഢാലോചനയാണ് ഇത്. അങ്ങനെ കൂടത്തായിയിലെ ജോളിക്ക് പിന്നാലെ കാലടയിലെ കാര്യസ്ഥനേയും കാലം കുടുക്കുകയാണ്.

ജയമാധവൻ നായരുടെ അസ്വാഭാവിക മരണത്തെ കൊലപാതകമെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഫൊറൻസിക് റിപ്പോർട്ടിൽ ഇടം പിടിച്ചതോടെ ഒരിടവേളയ്ക്കു ശേഷം ഈ വീട്ടിലെ ദുരൂഹമരണങ്ങൾ എല്ലാം സംശയ നിഴലിലാകുകയാണ്. തലയ്‌ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. ജയമാധവൻ നായരുടെ സഹോദരൻ ജയപ്രകാശ് രക്തം ഛർദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.

2017 ഏപ്രിൽ 2ന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻനായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ലെങ്കിലും രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി വിലയിരുത്തി.

ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റി. ആശുപത്രിയിൽ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രൻനായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം പരിശോധിച്ചു.

കൂടത്തായി കൊലപാതക പരമ്പരകളിൽ പൊലീസിന്റെ അന്വേഷണം തുടരുവെയാണ് കൂടത്തിൽ മരണങ്ങലും ചർച്ചയായത്. ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചതിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയതാണ് നിർണ്ണായകമായത്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേയ്ക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എത്തിച്ചേർന്നെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഇവർക്കില്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കുളത്തറയിലെ ഉമാമന്ദിരം കുടുംബത്തിന് കരമനയിലും നഗരത്തിൽ പലയിടത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് പറയുന്നത്. കാലടിയിൽ 6.17 ഏക്കർ സ്ഥലം അടക്കം ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ അനിൽ കുമാർ എന്നയാളാണ് ആദ്യം ഇതിനെ സംബന്ധിച്ച് പരാതി നൽകിയത്. വ്യാജ ഒസ്യത്ത് തയ്യാറാക്കിയാണ് കുടത്തിൽ വീട്ടിലെ സ്വത്ത് തട്ടിയെടുത്തതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു പരാതി.

ക്രൈം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കിയതായി കണ്ടെത്തി. തുടർന്നാണ് പുതിയ അന്വേഷണം നടക്കുന്നത്. മരണമടഞ്ഞവരുടെ ബന്ധുക്കാരിൽ ഒരാളായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതും നിർണ്ണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP