Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോളിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകൾ ലഭിച്ചു; മുസ്ലിം ലീഗ് നേതാവ് മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നു; അഭിഭാഷകനെ ഏർപ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്റെ മൊഴിയും; ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്ന് റൂറൽ എസ്‌പി കെ.ജി സൈമൺ; ജോളിയുടെ ഭർത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോൾ പറയാനാകില്ലെന്നും എസ്‌പി

ജോളിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകൾ ലഭിച്ചു; മുസ്ലിം ലീഗ് നേതാവ് മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നു; അഭിഭാഷകനെ ഏർപ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്റെ മൊഴിയും; ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്ന് റൂറൽ എസ്‌പി കെ.ജി സൈമൺ; ജോളിയുടെ ഭർത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോൾ പറയാനാകില്ലെന്നും എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോൺ രേഖകൾ. അഭിഭാഷകനെ ഏർപ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീൻ പൊലീസിനു മൊഴി നൽകിയിരുന്നു. പൊന്നാമറ്റം വീടിന്റെ തൊട്ടടുത്താണ് ഇമ്പിച്ചി മൊയ്ദീന്റെ വീട്. പൊലീസിന്റെ പിടിയിലാകുന്നതിനു മുമ്പ് ജോളി മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് വേണ്ടി വക്കീലിനെ ഏർപ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കൂടത്തായി കൊലപാതകക്കേസിൽ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണിൽ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരിൽ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏർപ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീൻ പൊലീസിന് മൊഴിനൽകി. ഒരു വക്കീലുമായി താൻ ജോളിയെ സമീപിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിൻ ബ്രദർ വഴി വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീൻ പൊലീസിനോട് പറഞ്ഞിരുന്നതാണ്.

ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ഇമ്പിച്ചി മൊയ്ദീൻ സമ്മതിച്ചിരുന്നു. എന്നാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. എന്തോ പ്രശ്‌നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽ നിന്ന് പറഞ്ഞെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നാണ് ഇമ്പിച്ചി മൊയ്തീന്റെ വാദം.

അതേസമയം ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്നും അറസ്റ്റിലായ മൂന്നു പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നും റൂറൽ എസ്‌പി കെ.ജി സൈമൺ നേരത്തേ വ്യക്തമാക്കിയിരുന്നു. ജോളിയുടെ ഭർത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'പിടിക്കപ്പെടുമെന്നു ജോളി തീരെ പ്രതീക്ഷിച്ചില്ല. പറ്റിപ്പോയി എന്നായിരുന്നു അവർ കൊലപാതകങ്ങളെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. പണം ചെലവിട്ടത് ആർഭാട ജീവിതം നയിക്കാനായിരുന്നു.

ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോൾ പറയാനാകില്ല. പൊലീസ് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോടു പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.'- എസ്‌പി പറഞ്ഞു. തന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാൻ ശ്രമിച്ചെന്നും ജോളിയുടെ വെളിപെടുത്തൽ. വീട്ടിൽ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലർത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോൾ സിലിയേയും കഴിക്കാൻ നിർബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. രണ്ടാംവട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പകൽ മുഴുവൻ ജോളിയെ മാത്രമാണ് വടകര റൂറൽ എസ്‌പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതൽ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP