Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

അന്നമ്മയെ കൊന്നത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തി; ടോം തോമസിനെ വകവരുത്തിയത് കപ്പ പുഴുക്ക് നൽകി; ഭർത്താവിനെ കാലപുരിക്ക് അയച്ചത് ഡിന്നറിൽ ചതിയൊരുക്കി; റോയിയുടെ മരണത്തിൽ സംശയം ഉന്നയിച്ച മാത്യുവിനെ വകവരുത്തിയതും സമാന മാർഗ്ഗത്തിൽ; ആൽഫൈനെന്ന പിഞ്ചു കുഞ്ഞിനെ ഇല്ലായ്മ ചെയ്തത് ഇറച്ചിക്കറിയിലെ വിഷാംശം; കാമുകന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചത് ഡെന്റിസ്റ്റിന്റെ വീട്ടിലെ കാത്തിരിപ്പിനിടയിൽ; കൂടത്തായിയിൽ ജോളി ശത്രുക്കളെ വകവരുത്തിയത് 'അന്ത്യ അത്താഴം' നൽകി!

അന്നമ്മയെ കൊന്നത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തി; ടോം തോമസിനെ വകവരുത്തിയത് കപ്പ പുഴുക്ക് നൽകി; ഭർത്താവിനെ കാലപുരിക്ക് അയച്ചത് ഡിന്നറിൽ ചതിയൊരുക്കി; റോയിയുടെ മരണത്തിൽ സംശയം ഉന്നയിച്ച മാത്യുവിനെ വകവരുത്തിയതും സമാന മാർഗ്ഗത്തിൽ; ആൽഫൈനെന്ന പിഞ്ചു കുഞ്ഞിനെ ഇല്ലായ്മ ചെയ്തത് ഇറച്ചിക്കറിയിലെ വിഷാംശം; കാമുകന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചത് ഡെന്റിസ്റ്റിന്റെ വീട്ടിലെ കാത്തിരിപ്പിനിടയിൽ; കൂടത്തായിയിൽ ജോളി ശത്രുക്കളെ വകവരുത്തിയത് 'അന്ത്യ അത്താഴം' നൽകി!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ ജോളി നടത്തിയത് ആസൂത്രിത കൊലപാതകങ്ങൾ. ഇതിന് സഹായം ചെയ്തവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസിന് ഉറപ്പിക്കാനായിട്ടില്ല. ഏതായാലും ജോളിയുടെ ക്രൂരത കേട്ട് മലയാളി ഞെട്ടുകയാണ്. പിണറായിയിൽ അച്ഛനേയും അമ്മയേയും കുട്ടികളേയും കൊന്ന സൗമ്യയെ വെല്ലുന്ന ക്രൂരത. വഴിവിട്ട ബന്ധത്തിലെ കാമുകനെ സ്വന്തമാക്കാനും സ്വത്ത് തട്ടിയെടുക്കാനും നടത്തിയ ക്രൂരത. 14 കൊല്ലം കൊണ്ടാണ് തന്റെ ലക്ഷ്യത്തിൽ ജോളി എത്തിയത്. 2002ൽ ആദ്യ കൊലപാതകം. 2016ൽ അവസാനത്തേയും. അത് കാമുകന്റെ ഭാര്യയെ. ഇതിന് ശേഷം 2017ൽ കാമുകനായ ഷാജു സ്‌കറിയയെ ജോളി കല്യാണം കഴിച്ചു. എല്ലാം സുഭദ്രമാണെന്ന് കരുതുമ്പോൾ സംശയങ്ങളുമായി റോജോ അമേരിക്കയിൽ നിന്ന് വിമാനം ഇറങ്ങി. സ്വത്ത് തർക്കത്തിലെ പരാതി കൊലപാതകത്തിന്റെ ചുരുൾ അഴിച്ചു.

ആട്ടിൻസൂപ്പ് കഴിച്ചതിന് പിന്നാലെ ചർദ്ദിച്ച് തളർന്ന് വീഴുന്നു. വായിൽ നുരയും പതയും. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. അമ്പത്തിയേഴ് വയസ്സുള്ള അന്നമ്മ തോമസ് മരിച്ചത് 2002ലായിരുന്നു. ടോം തോമസ്‌ കപ്പ പുഴുക്ക് കഴിച്ചതിന് ശേഷം ഛർദ്ദിച്ച് തളർന്ന് മരിച്ചു. വീട്ടിലുണ്ടായിരുന്നത് ജോളി മാത്രം. ജോളിയുടെ വിളി കേട്ട് ഓടിയെത്തിയവർ ടോം തോമസിനെ ആശുപത്രിയിൽ എത്തിച്ചു. വഴിയിൽ വച്ചു മരിച്ചു. 2008ലായിരുന്നു ഈ മരണം. പുറത്തുപോയി വന്നയുടൻ ശുചിമുറിയിലേക്ക് റോ തോമസ് പോകുന്നു. വീട്ടിലുണ്ടായിരുന്നത് ഭാര്യ ജോളിയും മക്കളും. അയൽവാസികളെത്തി വാതിൽ പൊളിച്ച് റോയിയെ പുറത്തെടുത്തു. ഇവിടെ ഉണ്ടായിരുന്നതും ജോളിയും മക്കളും മാത്രമായിരുന്നു. 2010ലായിരുന്നു ഈ മരണം. 2014ൽ ആയിരുന്നു എംഎം മാത്യു മഞ്ചാടിയിലിന്റെ മരണം. ഭാര്യ വീട്ടിൽ പോയതിനാൽ തനിച്ചായിരുന്നു. ഇയാളുടെ തളർന്നു വീഴലും പുറം ലോകത്ത് അറിഞ്ഞത് ജോളിയിലൂടെയായിരുന്നു. അയൽവാസികൾ വീട്ടിലെത്തുമ്പോൾ കണ്ടത് നുരയും പതയും വന്ന് നിലത്ത് കിടക്കുന്ന മാത്യുവിനെ. ആശുപത്രിയിൽ എത്തുമുമ്പ് മാത്യുവിനേയും മരണമെടുത്തു.

സഹോദരന്റെ ആദ്യ കുർബാന ദിവസം രാവിലെ ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിന് പിന്നാലെ ബോധരഹിതയായി ആൽഫൈൻ ഷാജു മരിച്ചു. രണ്ട് വയസ്സായിരുന്നു പ്രായം. 2014ൽ ആയിരുന്നു ഇത്. 2016ലാണ് സിലി ഷാജു മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം താമരശ്ശേരിയിൽ എത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ഡെന്റിസ്റ്റിനെ കാണിക്കാൻ ഇവർ മൂവരും മക്കളും കൂടി പോയി. ഡോക്ടറെ കാണാൻ ഷാജു അകത്തു കയറിയപ്പോൾ സിലിയും ജോളിയും വരാന്തയിൽ കാത്തിരുന്നു. സിലിയുടെ സഹോദരൻ ഇവരെ കാണെത്തി. ഈ സമയം സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണു. വായിൽ നിന്ന് നുരയും പതയും. ആശുപത്രിയിൽ എത്തിക്കുമ്പോഴും സിലിയും മരിച്ചു. ഇതിന് ശേഷം 2017 ഫെബ്രുവരിയിൽ ജോളിയും ഷാജുവും വിവാഹിതരായി. ഇതിനിടെയാണ് ടോം തോമസിന്റെ സ്വത്ത് മുഴുവൻ ജോളി സ്വന്തം പേരിലാക്കിയതും. ഇതിന് ടോം തോമസിന്റെ മറ്റൊരു മകനായ റോജോ ചോദ്യം ചെയ്തതും.

ആറു പേരാണ് മരിച്ചത്. ഇവരുടെ മരണത്തിൽ സയനെയ്ഡിന് പങ്കുണ്ടോ എന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. ചിലപ്പോൾ പൊലീസിന് ശാത്രീയമായി ഇതിന് കഴിഞ്ഞില്ലെന്നും വരും. എന്നാൽ ജോളിയുടെ ഭർത്താവ് റോയി മരിക്കുന്നത് 2011ലാണ്. അന്ന് സംശയത്തെ തുടർന്ന് റോയിയുടെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ്അതിൽ സയനെയ്ഡിന്റെ അളവ് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ അഞ്ചു പേരുടെ മരണത്തിൽ ജോളിയെ നിയമപരമായി കുടുക്കാനായില്ലെങ്കിലും റോയിയുടെ മരണത്തിലെ വിഷം ഭാര്യയെ കുടുക്കും. ഇതിനൊപ്പം വ്യാജ വിൽപത്രം തയ്യാറാക്കിയ കേസും ഊരാക്കുടുക്കാകും. കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ സ്ത്രീ കുറ്റവാളിയായി ജോളി മാറുകയാണ്. ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ എല്ലാ മരണവും കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ്. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി ജോളിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ജൂവലറി ജീവനക്കാരനായ ബന്ധുനേയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു. സിലിയുടെ ഭർത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകൾ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നു.

മൂന്നുപേർ പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങൾ നടന്നിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ആറു പേരുടേയും മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറഞ്ഞു. ചെറിയതോതിൽ സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകിയാണ് കൃത്യം നടത്തിയതെന്ന് ജോളി സമ്മതിച്ചതായിട്ടാണ് സൂചന. മൃതദേഹം പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നൽകിയതിന് പിന്നാലെയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിക്കൊപ്പം കൃത്യത്തിൽ ഒപ്പം നിന്ന സയനൈഡ് നൽകിയ ആളെക്കുറിച്ചും വ്യാജ വിൽപ്പത്രം തയ്യാറാക്കാൻ സഹായിച്ച ആളിലേക്കും അന്വേഷണം നീങ്ങിയേക്കും. വീടും പരിസരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

മരണത്തിന്റെ നാൾവഴി

2002 സെപ്റ്റംബർ 22: ടോം തോമസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ (57)മരിച്ചു. ആട്ടിൻസൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടായി മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാൽ ആർക്കും സംശയം തോന്നിയില്ല

2008 സെപ്റ്റംബർ 26: ടോം തോമസ്(66) സമാനരീതിയിൽ മരിച്ചു. ഛർദിയെത്തുടർന്നായിരുന്നു മരണം

2011 ഒക്ടോബർ 30: ടോം തോമസിന്റെ മൂത്തമകൻ റോയി തോമസ്(40)മരിച്ചു. മരണം ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലുള്ളവർ പറഞ്ഞെങ്കിലും ചിലർ സംശയമുന്നയിച്ചതിനെത്തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. സയനൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതിൽ കോടഞ്ചേരി പൊലീസ് കേസെടുത്തെങ്കിലും കൂടുതൽ അന്വേഷണം ഉണ്ടായില്ല

2014 ഏപ്രിൽ 24: അന്നമ്മയുടെ സഹോദരനും അയൽവാസിയുമായ എം.എം. മാത്യു (67) മരിച്ചു. മറ്റുള്ളവരെ പോലെത്തന്നെ അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മരിച്ചത്.

2014 മെയ്‌ 1: ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി രണ്ടുദിവസം കഴിഞ്ഞപ്പോൾ മരിച്ചു.

2016 ജനുവരി 11: ഷാജുവിന്റെ ഭാര്യ ഫിലി (43)മരിച്ചു. പിന്നീട് റോയിയുടെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP